Monday, 19 May 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(നാല്)



കത്തിയൊടുങ്ങട്ടെ.....മിത്തുകള്‍.......








ഉപ്പ് മാവ് പുരയുടെ മുകള്‍‍ഭാഗത്തേയ്ക്ക് റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ,10-ാ ബ്ളോക്ക് എന്ന സ്ഥലത്തേയ്ക്കുള്ള നടവഴിയാണ്.അതിന്‍റെ ഒരുകൈവഴി താഴെ ഇടത്തേയ്ക്ക് തിരിഞ്ഞ് 9-ാം ബ്ളോക്കിലേക്ക് പോകുന്നു.ഏതാണ്ട്  ഈ വഴികള്‍ക്കും,ഉപ്പ്മാവ്പുരയ്ക്കും മുകളിലായി ഒരുപാറക്കൂട്ടമാണ്.വലുതും ചെറുതുമായ ധാരാളം പാറകള്‍ചേര്‍ന്ന് രുപംകൊണ്ടത്.അവയ്ക്കിടയില്‍ അങ്ങിങ്ങായി  പെരു, വട്ട, എന്നിവയുടെ ഇടത്തരം മരങ്ങള്‍ വളര്‍ന്ന് നില്‍പ്പുണ്ട്. ഈ പാറക്കൂട്ടം പ്രേതങ്ങളുടെ വാസകേന്ദ്രമാണ്.അതിനാല്‍ കുട്ടികളായ ഞങ്ങള്‍‍ അങ്ങോട്ട് പോകാറില്ല.അത്കൊണ്ട്തന്നെ വട്ടമരങ്ങളെല്ലാം ഇലകളാല്‍ സമൃദ്ധങ്ങളായിരുന്നു.അവിടെ പഠിക്കുവാനെത്തുന്ന ഓരോകുട്ടിയുടെ മനസ്സിലും,ഗുപ്തമായ ഈ പ്രേതഭയം പാരമ്പര്യമായി പകര്‍ന്ന് നല്‍കപ്പെട്ടു.ഇന്നും റോഡിലൂടെ യാത്രചെയ്യുമ്പോള്‍,ആ ഭാഗത്തെത്തുമ്പോള്‍, അറിയാതെ പ്രതങ്ങളെ തേടി ആ   പാറക്കൂട്ടത്തിലേക്ക് നോക്കിപോകുന്നു. . അവയുടെ വിശുദ്ധ-ഭയം നിറഞ്ഞ ഇടം അതേ നിലയില്‍ തന്നെ മനസ്സിലുണ്ട്...  

9-ാ ബ്ളോക്കിലേയ്ക്ക് പോകുന്ന വഴിയോട്ചേര്‍ന്ന് അതി ഗംഭീരനായ ഒരു ആനപ്പാറയുണ്ട്.തൊട്ട് താഴെയായി പരന്ന് വിശാലമായ മറ്റൊരു പാറയും..പാറകള്‍ക്കും, സ്കൂള്‍ഗ്രൌണ്ടിനും ഇടയിലായി ഒരു ചെറിയ കുറ്റിക്കാടാണ്.ആ പാറകളും.കുറ്റിക്കാടും ഞങ്ങളുടെ കളിത്തൊട്ടിലായി. വര്‍ഷത്തില്‍ പുല്ല് വളര്‍ന്ന് നില്‍ക്കുന്ന ഗ്രൌണ്ട് പച്ചപ്പിന്‍റെ ഒരു പരവതാനിക്കാഴ്ചയാണ്.പഠനത്തിന്‍റെ ഇടവേളകളില്‍ ഇവിടെ  ഒട്ടുപാല്‍, ന്യൂസ് പേപ്പറില്‍ ചുറ്റി ഉണ്ടാക്കുന്ന പ്രത്യേകതരം പന്തുപയോഗിച്ചുള്ള, ഞങ്ങളുടെ  പ്രാകൃതഫുട്ബോള്‍ അരങ്ങേറി വന്നു.  

താഴത്തെ സ്കൂളിന്‍റെ  റോഢിനോട് ചേര്‍ന്നുള്ള കെട്ടിടഭാഗങ്ങളുടെ ഏക ഇടനാഴി വഴി പുറത്തേയ്ക്ക് കടക്കുമ്പോള്‍,ഇഞ്ചമുള്‍ക്കാടുകള്‍ വലയം തീര്ത്ത സുന്ദരമായ ഒരു വെണ്ണക്കല്‍ പാറയുണ്ട്.സ്കൂളിന്‍റെ മധ്യഭാഗത്ത്നിന്ന് നേരെ താഴെയായി ഒഴുകുന്ന തോട്ടിന്‍വക്കില്‍ ചെറിയൊരു കാട് തീര്‍ത്ത് കൊണ്ട് വലിയൊരു  ചേര്മരം, അനേകം ശിഖരങ്ങള്‍ ആകാശങ്ങളിലേക്ക് നീട്ടി ഉയര്‍ന്ന് നിന്നു.
പക്ഷേ അവിടെ ഞങ്ങള്‍ കുട്ടികള്‍ക്ക് വിലക്കാണ്.....
ചേര് തീണ്ടിയാല്‍ താണി തൊഴുവേണ്ടി വരും, നിഗൂഢമായ ഈ വിലക്കില്‍ ആ മഹാ വൃക്ഷവ്യക്തിത്വത്തിന്‍റെ പച്ചപ്പുകളില്‍ ഒന്ന് തൊടാന്‍ കൊതിച്ച്....കൊതിച്ച്.....ദൂരെ നില്‍പ്പാണ് എന്റെ ബാല്യ-കൌമാരങ്ങള്‍....ഇവിടെയായിരിക്കാം ഒരുപക്ഷേ, ഞങ്ങളുടെ പാരിസ്ഥിതിക ബോധാകാശങ്ങളുടെ ആദ്യ തുറവികള്‍.......ആ നനവില്‍ ചവിട്ടിനിന്നുകൊണ്ടാകണം....ഞങ്ങള്‍  എല്ലാറ്റിനേയും കരുണയുടെ സമഭാവനയില്‍ കാണാന്‍ പഠിച്ചത്....
കീടങ്ങളെ.....മണ്ണിരയെ....ശലഭത്തെ....പക്ഷികളെ.....സസ്യ-മൃഗജാലങ്ങളെ.....കൂട്ടത്തില്‍ മാത്രം മനുഷ്യനേയും...
ഞാനിതാ ആ ചിതയിലേക്ക് എണ്ണ പകരുന്നു.....

കത്തിയൊടുങ്ങട്ടെ....... ഈ മിത്തുകള്‍......

No comments:

Post a Comment