Sunday 14 February 2016

കുളവാഴകള്ക്കിടയിലെ കാട്ടുചേമ്പിന് പഴങ്ങള്(ഓര്മ്മ-18)


കിണറുകള്

ഏതാണ്ട് എല്‍-ആകൃതിയില്‍ കിടന്ന,ഞങ്ങളുടെ ക്വാര്‍ട്ടേഷ്സിനെ,എല്‍- എന്ന അക്ഷരത്തിന്‍റെ ലംബത്തേയും,
സമാന്തരത്തേയും പകുത്ത്കൊണ്ട്സ്വല്‍പ്പം ഉയര്‍ന്നഭാഗത്തായിട്ടായിരുന്നു കിണര്‍.പൈപ്പ് വെള്ളം വരുന്നതിന് മുന്‍പ് ഈ കിണറായിരുന്നു കുടിവെള്ളത്തിനായി ഏക ആശ്രയം.ആ കിണര്‍ ഞങ്ങളെ അപ്പുറത്ത്കാരെന്നും ഇപ്പുറത്ത്കാരെന്നും വിഭജിച്ചു നിര്‍ത്തി.കിണറിന് തൊട്ടുതാഴെ വലിയതോടും,അപ്പുറത്തെ ക്വാര്‍ട്ടേഴ്സിന് താഴെ ഏത് മഴയത്തും കലങ്ങാതെ കുഞ്ഞ്തോടും ഒഴുകി.കിളിത്തട്ട് കളിയില്‍,ഒളിച്ച്കളിയില്‍,മലവെള്ളത്തില്‍ പുഴയാവുന്ന വലിയതോട്ടിലെ മുങ്ങാംകുഴിയിട്ട് കളിയില്‍ എവിടെയും ഞങ്ങള്‍ അപ്പുറത്തുകാരും ഇപ്പുറത്തുകാരുമായി സ്വയംവിഭജിച്ച് നിന്നു.തോട്ടത്തിന്‍റെ സംസ്ക്കാരം എപ്പോഴും അങ്ങനെയായിരുന്നു.കുറേക്കൂടി വിശാലമാകുമ്പോളത് പോസ്റ്റാഫീസ്കാരനെന്നും, ഫാക്ടറിക്കാരനെന്നും,എ&എഫ്കാരനെന്നും ഒക്കെയാകുമായിരുന്നെന്ന്മാത്രം.ദൈവം ഉപേക്ഷിച്ചവരോ,ദൈവത്തെ ഉപേക്ഷിച്ചവരോ എന്നറിയില്ല ഞങ്ങളുടെ മാതാപിതാക്കള്‍ അന്ന് ദരിദ്രരും,ഒറ്റപ്പെട്ടവരും,ആത്മീയമായി ഏകാന്തരും ആയിരുന്നു...അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്ന്കൊണ്ട് ഞങ്ങളെക്കരുതി അവര്‍ എത്രമാത്രംവ്യാകുല പ്പെട്ടിരിക്കും...റബറെന്ന ഒറ്റമരസംസ്കൃതിയില്‍ ഉണ്ടായി വളര്‍ന്നവരുടെ ഗതിയെന്താകുമെന്ന് അവര്‍ ഓര്‍ക്കാതെ ഓര്‍ത്തിട്ടുണ്ടാകണം....ഒരുപ്രത്യയശാസ്ത്രവും അത് കാണാന്‍ മാത്രം കെല്‍പ്പുള്ളതായിരുന്നില്ല...കിണറിന് എല്ലാം അറിയാമായിരുന്നു....എന്‍റെ നാട്ടിലെ നീര്‍ച്ചാലുകള്‍,തോട്ടത്തിനായി മുറിയ്ക്കപ്പെടാതെ നിന്ന ഒറ്റമരങ്ങള്‍,തോടിന്‍ വക്കത്തെ ചെളിയില്‍ പുതഞ്ഞ് നിന്ന കുളവാഴകള്‍,കാട്ട്ചേമ്പുകള്‍,,,അധികം അകലത്തല്ലാതെ നിന്ന് മോഹിപ്പിച്ച കുന്നിന്‍ ചെരിവുകള്‍....പാറക്കൂട്ടങ്ങള്‍.....അവര്‍ എല്ലാം അറിയുന്നുണ്ടായിരുന്നു...ത്യജിക്കപ്പെട്ട ഒരു ജനതയുടെ മക്കളെച്ചൊല്ലിയുള്ള പറയാത്ത വേദനകള്‍....ഇന്നാണ് ഞാനത് തിരിച്ചറിയുന്നത്...എവിടെപ്പോയിട്ടായാലും സൂര്യാസ്തമയത്തോടെ ഞങ്ങള്‍ ആ കിണര്‍ വക്കത്ത് ഒത്ത് ചേര്‍ന്നു..ഒരിക്കലും,വറ്റാത്ത കലങ്ങാത്ത കിണര്‍...എന്നും ഇളം തണുപ്പുള്ള ജലം...രണ്ടുബക്കറ്റ് വെള്ളം വീതം തലയിലേക്ക് കോരിയൊഴിച്ച്,കാലുകള്‍ കിണറിലേക്കിട്ട്,കിണറിന് ചുറ്റുമായി ഞങ്ങളിരുന്നു..നിര്‍ദ്ദോഷമായകളിയാക്കലുകള്‍,സൌഹൃദഭാഷണങ്ങള്‍,,,,ജലത്തിന്‍റെ തണുപ്പേറ്റ് വാങ്ങിയ കിണറിന്‍റെ കരിങ്കല്‍കെട്ടും,നിറയെ വളര്‍ന്ന്നിന്ന പന്നല്‍ച്ചെടികളും..അവയില്‍ നിന്ന് കണങ്കാലില്‍ പടര്‍ന്ന ആ തണുപ്പ്,റബ്ബറിനിടയില്‍ നഷ്ടപ്പടാതെ നിന്ന ഒറ്റമരങ്ങളില്‍ നിന്ന്, നീരൊഴുക്കില്‍ നിന്ന്,കുന്നിന്‍ ചെരിവുകളില്‍ നിന്ന് വന്നതാകണം....അവിടെ ഞങ്ങള്‍, അപ്പുറത്തുകാരും,ഇപ്പുറത്തുകാരുമല്ലാതായി,പോസ്റ്റാഫീസുകാരും,ഫാക്ടറിക്കാരും,എ&എഫ്കാരും,അല്ലാതായി,,,ഹിന്ദുവും,ഇസ്ലാമും.ക്രിസ്ത്യാനിയും അല്ലാതായി,,,എന്‍റെ നാട്ടിലെ എല്ലാക്കിണറുകളും...ആകാശങ്ങളോട്,കൈവിട്ട ദൈവങ്ങളോട് പരിഭവങ്ങളുടെ പരിമളതൈലം നിറച്ച വെണ്‍കല്‍ഭരണികളായി...ഇന്ന് മറ്റൊരു നാടിനും അവകാശപ്പെടാനാവാത്തവിധം
ലോകമെങ്ങുമുണ്ട് എന്‍റെ പ്ലാന്‍റേഷന്‍ സഹോദരങ്ങള്‍....
.അന്‍റോണിയോഫിഗാഫെറ്റയോടൊപ്പം ഒരു സ്വപ്നാടനത്തില്‍ കസാന്‍ദ്സാക്കീസിന്‍റെ കുഞ്ഞുമീനിനെ ഞാനും കണ്ടു.ഏതുകനത്തവര്‍ഷത്തിലും,ഏത് കൊടും വേനല്‍ മഴയിലും,കലങ്ങാത്ത എന്‍റെ കുഞ്ഞ്തോട്ടിലെ ഒരു പൂച്ചുട്ടിമീന്‍,അത്,പായല്‍പുരണ്ട ഒരു ഉരുളന്‍കല്ലിനെ ചുംബിച്ചുകൊണ്ട് ദൈവത്തോട് കലഹിക്കുന്നു..ദൈവമേ നീ ഉപേക്ഷിക്കപ്പെട്ടവന്‍റെ,ദുര്‍ബലന്‍റെ,പരാജിതന്‍റെ,ഒപ്പം നില്‍ക്കുക,അതാണ് ദൈവത്തിന്‍റെ അടയാളം,അതുമാത്രമാണ് ദൈവത്തിന്‍റെ അടയാളം,,, ആ മീന്‍കുഞ്ഞിന് പത്മനാഭേട്ടന്‍റെ മുഖമായിരുന്നു...നമുക്കായി എല്ലാം തന്ന്

അവസാനകാലത്ത് കടുകുളങ്ങരയിലെ ലക്ഷം വീട്ടില്‍ കിടന്ന്,ആരാലും തിരിഞ്ഞ്നോക്കപ്പെടാതെ മരണപ്പെട്ട 
എ  എഫിലെ  സഖാവ് പത്മനാഭേട്ടന്‍റെ അതേ മുഖം,,,,,