Monday 28 April 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍.......,




കാലടിപ്ലാന്‍റേഷന്‍ ഓര്‍മ്മ (രണ്ട്)

ആദ്യം ആ ഓര്‍‍മ്മകളുടെ രാഷ്ട്രീയത്തിന് ഞാന്‍ തീ കൊളുത്തുന്നു....

വൈകുന്നത് വരെ പണിയായുധമായി ഉപയോഗിച്ച മണ്‍‍വെട്ടി,കഴുകിയെടുത്ത്,
കാട്ടുകല്ലുകള്‍ വെച്ച് തീര്‍ത്ത അടുപ്പില്‍  പാത്രമാക്കി, ഉപ്പ് ചേര്‍ത്ത് കലക്കിയ മൈദ കൊണ്ട് ഭക്ഷണം ഉണ്ടാക്കി  കഴിച്ച് ജീവിതം തുടങ്ങിയ അച്ചനമ്മമാരുടെ മക്കളാണ് ഞങ്ങള്‍.ഏറെക്കുറെ,ആ നാടിനോടൊപ്പം ജനിച്ച്,ആ നാടിനോടൊപ്പം വളര്‍ന്ന് സ്വോഭാവിക പ്രവാസം വരിച്ച ഒരു തലമുറ.
അക്കാലത്തെ ഒരു മാതൃകാ കേരളീയ ഗ്രാമത്തില്‍ ഉണ്ടായിരുന്ന യാതൊരു ബിംബങ്ങളും,ഈ ഓര്മ്മകളുടെ ചിതയില്‍ കണ്ടേക്കില്ല. മനോഹരങ്ങളായ നെല്‍പ്പാടങ്ങള്‍,വിശുദ്ധജലം നിറഞ്ഞ പുഴകളും,കുളങ്ങളും, കയ്യാലകളിലെ പച്ചപ്പായല്‍ മണം പുരണ്ട പ്രണയാര്‍ദ്രങ്ങളായ നാട്ടിടവഴികള്‍‍,തെങ്ങ്,കവുങ്ങ്,മാവ്,പ്ലാവ്, പുരാതനങ്ങളായ ആരാധനാലയങ്ങള്‍,അങ്ങനെ ഒന്നും തന്നെ.

റബ്ബര്‍....റബ്ബര്‍ മരങ്ങള്‍ക്കിടയിലെ ക്വാര്‍ട്ടേഴ്സ്...ക്വാര്‍ട്ടേഴ്സിന് തൊട്ട് താഴെയായി ഒഴുകുന്ന മനോഹരമായ ഒരു തോട്.......ഓര്‍മ്മകളില്‍  ഒരു പുഴ തന്നെയാണത്....
ഒരു കിലോമീറ്ററിനുള്ളില്‍ നിബിഡമായ റിസര്‍വ്വ് വനങ്ങള്‍,ആ വനാന്തരങ്ങളില്‍,തോട്ടിന്‍ വക്കുകളില്‍,
അലഞ്ഞ് തീര്‍ത്ത,ഞൊട്ടാഞൊടിപ്പഴവും,മുട്ടിത്തൂറിപ്പഴവും,ഓടപ്പഴവും,നെല്ലിക്കയും,,,തേന്‍കൂടുകളും തേടി, ബാല്യത്തിന്‍റെ നിഷ്കളങ്കസമൂഹമായി.നൊമാഡുകളെപ്പോലെ അലച്ചിലിന്‍റെ പ്രാക്തനസുഖമറിഞ്ഞ, മാതളച്ചാറൂറുന്ന ആ ഓര്‍മ്മകള്‍.... അലച്ചിലുകള്‍ക്കിടയിലെ പിണക്കങ്ങള്‍,....അടിപിടികള്‍....പൊടുന്നനെതന്നെയുള്ള സ്നേഹക്കൂടലുകള്‍....
അങ്ങനെ ലോകത്തിലൊരിടത്തും ഇല്ലാത്ത ഭൂമിശാസ്ത്രപരവും,സാമൂഹ്യവുമായ സാഹചര്യങ്ങളില്‍
ആണ്ട് കിടന്നു....ഞങ്ങളുടെ കുട്ടിക്കാലം....
വേനലില്‍ വറ്റി ചെറുതായ തോടിന്‍റെ ഓരങ്ങളിലെ നനവില്‍,കുളവാഴകള്‍,ആര്‍ത്ത് വളര്‍ന്ന് നില്‍ക്കുന്നുണ്ടാവും.ഇടതൂര്‍ന്ന കുളവാഴകള്‍ക്കിടയില്‍,അവിടവിടെയായി കാട്ട്ചേമ്പിന്‍കൂട്ടങ്ങള്‍
കൂട്ടമായി വളര്‍ന്ന് നില്‍ക്കും...നിറയെ അതീവരുചിയുള്ള  പഴങ്ങള്‍ പഴുത്ത് തുടുത്ത്
കിടക്കുകയാവും....കുട്ടിക്കൂട്ടങ്ങള്‍ ഓടിയലച്ച്.......ചേറില്‍നിന്ന് ചേറിലേക്ക്....കാല്‍ പറിച്ചെടുത്തെടുത്ത്....
ഏറ്റവും മിടുക്കന്‍മാര്‍ കാട്ടുചേമ്പിന്‍കൂട്ടത്തിനടുത്തെത്തി,ചേമ്പിന്‍പഴങ്ങള്‍ പറിച്ചെടുക്കും...
ചേറില്‍പുതഞ്ഞ കാലുകള്‍ പറിച്ചെടുക്കുമ്പോള്‍ മൂക്കിലേക്ക് അടിക്കുന്ന ചെളിയുടെ സുഗന്ധം.....
കൈക്കലാക്കിയ ചേമ്പിന്‍പഴത്തില്‍ നിന്ന്    ഒരു കഷണം...അടര്‍ത്തിയെടുത്ത് അതിന്‍റെ ആദിമമായകാട്ടുരുചിയാസ്വദിച്ച്,....ബാക്കിയുള്ളത്  കരയില്‍ നില്‍ക്കുന്ന അശക്തര്‍ക്ക്
എറിഞ്ഞ് കൊടുക്കും.......അവരത് പങ്ക് വെയ്ക്കും....ആ പങ്ക് വെയ്പ്പിന്‍റെ രാഷ്ട്രീയവും,അതിന്‍റെ
ആത്മീയതയുമാണ് എന്‍റെ നാടിന്‍റെ പുണ്യം......ഞാനിതാ ആ പുണ്യത്തെ മനസ്സിന്‍റെ അബോധങ്ങളില്‍ നിന്ന് പറിച്ചെടുത്ത് ചിതയില്‍ വെയ്ക്കുന്നു.... തീ കൊളുത്തുന്നു..........



Tuesday 22 April 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍....(ഒന്ന്)

                                                     ഓര്‍മ്മകളുടെ ചിത...

                                                                  (കാലടിപ്ലാന്‍റേഷന്‍-പ്രവാസ ഓര്‍മ്മ)

ഇത് ഓര്‍മ്മക്കുറിപ്പുകളല്ല. ഓര്‍മ്മകള്‍ക്ക് ചിതയൊരുക്കലാണ്....
സൂര്യതുല്യമായ ഊര്‍ജ്ജം തരുന്ന ഓര്‍മ്മകളുടെ ചിത...
ഏതൊരു ചിതയും പോലെ ഇതുമൊരിക്കല്‍ കത്തിയമര്‍ന്നേ പറ്റൂ..
ഒരൊറ്റ വ്യത്യാസം മാത്രം..കത്തിതീര്‍ന്നിടത്ത് ഇതവസാനിക്കും...
മറ്റൊരാളിന്‍റെ ഓര്‍മ്മകളിലേക്ക് ഒരിക്കലും നീളാതെ..
അതോടെ എന്‍റെ ഭൂതകാലവും എന്നന്നേയ്ക്കുമായി അവസാനിച്ചേക്കും..
എന്‍റെ എന്നവാക്ക് ഉപയോഗിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക..
അത്രയ്ക്കും ഈഗോ നിറഞ്ഞ ഈ വാക്ക് ഈ ചിത കത്തി തീരുവോളം
നിലനിന്നേക്കും.
1960-കളില്‍ ഒരു കേരളസര്‍ക്കാര്‍ പ്രോജക്ടിന്‍റെ ഭാഗമായി രൂപംകൊണ്ടതാണ് കാലടിപ്ലാന്‍റേഷന്‍.മനുഷ്യാധ്വാനത്തിന്‍റെ ഒരു മഹാ സിംഫണി.അറുപതുകളിലെ കേരളീയദാരിദ്ര്യം ആവശ്യപ്പെട്ട നന്‍മയിലും,കൂട്ടായ്മയിലും രൂപം കൊണ്ടത്...വിയര്‍പ്പിന്‍റെ പഞ്ചഭൂതഗന്ധം ഊറുന്ന നാട്.അവിടെ ജനിച്ച് വളര്‍ന്ന് സ്വോഭാവിക പ്രവാസം വരിച്ച  തലമുറകള്‍ക്കായി ഈ ചിതയിലെ കനല്‍ കൈമാറുന്നു..
എല്ലാം അവസാനിപ്പിച്ചേക്കുക...
ഓര്‍മ്മകളാണ് മനുഷ്യന് ചുമക്കാന്‍ ഏറ്റവും പ്രയാസമേറിയത്...




Sunday 20 April 2014

ഇനി എല്ലാം മറന്നേക്കൂ പ്രിയപ്പെട്ട മാര്‍ക്വേസ്....




ഇനി എല്ലാം മറന്നേക്കൂ പ്രിയപ്പെട്ട  മാര്‍ക്വേസ്...
ഓ.വി.വിജയന്‍ കാത്തിരിപ്പുണ്ട്...


അല്ലെങ്കിലും ആ മഹായാത്രയ്ക്കുള്ള തയ്യാറെടുപ്പില്‍ തന്നെ,
എല്ലാം മറന്ന് കളഞ്ഞവനാണല്ലോ നീ..
മറന്നേക്കുക, ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത ലാറ്റിനമേരിക്കന്‍ വിപ്ലവത്തിന്,
നീ വാഗ്ദാനം ചെയ്ത ആ പത്ത്  ലക്ഷം ഡോളര്‍.
അന്‍റോണിയോ പിഗോഫെറ്റയെന്ന മുതുമുത്തശ്ശനില്‍ നിന്ന് നീ പകര്‍‍ന്നാടിയ,
മാന്ത്രികയാഥാര്‍ത്യങ്ങളെ...
ഞങ്ങള്‍ ഖസാക്കിന് പകരം വെച്ച മക്കൊണ്ടയെ....
അള്ളാപ്പിച്ചാ മൊല്ലാക്കയുടെ ഭ്രമാത്മകതകള്‍ക്ക് പകരം  വന്ന,
ജിപ്സിയെ...മെല്‍ക്കിയഡ്സിനെ....
മൈമുനയുടെ പ്രണയത്തിനും, രതിക്കും പകരമായി നീ തന്ന,
റെമഡിയോസിന്‍റെ മാദക ഗന്ദങ്ങളെ....
എല്ലാം മറന്നേക്കുക.....
ഇനി ലോകം ഏകാന്തമത്രേ..
ഒരുപേമാരിയിലും,കൊടുങ്കാറ്റിലും
എല്ലാം ഒടുങ്ങുവോളം....
വിട....
സര്‍പ്പശുദ്ധമായ മഴയില്‍‍ കുതിര്‍ന്നവനെ,
ആല്‍മരമായി പരിവര്‍ത്തിപ്പിച്ചവന്‍, പ്രിയന്‍ ഓ.വി.വിജയന്‍,
കാത്തിരിപ്പുണ്ട്,,,
ലോകത്തിന്‍റെ കണ്ണുനീരിന് തികച്ചും,അര്‍ഹര്‍‍...
വിട....മഹാനുഭാവ.....