മനസ്സൊഴിയാതെ......
ശ്രീദേവിടീച്ചര്‍.
അക്കാലത്തെ സ്കൂള്‍ അധ്യാപകരെല്ലാംതന്നെ ഉത്തമ മാതൃകകളായിരുന്നു.രാമകൃഷ്ണന്‍ മാസ്റ്റര്‍,
സരസ്വതിടീച്ചര്‍,അജയന്‍മാഷ്,ഗോപിമാസ്റ്റര്‍,കൃഷ്ണന്‍മാഷ്..തുടങ്ങിയവര്‍...അവിടെ
രൂപംകൊണ്ട് വരുന്ന ഒരു പ്ലാന്‍റേഷന്‍പ്രോട്ടോടൈപ്പ് സമൂഹത്തോട്
വളരെ സര്ഗ്ഗാത്മകമായി സംവദിച്ചവര്‍.ബൌദ്ധികമായി വേറിട്ടും,ആത്മീയമായി
അവരോടോപ്പവും ജീവിച്ചവര്‍...
വ്യക്തമായ രാഷ്ട്രീയദിശാബോധമുണ്ടായിരുന്നവര്‍.....
എന്നാല്‍ എന്‍റെ മനസ്സ് ഒരുമുള്ളുവേലിയില്‍ കുടുങ്ങി വിങ്ങി നോവുന്നത്
ശ്രീദേവിടീച്ചറുടെ ഓര്‍മ്മകളിലാണ്...ആറാംക്ലാസ്സിലെ അധ്യയനത്തിന്റെ
ഇടയിലെപ്പോഴോ ആണ് ടീച്ചര്‍ സ്കൂളിലെത്തുന്നത്.അന്ന് മുതല്‍ ഞങ്ങളുടെ
ടീച്ചറുമായി....
ഞങ്ങളുടെ കുട്ടിക്കുറുമ്പുകളെ,പഠനവിമുഖതകളെ, ടീച്ചര്‍ കാവ്യാത്മകമായ
മാതൃഭാവത്താല്‍ നിര്മലമാക്കി....കാസ്സ്മുറി ആയിരം ഇതിഹാസകഥാപാത്രങ്ങള്‍
പൂത്തിറങ്ങിയ മറ്റൊരു സൌരപഥമായി....
ഓരോ കുട്ടിമനസ്സിലും,സിദ്ധാര്‍ത്ഥനും ,ജീസ്സസും,കൃഷ്ണനും,മുഹമ്മദും
അവരവരുടേതുമാത്രമായ മൂല്യങ്ങളായി.....കണക്കും,ഇംഗ്ലീഷും,ഹിന്ദിയും മറ്റും ഞങ്ങള്‍ക്ക് ബാലിയേറും മലകളായി....
ചിലപ്പോള്‍ ടീച്ചര്‍ ഞങ്ങളെ പറയന്‍റെ കുന്നിന്‍റെ അങ്ങേച്ചരുവില്‍
അലയാന്‍ അനുവദിക്കുന്ന പൂതമായി.......ചിലപ്പോള്‍ ആഴമേറിയ മുലപ്പാല്‍ സമുദ്രം
നീന്തി വന്ന് ഞങ്ങളെ വീണ്ടെടുക്കുന്ന വെറുമൊരമ്മയായി....
ഞങ്ങള്‍ നചികേതസ്സിനേയും,പ്രോമിത്യൂസിനേയും,അഥീനിയേയും സ്വപ്നം
കണ്ടുറങ്ങി....
പക്ഷേ ഒരു ദിവസം അന്നാദ്യമായി ചിരിയില്ലാത്ത മുഖവുമായി ടീച്ചര്‍
ക്ലാസ്സിലേക്ക് വന്നു.....അലസമായി എങ്ങോട്ടോ നോക്കി ടീച്ചര്‍ പറഞ്ഞു...
“എനിയ്ക്ക് സ്ഥലം
മാറ്റമാണ്...,പതിനൊന്നരയുടെ ബസ്സിന് പോകണം....”
ആരേയും നോക്കാതെ ടീച്ചര്‍ പെട്ടെന്നുതന്നെ ഇറങ്ങിപ്പോയി...
പതിനൊന്നരയുടെ ബസ്സിന് പോകാന്‍ തിരിഞ്ഞ്നോക്കാതെ നടന്നുപോകുന്ന ടീച്ചറെ സ്കൂള്‍ വരാന്തയില്‍,
നിരന്ന് നിന്ന് ഞങ്ങള്‍ യാത്രയാക്കി...
"ടീച്ചര്‍ എന്തിനാണ് പോയത് ?"....."ടീച്ചര്‍ എങ്ങോട്ടാണ് പോയത്?..".
താഴത്തെ സ്കൂളിന്‍റെ വരാന്തയില്‍ തൂണില്‍ കൈതാങ്ങി ക്കൊണ്ട് ഒരു ആറാം
ക്ലാസ്സുകാരന്‍ ഇപ്പോഴും നില്‍പ്പാണ്......
തൂണില്‍ തീയുടെ ചൂട് പടര്‍ന്ന് തുടങ്ങുന്നു.......
No comments:
Post a Comment