Sunday, 11 May 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-(മൂന്ന്)





പ്ലാന്‍റേഷന്‍ ഓര്‍മ്മ-മൂന്ന്








ഞാനിതാ ആ ഉപ്പ്മാവ്പുരയ്ക്ക് തീ കൊളുത്തുന്നു.......


പ്രായം കൊണ്ട് ഭൂമിയിലെ ചെറിയ 
ഇടമായ എന്‍റെ നാടിനും,അതിന്‍റേതായ
മിത്തുകളുണ്ട്........
കാലടിപ്ലാന്റേഷനിലെ ഏറ്റവും പ്രധാനപ്പെട്ടസ്ഥലമാണ് പോസ്റ്റാഫീസ്ജംഗ്ഷന്‍.പോസ്റ്റാഫീസിനെകൂടാതെ,സ്കൂള്‍,റേഷന്‍കട,പോലീസ്ബാരക്ക്,ആശുപത്രി,കാന്‍റീന്‍‍,ലൈബ്രറി എന്നിവയായിരുന്നു ഇവിടുത്തെ സ്ഥാപനങ്ങള്‍.ഇവിടെയായിരുന്നു ഞങ്ങളുടേയും ക്വാര്‍ട്ടേഷ്സ്.സ്കൂളിലേയ്ക്ക് നടക്കാനുള്ള വഴിമാത്രമേ ഉണ്ടായിരുന്നുള്ളൂ.
കൊടിയ വനം തെളിച്ചെടുത്ത്,ചരിവ് പ്രദേശം നിരപ്പാക്കിയാണ് സ്കൂള്‍
നിര്‍മ്മിച്ചിരിക്കുന്നത്.ചരിവിന് മുകളിലും,താഴെയുമായി ഓരോ സ്കൂള്‍‍
കെട്ടിടങ്ങള്‍‍. പൊക്കത്തെസ്കൂളും,താഴത്തെ സ്കൂളും.ഇരു കെട്ടിടങ്ങള്‍ക്കും നടുവിലായി ഒരു ഇടത്തരം ഗ്രൌണ്ട്.അന്ന് എല്‍.പി വിഭാഗം പൊക്കത്തെ സ്കൂളിലും,യു.പി.വിഭാഗം താഴത്തെ സ്കൂളിലും പ്രവര്‍ത്തിച്ചുവന്നു.
ഓഫീസ് റൂം പൊക്കത്തെ സ്കൂളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
പൊക്കത്തെ സ്കൂളിന്‍റെ രണ്ടാമത്തെ ഇടനാഴി വഴി പുറത്തേക്കിറങ്ങിയാല്‍
എന്നും,എപ്പോഴും ഞങ്ങളെ കൊതിപ്പിച്ചുകൊണ്ട് ഉപ്പമാവ്പുര നില്‍ക്കുന്നു.
അവിടുത്തെ ഉപ്പുമാവിന്‍റെയത്ര കൊതിപ്പിക്കുകയും,വിശപ്പിക്കുകയും ചെയ്യുന്ന മണം ജീവിതത്തില്‍ പിന്നെങ്ങുനിന്നും അറിഞ്ഞിട്ടില്ല.
 ഉച്ചയ്ക്ക് ഒരുമണിയുടെ ബല്ലടിക്കുമ്പോള്‍,രാവിലെ  തന്നെ പറിച്ചെടുത്ത്
സൂക്ഷിച്ചിരിക്കുന്ന വട്ടയുടെ ഇലയുമായി,സ്കൂള്‍ വരാന്തയില്‍ നിരന്നിരിക്കും.മുതിര്‍ന്ന ചേട്ടന്‍മാരായ വിളമ്പുകാര്‍ വട്ടയിലയില്‍
ചൂടുള്ള ഉപ്പ്മാവ് വിളമ്പിത്തരും....ചൂടുള്ള ഉപ്പ്മാവ് വട്ടയിലയില്‍ വീഴുമ്പോള്‍ ഭാഷകള്‍ക്കതീതമായ ഒരു ഗന്ധം ആറാം ഇന്ദ്രിയത്തിലേക്ക്
പടര്‍ന്ന് കയറും....അക്കാലത്തെ കേരളീയദാരിദ്രത്തെ കാല്‍പ്പനികമാക്കിയ വല്ലാത്തമണം.
ആ ഉപ്പ്മാവ്പുരയുടെ അധിപ കുട്ടിയമ്മയായിരുന്നു.സ്കുളിലെ പ്യൂണ്‍.മുത്തശ്ശിക്കഥയിലെ,കഥപറയുകയും,ഒപ്പം സ്വയം കഥാപാത്രമാവുകയും ചെയ്യുന്ന അന്വശ്വരവാര്‍ദ്ധ്യകരൂപിണിയായ കുട്ടിയമ്മ.കുട്ടിയമ്മയ്ക്ക് മാത്രം കഴിയുന്ന മായികരുചികളിലാണ് ആ ഉപ്പുമാവ് രൂപം കൊണ്ടിരുന്നത്.കുട്ടിയമ്മയും,ഹെഡ്മിസ്ട്രസ്സ് മേരിടീച്ചറും ഞങ്ങളാല്‍ ഒരുപോലെ ബഹുമാനിക്കപ്പെട്ടുപോന്നു.ആ ഉപ്പ്മാവ്പുര, എന്‍റെ നാടിന്‍റെയും,എന്‍റെ തലമുറയുടേയും അബോധങ്ങളില്‍ ഉറഞ്ഞ ആദ്യ മിത്ത്....ഞാനിതാ ആ ഉപ്പ്മാവ്പുരയ്ക്ക് തീ കൊളുത്തുന്നു...









No comments:

Post a Comment