Sunday 22 June 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ (ഏഴ്)


തേന്‍കൂടുകള്‍ കായ്ച്ചുലഞ്ഞചീനിമരം.........

റിസര്‍വ്വ് വനത്തിനുനടുവിലെ പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്ത്,റബ്ബര്‍ കൃഷിയും

അനുബന്ധസൌകര്യങ്ങളുമായി മനുഷ്യ നിര്‍മ്മിതമായ ഒരു ആവാസവ്യവസ്ഥ.
മനുഷ്യബുദ്ധിയുടെ ഏകതാനതമായ ലോകം.പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക് അതിനെ മറികടക്കേണ്ടതുണ്ടായിരുന്നു.ആ ഏകതാനതയ്ക്കുള്ളിലും,പുറത്തുമായി ഒളിഞ്ഞ പ്രകൃതിയുടെ
വൈവിധ്യത്തെ,മുതിര്‍ന്നവര്‍ക്ക് മനസ്സിലാക്കാനാവാത്ത ഉള്‍ചോദനയാല്‍ തിരയുകയും.....അവയെ ഞങ്ങളുടേതായ ചിന്തകള്‍ക്കൊണ്ട് കണ്ടെടുക്കുകയും ചെയ്തു.
മഴ നനയരുത്...”  , നിറഞ്ഞൊഴുകുന്ന തോട്ടില്‍ കുളിക്കരുത്..”,  
കാട് കയറരുത്.... മുതിര്‍ന്നവര്‍ അവരുടേതായഭാഷയില്‍, ഭാവിയുടേതായ ലോകത്തില്‍,കാലത്തില്‍ ജീവിക്കുന്ന ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു….എന്നാല്‍.......
ക്വാര്‍ട്ടേഷ്സിന് മുകളിലെ കിളിക്കാട് മലയില്‍ തട്ടി ചിതറിവീണ മഴയെ ഞങ്ങള്
ശരീരത്തിലും,മനസ്സിലും ഏറ്റുവാങ്ങി.....നിറഞ്ഞ്പുഴയായൊഴുകുന്ന തോടിന്‍റെ ആഴങ്ങളിലെ
കൌതുകങ്ങള്‍ തേടി ഊളിയിട്ടു.... ആകാശങ്ങളില്‍ നിന്നും വന്ന മഞ്ഞയും,ചുവപ്പും കലര്‍ന്ന പോക്കുവെയിലിന്‍റെ  നിഗൂഡവഴികളിലൂടെ ജീനുകളിലെ  ജന്‍മ-ജന്‍മാന്തരങ്ങളുടെ തരിതരിപ്പറിഞ്ഞു...കാടുകളിലലഞ്ഞ്  ആദിമമായ തണുപ്പുകളുടെ  ഗര്‍ഭസ്ഥസുഖങ്ങളനുഭവിച്ചു....
അങ്ങനെയങ്ങനെ ഞങ്ങള്‍ അക്കാലത്തെ നാട്ടിന്‍ പുറത്തെ കുട്ടികളില്‍ നിന്നും വ്യത്യസ്ഥരായി...ആ അതികാല്‍പ്പനിക കാലത്തിന്‍റെ ഓര്‍മ്മകളിലെ മാന്ത്രികയാഥാര്‍ത്യമായി  ഒരു ചീനിമരമുണ്ട്......
ഞങ്ങളുടെ താമസസ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ നടന്നാല്‍  എരുമത്തടം എന്ന
സ്ഥലത്തെത്താം.മെറ്റല്‍ പാകിയ വഴിയിലൂടെയുള്ള യാത്രയ്ക്കിടയില്‍  അവിടെയെത്തും മുന്‍പ് തന്നെ നാലോളം ചെറിയ അരുവികളിലെ സ്നാനം കഴിഞ്ഞിരിക്കും.റബ്ബര്‍ എസ്റ്റേറ്റ് അവസാനിക്കുന്നിടത്ത് ഒരു വലിയ ചെരിഞ്ഞ പാറയുണ്ട്.അതിന്‍റെ ചരിവിലൂടെ വനത്തിനുള്ളിലേക്ക് നടന്ന് കയറാം...കയറി ചെല്ലുന്നിടത്ത്തന്നെ നിരനിരയായി നില്‍ക്കുന്ന ധാരാളം മുളങ്കൂട്ടങ്ങളാണ്.....
അവയ്ക്കിടയിലൂടെ നൂഴ്ന്ന്കയറി ചെന്നാല്‍ ഓടപ്പഴവള്ളികളുടെ ഒരു കൂടാരമാണ്.
ഇവ നിറയെ തുടുത്ത് മഞ്ഞിച്ച ഓടപ്പഴങ്ങള്‍ ഞാന്നു കിടക്കും...അവയുടെ രുചിയാസ്വദിച്ചാവും പിന്നത്തെ യാത്ര....
വീണ്ടും നുഴഞ്ഞ്ക്കയറിക്കയറി മുന്നോട്ട്      പോകുമ്പോഴാണ്     ഭൂമിയിലെ മഹാത്ഭുതമായി
ആ ചീനിമരം....അതിബലിഷ്ഠങ്ങളായ വേരുകള്‍ നീട്ടിപടര്‍ത്തി,പത്ത് പേര്‍ ചുറ്റും കൈകോര്‍ത്താല്‍ പിടികൊടുക്കാതെ.....ആകാശങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ട്...ഉന്നതിയിലേക്ക്നില്‍ക്കുന്നത്...മലര്‍ന്ന്കിടന്നാലെന്ന വണ്ണം തല ചെരിച്ച് ആകാശത്തേയ്ക്ക് പോകുന്ന ചീനിമരത്തെ  നോക്കിയാല്‍ ആ മാന്ത്രികക്കാഴ്ച്ച കാണാം...ശിഖരങ്ങളില്‍ നിറയെ കായ്ച്ചുലഞ്ഞ് കിടക്കുന്ന വന്‍കാട്ടുതേനീച്ചക്കൂടുകള്‍.....വേരുകളില്‍ തട്ടിവീഴാതെ ചുറ്റും നടന്ന്
ഞങ്ങള്‍ എണ്ണും...ഒന്ന്...രണ്ട്........മുപ്പത്തിരണ്ട്....ഇടയ്ക്ക് കാല്‍തട്ടി വീണ് എണ്ണം തെറ്റും..വീണ്ടും
ഒന്ന്...രണ്ട്....പക്ഷേ അത്യുന്നതികളിലേയ്ക്ക് കണ്ണെത്താതെ  കുഴഞ്ഞുപോകും...അന്‍പതിലധികം വരെ എണ്ണിയതോര്‍മ്മയുണ്ട്...
 എന്നാല്‍ സഹോദരജീവികള്‍ക്ക് സ്വയം ഭവനമാകുന്ന വലിയധര്‍മ്മം നിറവേറ്റുന്നു എന്ന
അറിവുപോലും ത്യജിച്ചുകൊണ്ട്... നിര്‍മമനും,നിര്‍ഗ്ഗുണനുമായി ധ്യാനത്തിലാണ്ട് നിലകൊണ്ടു ആ സസ്യബുദ്ധന്‍....ആ പിതാമഹന്‍റെ ധ്യാനധ്വനിയെന്നവണ്ണം,
തൊട്ടുമുകളിലായി ഏതുകാലത്തും പൊട്ടിയൊഴുകുന്ന ഒരു ജല പ്രവാഹവുമുണ്ട്.....
അക്കാലത്തെ എന്റെ നാട്ടിലെ നല്ലവരും,നിഷ്ക്കളങ്കരുമായ നാടന്‍വാറ്റുകാര്‍....അമൃതസമാനമായ നാടന്‍വാറ്റ് ഉണ്ടാക്കിയിരുന്നത് ഈ ജലത്തില്‍നിന്നുമാണ്.....
.നഗ്നനായി ഭൂമിയോട് നെഞ്ചൊട്ടി കിടക്കുന്ന തണുപ്പാണ് ആ ഓര്‍മ്മകള്‍ക്ക്..........


.


                                                                                                                                                            

Sunday 8 June 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(ആറ്)




മനസ്സൊഴിയാതെ......
ശ്രീദേവിടീച്ചര്‍.




അക്കാലത്തെ സ്കൂള്‍ അധ്യാപകരെല്ലാംതന്നെ ഉത്തമ മാതൃകകളായിരുന്നു.രാമകൃഷ്ണന്‍ മാസ്റ്റര്‍‍,
സരസ്വതിടീച്ചര്‍,അജയന്‍മാഷ്,ഗോപിമാസ്റ്റര്‍,കൃഷ്ണന്‍മാഷ്..തുടങ്ങിയവര്‍...അവിടെ രൂപംകൊണ്ട് വരുന്ന  ഒരു പ്ലാന്‍റേഷന്‍പ്രോട്ടോടൈപ്പ് സമൂഹത്തോട്
വളരെ സര്ഗ്ഗാത്മകമായി സംവദിച്ചവര്‍.ബൌദ്ധികമായി വേറിട്ടും,ആത്മീയമായി അവരോടോപ്പവും ജീവിച്ചവര്‍...
വ്യക്തമായ രാഷ്ട്രീയദിശാബോധമുണ്ടായിരുന്നവര്‍.....

എന്നാല്‍ എന്‍റെ മനസ്സ് ഒരുമുള്ളുവേലിയില്‍ കുടുങ്ങി വിങ്ങി നോവുന്നത്
ശ്രീദേവിടീച്ചറുടെ ഓര്‍മ്മകളിലാണ്...ആറാംക്ലാസ്സിലെ അധ്യയനത്തിന്റെ
ഇടയിലെപ്പോഴോ ആണ് ടീച്ചര്‍ സ്കൂളിലെത്തുന്നത്.അന്ന് മുതല്‍ ഞങ്ങളുടെ ടീച്ചറുമായി....
ഞങ്ങളുടെ കുട്ടിക്കുറുമ്പുകളെ,പഠനവിമുഖതകളെ, ടീച്ചര്‍ കാവ്യാത്മകമായ
മാതൃഭാവത്താല്‍      നിര്മ‍ലമാക്കി....കാസ്സ്മുറി ആയിരം ഇതിഹാസകഥാപാത്രങ്ങള്‍ പൂത്തിറങ്ങിയ മറ്റൊരു സൌരപഥമായി....
ഓരോ കുട്ടിമനസ്സിലും,സിദ്ധാര്‍ത്ഥനും  ,ജീസ്സസും,കൃഷ്ണനും,മുഹമ്മദും
അവരവരുടേതുമാത്രമായ മൂല്യങ്ങളായി.....കണക്കും,ഇംഗ്ലീഷും,ഹിന്ദിയും മറ്റും  ഞങ്ങള്‍ക്ക് ബാലിയേറും  മലകളായി....
ചിലപ്പോള്‍ ടീച്ചര്‍ ഞങ്ങളെ പറയന്‍റെ കുന്നിന്‍റെ അങ്ങേച്ചരുവില്‍
അലയാന്‍ അനുവദിക്കുന്ന പൂതമായി.......ചിലപ്പോള്‍ ആഴമേറിയ മുലപ്പാല്‍ സമുദ്രം നീന്തി വന്ന് ഞങ്ങളെ വീണ്ടെടുക്കുന്ന വെറുമൊരമ്മയായി....
ഞങ്ങള്‍ നചികേതസ്സിനേയും,പ്രോമിത്യൂസിനേയും,അഥീനിയേയും സ്വപ്നം
കണ്ടുറങ്ങി....
പക്ഷേ ഒരു ദിവസം അന്നാദ്യമായി ചിരിയില്ലാത്ത മുഖവുമായി ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നു.....അലസമായി എങ്ങോട്ടോ നോക്കി ടീച്ചര്‍ പറഞ്ഞു...
എനിയ്ക്ക് സ്ഥലം മാറ്റമാണ്...,പതിനൊന്നരയുടെ ബസ്സിന് പോകണം....
ആരേയും നോക്കാതെ ടീച്ചര്‍ പെട്ടെന്നുതന്നെ ഇറങ്ങിപ്പോയി...
പതിനൊന്നരയുടെ ബസ്സിന് പോകാന്‍ തിരിഞ്ഞ്നോക്കാതെ നടന്നുപോകുന്ന ടീച്ചറെ സ്കൂള്‍ വരാന്തയില്‍,
 നിരന്ന് നിന്ന് ഞങ്ങള്‍ യാത്രയാക്കി...
"ടീച്ചര്‍ എന്തിനാണ് പോയത് ?"....."ടീച്ചര്‍ എങ്ങോട്ടാണ് പോയത്?..".
താഴത്തെ സ്കൂളിന്‍റെ വരാന്തയില്‍ തൂണില്‍ കൈതാങ്ങി ക്കൊണ്ട്   ഒരു ആറാം ക്ലാസ്സുകാരന്‍ ഇപ്പോഴും നില്‍പ്പാണ്......

തൂണില്‍ തീയുടെ ചൂട് പടര്‍ന്ന് തുടങ്ങുന്നു.......