Monday 7 March 2016

കുളവാഴകള്ക്കിടയിലെ കാട്ടുചേമ്പിന് പഴങ്ങള്-ഓര്മ്മ(19)




എരുമമൂട്ടകളുടെ പടയേറ്റം
മനുഷ്യന്‍റെ സാമ്പത്തികമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി,മനുഷ്യധീയില്‍ നിന്നുടലെടുക്കുന്ന പരിഹാരങ്ങള്‍
എത്രമാത്രം പര്യാപ്തമാണ്.അല്ലെങ്കില്‍ അവയെ സമഗ്രമാക്കുവാനുള്ള സാംസ്ക്കാരികവും,ആത്മീയവുമായ ശേഷി ഉള്ളവയാണോ നമ്മുടെ രാഷ്ട്രീയ ചിന്താപദ്ധതികള്‍....പ്രകൃതിയുടെ ഭാഷയെ അവര്‍ എങ്ങനെയാണ്, ജീവിതത്തിന്‍റെ രണ്ടറ്റവും തേടുന്ന സാധാരണ മനുഷ്യനുവേണ്ടി പരിഭാഷയാക്കുന്നത്.....
റബര്‍തോട്ടത്തിനുമാത്രം പരിചിതമായ ഒരു കീടം..
ഒരു ഷഡ്പദ ജീവി...അവയ്ക്കിടയിലെ  അസ്പൃശ്യന്.അതാണ് എരുമമൂട്ട....കറുത്തനിറമാണോ അതിന് ആ പേരുകിട്ടാനിടയായതെന്നറിയില്ല.,.പഴയകാലത്തെ വലിയ പോലീസ് ബസ്സിനെ ഓര്‍മ്മിപ്പിക്കുന്നതാണ് അതിന്‍റെ രൂപഘടന...റബര്‍മരങ്ങള്‍ പൂക്കുന്ന കാലങ്ങളില്‍,പൂക്കളില്‍ നിന്നും വിരിഞ്ഞിറങ്ങിയ എരുമമൂട്ടകള്‍,സന്ധ്യാവേളകളില്‍ മനുഷ്യാവാസങ്ങളിലേക്ക് കൂട്ടമായി പറന്ന് പടയേറ്റം നടത്തി..
വിളക്കുകള്‍ അണച്ച്,തകരപ്പാട്ടകള്‍ കൊട്ടി അവയെ പിന്‍തിരിപ്പിക്കുക എന്ന വിദ്യ ഞങ്ങളുടെ മാതാ-പിതാക്കള്‍ അനുഭവത്തിലൂടെ അറിഞ്ഞിരുന്നു.ആ ജീവികളുണ്ടാക്കുന്ന ആരോഗ്യപരമോ,പാരിസ്ഥിതികമോ ആയ പ്രശനങ്ങളില്‍ വ്യാകുലരാകാതെ ഞങ്ങള്‍ കുട്ടികള്‍ ഈ പാട്ടകൊട്ടല്‍ ഒരാഘോഷമാക്കി...റബര്‍ക്കോലുകള്‍ കൊണ്ടുള്ള കൊട്ടല്‍ സംഗീതാത്മകമാക്കാനും ഞങ്ങള്‍ മല്‍സരിച്ചുപോന്നു...തകരപ്പാട്ടകളുടെ സംഗീതത്തില്‍ വഴിമാറിപ്പറന്ന അവ സ്കൂളിന്‍റെ
മച്ചുകളില്‍,സ്കൂളിലെ ബഞ്ചിന്‍റെയും,ഡസ്കിന്‍റെയും വിടവുകളില്‍,അവിടെനിന്നും,മയില്‍പ്പീലികള്‍ പ്രസവിക്കാത്ത ഞങ്ങളുടെ പുസ്തകത്താളുകളില്‍ സുഷുപ്തിയിരുന്നു..അവയുടെ രൂക്ഷഗന്ധമാര്‍ന്ന വെളുത്ത സ്രവം.പുസ്തകത്താളുകളിലും,ഞങ്ങളുടെ ദേഹത്തും തവിട്ടുനിറത്തിന്‍റെ ചില അടയാളങ്ങള്‍ പതിപ്പിച്ചിട്ടു....എന്തായിരുന്നിരിക്കാം അതിന്‍റെയര്‍ത്ഥം..പ്രകൃതിയുടെ നാനാത്വത്തെ,അംഗീകരിക്കാത്ത രാഷ്ട്രീയ വികസനചിന്തകളോടുള്ല ഒരോര്‍മ്മപ്പടുത്തല്‍..????

കൊച്ചുമനുഷ്യരുടെ പ്രകൃതിയിലേക്കുള്ല ഉണര്‍ച്ചയ്ക്ക് ഒരടയാളമിടല്‍.????...ഇന്നത്തെ വളരെ വളരെ വൈകിയ ഒരു തിരിച്ചറിവ്...മാപ്പര്‍ഹിക്കാത്തതും...

No comments:

Post a Comment