Wednesday, 21 May 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ (അഞ്ച്)

കാ‍ല്‍പ്പനികതയുടെ  അന്ത്യം...

ഏതാണ്ട് പതിനായിരം ഹെക്ടറോളം സ്ഥലത്ത്  നിറഞ്ഞ് കിടന്നിരുന്ന ഒരു മഹാസ്ഥാപനമാണ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കാലടി ഗ്രൂപ്പ്.ദൂരെ നിന്നും ഉള്ള കുട്ടികളെ സ്കൂളിലെത്തിക്കാന്‍ അതിനാല്‍ തന്നെ കോര്‍പ്പറേഷന്‍ വക സ്കൂള്‍ ബസ്സ് ഉണ്ടായിരുന്നു.പ്ലാന്‍റേഷനോട് ചേര്‍ന്ന് കിടക്കുന്ന നാട്ടിന്‍പ്രദേശങ്ങളിലെ കുട്ടികളും, പ്ലാന്‍റേഷന്‍ സ്കൂളിലാണ് അന്ന് പഠിച്ചിരുന്നത്. അവരില്‍ പ്രധാനികളും,പ്രമാണികളും,പാണ്ടുപാറ
ദേശക്കാരായിരുന്നു.

ഞങ്ങളുടെ ക്വാര്‍ട്ടേഷ്സ് സ്കൂളിനടുത്തായിരുന്നതിനാല്‍ നടന്നുപോകാവുന്ന വഴി മാത്രം.
പാണ്ടുപാറ എന്ന  "മക്കൊണ്ട "യില്‍ നിന്നും വരുന്ന അവസാനട്രിപ്പ് സ്കൂള്‍ബസ്സും നോക്കി അക്ഷമയോടെ
ഞങ്ങള്‍ നില്‍ക്കും. പാണ്ടുപാറ ബസ്സില്‍ നിന്നും മക്കൊണ്ടയിലെ ജിപ്സിക്കുട്ടികള്‍ നിരനിരയായി ഇറങ്ങിവരും,അവര്‍ കൊണ്ടുവരുന്ന അമ്പഴങ്ങാപ്പഴവും,ബംബ്ലൂസ്നാരങ്ങയും,ജാതിക്കാതൊണ്ടും,
നീലനിറമാര്‍ന്ന വലിയ മഷിത്തണ്ടുകളും, വാങ്ങാനായി വീടുകളില്‍ നിന്ന് നാണയത്തുട്ടുകള്‍ കിട്ടിയ ഭാഗ്യവാന്‍
മാര്‍ മല്‍സരിച്ചാര്‍ക്കും....................
പിന്നെ ഉച്ചയുടെ ഇടവേളയില്‍ ഐസ്കാരന്‍റെ മണിയടിയൊച്ചകേള്‍ക്കാന്‍ പാണ്ടുപാറക്കാര്‍ കാത്തിരിക്കുമ്പോള്‍, അവരുടെ സൌഹൃദം നേടാനായി ഞങ്ങള്‍ മല്‍സരിക്കും....കോലയിസിന്‍റെ പങ്കിനായി......

സ്കൂള്‍ബസ്സില്‍ കയറാന്‍ കഴിയാത്ത ഞങ്ങള്‍ ബസ്സില്‍ വരുന്ന കുട്ടികളെ അസൂയയോടെ നോക്കിനിന്നു...
ബസ്സ് ഡ്രൈവര്‍മാരായ പരമേശ്വരന്‍നായരും,നാരായണന്‍നായരും,ഡ്രൈവിംഗ് അറിയാത്ത കിളി നാണുനമ്പ്യാരും,ഞങ്ങളുടെ ആരാധനാപാത്രങ്ങളായി.......ഉയരം കുറഞ്ഞ് വെളുത്ത് ചുവന്ന,പരമേശ്വരന്‍നായര്‍,
എന്ന സുന്ദരനായ ഡ്രൈവര്‍ അതിവേഗത്തില്‍ ബസ്സ് ഓടിച്ച്,ഞങ്ങള്‍ക്ക് വീരപുരുഷനായി......
വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന് സമീപത്തെ ബസ്സ് സ്റ്റാന്‍റിനോട് ചേര്‍ന്ന കൊടുസ്സു മുറിയില്‍ മൊബൈല്‍ റീ-ചാര്‍ജ്ജ്കൂപ്പണ്‍ വിറ്റ് ജീവിക്കുന്ന പരമേശ്വരന്‍നായരെ ഞാന്‍ കണ്ടു.
അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും,കാലടിപ്ലാന്‍റേഷന്‍ എന്ന് കേട്ടപ്പോള്‍ ആ കണ്ണുകളില്‍,വാര്‍ദ്ധക്യത്തെ മറികടക്കുന്ന തിളക്കവും,ആര്‍ദ്രതയും......
"ഞങ്ങളൊക്കെ പോരുമ്പോ പി.എഫ്.പെന്‍ഷന്‍ തൊടങ്ങീട്ടില്ല....അതോണ്ട് അതും കിട്ടണില്ല..പഞ്ചായത്തീന്നെങ്ങാനും ഒരു പെന്‍ഷന്‍ തര്വാക്കാന്‍ കഴിയോ" ......?
ബാല്യകാല ആരാധന വേദനയായി മനസ്സില്‍ നിറഞ്ഞു.....
എന്നാല്‍ പരമേശ്വരന്‍നായര്‍ ഒറ്റയ്ക്കായിരുന്നില്ല
പ്ലാന്‍റേഷന്‍കോര്‍പ്പറേഷനെന്ന പെരിയ പൊതുമേഖലാ സ്ഥാപനത്തെ കെട്ടിപ്പടുക്കുന്നതിനായി,കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ യുവത്വം.
മണ്ണെണ്ണപ്പാട്ട ഇരുവശവും തുളച്ച്,,കോലിട്ട് അടുപ്പത്തേറ്റി, കഞ്ഞിവെച്ച്....
ചാണകപ്പുളിയും,മുളക്ചുട്ടതും കൂട്ടി, പച്ചവെളിച്ചെണ്ണയില്‍ ചാലിച്ച്,കയിലിന്‍റെ കണകൊണ്ടിളക്കി കറിയാക്കി, ഒരേപാത്രത്തില്‍ നിന്ന് കഴിച്ചവരെന്ന് സാക്ഷൃം പറഞ്ഞവര്‍....തൊഴിലാളിയെന്നും,മേസ്തിരിയെന്നും,മാനേജരെന്നും,ഭേദമില്ലാതെ ജീവി ച്ചവര്‍....
അന്നൊരാള്‍ തൊപ്പിക്കുടവെച്ചാല്‍ ഒരായിരം തല ചോടെയെത്തുമായിരുന്നത്രേ....
പൊതുവായദാരിദ്രൃത്തിന്‍റേയും,ഭൂമിശാസ്ത്രപരമായ പരിമിതികളുടേയും,അതിന്‍റെ ഉപോള്‍പ്പന്നമെന്നവണ്ണം വന്ന തെളിമയാര്‍ന്ന ഇടതുപക്ഷസംഘബലത്തിന്‍റേയും,നൈതികതയില്‍ ജീവിച്ചവര്‍....ഒടുവില്‍ വന്നിടങ്ങളിലേയ്ക്ക് തന്നെയോ.....മറ്റെങ്ങോട്ടൊക്കെയോ...ചിതറി അവസാനിച്ച നിസ്വരും,നിരാലംബരുമായ ജനപഥമായി.......ആര്‍ക്കാണ് പിഴച്ചത്....എവിടെയാണ് പിഴച്ചത്.....അറിയില്ല.....
എങ്കിലും,അവര്‍ രൂപപ്പെടുത്തിയതും,അവരെ രൂപപ്പെടുത്തിയതുമായ ഒരു ആദ്യകാല പ്ലാന്‍റേഷന്‍
സമൂഹത്തിന്‍റെ  ചാറ്റല്‍മഴനനവുകള്‍ മനസ്സില്‍ കരുതുന്ന കാലത്തിന്‍റെ പുറമ്പോക്കിലായ പ്രിയ കാര്‍ണോന്‍മാരെ...ആത്മരക്തംപുരണ്ട കണ്ണീര്‍പ്രണാമം... വിട ..ഞാനിതാ കൊള്ളിവെയ്ക്കുന്നു....








No comments:

Post a Comment