Saturday, 8 December 2018

താവോ ഹൈക്കു പരമ്പര-ഒന്ന്


"താവോയുടെ പുസ്തകം" ഹൈക്കു പരമ്പരയിലൂടെ
അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു


താവോ ഹൈക്കു പരമ്പര-ഒന്ന് 









       ദ്വന്ദം


ഹായ്,മരക്കൊമ്പത്ത്

ഒരു മഴവില്‍വര്‍ണ്ണക്കിളി.

അഴകിനെ അഴകെന്നുരച്ച് അഴുക്കാക്കി.

പറന്ന്പോകുന്നു,

കിളിയതാ,,

Sunday, 25 November 2018

പനി,,,,,,,,,

പനി     

പനിയും ഒരു സ്വതന്ത്ര റിപ്പബ്ളിക്കാണ്,,
അനാദിയും, അനന്തവുമായ ഒന്ന്. 
സരസുടീച്ചറിന്‍റെ ഒന്നാംക്ളാസ്സില്‍ നിന്ന്,
അമ്മയുടെ കൈകളിലേക്ക് ഓടിപ്പോകുമ്പോള്‍,
ഇളം കൂമ്പില തിന്ന് പച്ചയായ ഒരു പുഴു,
ഒരമ്മയുടെ സ്വകീയ സ്നേഹം,
എങ്ങനെ അപനിക്ഷേപം ചെയ്യാമെന്ന് പഠിപ്പിക്കുന്നു.
ഗഗനത്തിന്‍റെ ആഴങ്ങളില്‍ നിന്ന്,കടലിന്‍റെ ഉയര്‍ന്ന ശിഖരങ്ങളിലേക്ക്,
ഒരു പ്രണയിനിയുടെ കൈവിരലില്‍ തൂങ്ങി  യാത്ര പോകും.
സാല്‍വദോര്‍ഡാലിയുടെ മുകളിലേക്ക് വളഞ്ഞ മീശയില്‍ ആടി   
ഉല്ലസിക്കും.
ചുമ്മാതെ,ചുമ്മാതങ്ങനെ ഒഴുകുമ്പോള്‍,,,
ഉറുമ്പ് കുത്തും പോലെ സിറിഞ്ച്കൊണ്ട് തളയ്ക്കാന്‍ 
 വെള്ളക്കുപ്പായക്കാരി  
നൂറ്റിരണ്ട് ഡിഗ്രി പനിയില്‍ ഒരു പുതപ്പിനുള്ളില്‍, 
വിറച്ച്,വിറച്ച് കിടക്കണം, 
അതെ പനിയും ഒരു സ്വതന്ത്ര റിപ്പബ്ളിക്കാണ്,,,,






Friday, 15 June 2018

 ഇരുവീടുകള്‍ക്കിടയില്‍ നട്ട മരങ്ങള്‍...


വീടുകള്‍ക്കിടയിലെ അതിരില്‍,
മതിലുവേണ്ട മരങ്ങള്‍ നടാമെന്ന് പറഞ്ഞത് അയല്‍ക്കാരനായ,
പോത്ത്നോട്ടക്കാരനാണ്.
അങ്ങനെ ഞങ്ങള്‍ക്കിടയില്‍,
മൂവാണ്ടന്‍മാവും,കിളിഞാവലും,ചാമ്പമരവും ഉണ്ടായി.
ഒരിക്കല്‍,എന്‍റെ കുളിമുറിയുടെ കിളിവാതിലിലൂടെ,
കായ്ച്ച് കിടന്ന ചെമ്പന്‍ ചാമ്പക്കായ്കള്‍ക്കിടയിലൂടെ,
അല്‍ഷിമേഴ്സ് ബാധിച്ച അമ്മയോട് അയാള്‍ പറയുന്നു,
കുളിപ്പിച്ച് സുന്ദരിയാക്കിട്ടോ,,,ഇനി ഇതങ്ങ് കഴിച്ചേ,എന്നിട്ട് വേണം
എനിക്ക് പോയി പോത്ത്കള്‍ക്ക് വെള്ളം കൊടുത്ത് വേഗം വരാന്‍…”
അങ്ങനെയാണ് ഷുന്‍റു സുസുകിയുടെ,
 സെന്‍ മൈന്‍ഡ്,ബിഗിനേഴ്സ്മൈന്‍ഡ്-ന്‍
തുടര്‍ വായന നിലച്ച് പോകുന്നത്,,,


Wednesday, 3 August 2016

പ്ലാന്‍റേഷന്‍ ഓര്‍മ്മ-22





 ബ്ലാക്ക്ബോര്‍ഡില്‍ വിരിഞ്ഞ
കാക്കപ്പൂവുകള്‍






പോസ്റ്റാഫീസ് ജംഗ്ഷനടുത്ത് ഒന്‍പതാം ബ്ളോക്കില്‍ സ്ഥ്തിചെയ്തിരുന്ന,   വിന്നേഴ്സ് കോളേജ്,കാലടിപ്ളാന്‍റേഷനെ സംബന്ധിച്ച് വെറുമൊരു പാരലല്‍കോളേജായിരുന്നില്ല.ഒരു സര്‍വ്വകലാശാലയായിരുന്നു...ഇന്നും,എപ്പോഴും,പച്ചപ്പുല്‍മേടുകളില്‍ പോക്കുവെയില്‍ വീണ ഒരു ടിബറ്റന്‍ കാഴ്ചയായി,ആത്മാവില്‍ വീണ വിശദചന്ദ്രികയിലെ നീഹാരികങ്ങളായി ഓര്‍മ്മകളുടെ ഖനനങ്ങളില്‍ അവിടുത്തെ ജീവിതം എന്നെ വിമോഹിപ്പിക്കുന്നു....പാരസ്പര്യാധ്യയനത്തിന്‍റെ മികച്ച ദൃഷ്ടാന്തമായിരുന്നു വിന്നേഴ്സിലേത്...പ്രതിഭയുള്ള അധ്യാപക-വിദ്യാര്‍ത്ഥി സംഗമത്തില്‍ രൂപംകൊണ്ട ബോധനരീതി...അതുകൊണ്ട്തന്നെ ലോകംമുഴുവനുമുണ്ട്, ആ നന്മ നനവുമായി അവിടുത്തെ കുട്ടികള്‍.....വളരെ യാദൃശ്ചികമായി അവിടെ അധ്യാപകനായി എത്തപ്പെട്ട എന്‍റെ ജീവിതത്തിലെ വലിയ സ്വാധീനമാണ് അവിടെ ചിലവഴിച്ച കാലം..സഹ-അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും വലിയ സുഹൃദ് ശൃംഗലയാണ് അവിടുന്ന് കിട്ടിയ വലിയ സ്വത്ത്....സംഗമകലുന്ന, അക്കാലത്തെ ചില സെന്‍ അനുഭവങ്ങള്‍ എന്‍റെ കാഴ്ചപ്പാടുകളെ വല്ലാതെ മാറ്റിത്തീര്‍ത്തിട്ടുണ്ട്.. കാണുക...ഏറ്റവും,നൈസര്‍ഗ്ഗികമായ ജീവിതം,മനുഷ്യാര്‍  ജ്ജിതമായ അറിവുകളുടെ    തിരസ്കരണം കൂടിയാണ്.. ഓര്‍മ്മകളുടെ ഒരു പ്രഭാതത്തില്‍ ഞാന്‍ ചൂരലുമായി ആറാംക്ലാസ്സിലേയ്ക്ക് യാത്രചെയ്യുകയാണ്.... ക്ലാസ്സിലെത്തിയ ഞാന്‍കണ്ടത് ബ്ലാക്ക്ബോര്‍ഡിനടിയില്‍ നിരനിരയായി നിറയെ കുത്തിനിറുത്തിയിരിക്കുന്ന കാക്കപ്പൂക്കളാണ്...ആരാണിത് ചെയ്തത്...??”മറുപടിയായി  ഉടന്‍ എഴുന്നേറ്റ് നിന്നത് ക്ലാസ്സിലെ ഏറ്റവും പഠിക്കാത്തവന്‍ എന്ന് ഏവരും ഉപേക്ഷിച്ചവന്‍...നാട്ടുനടപ്പ് സൌന്ദര്യബോധത്തെ രസിപ്പിക്കാത്ത  മൃഗമുഖന്‍ ...       ഭയപ്പാടോടെ                നിന്ന,അവന്‍റെ കണ്ണുകളിലെ  ആദിമമായ   ആഴങ്ങളിലൂടെ,പൊടുന്നനെയുള്ള സൂക്ഷ്മശരീരത്തിന്‍റെ പ്രകാശനം......വാക്കും,നോക്കും,ചിത്രങ്ങളും,ഇല്ലാത്ത മനന സംവേദനം... എന്‍റെ ചൂരല്‍ ഡംഭം അറിയാതെ താഴുന്നു...അപ്പുക്കിളിയുടെ കാരങ്ങള്‍പ്പോലെ ,ശുദ്ധം,ശൂന്യം,
നിര്‍ഗ്ഗുണംബ്ളാക്ക്ബോര്‍ഢില്‍ നിറഞ്ഞ് ആ കാക്കപ്പൂവുകള്‍ വീണ്ടുമെന്‍റെ ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു... ഒരു നിമിഷം അവന്‍,ഒരു കാട്ടുപൂവിന്‍റെ ഗന്ധമില്ലാ സുഗന്ധങ്ങളില്‍ ധ്യാനാത്മകനായ ബുദ്ധനായി..ഞാനോ അധികാരത്തിന്‍റെ വ്യര്‍ത്ഥതയറിഞ്ഞ    പ്രസേന്നജിത്ത്....ആരാണ്  ഗുരു...ഇന്നും സ്നേഹ്നാന്ധഹൃദയം അവന്‍ എന്നോട് മൃദുവായി പറയുന്നുണ്ട് ഗുരോ, എന്താണ് പഠിപ്പ്...നേടിയ എല്ലാ പഠിപ്പും  ചോര്‍ത്തിയൊഴുക്കി  കളയലല്ലേയത്...നോക്കൂ നിറയെ പൂത്തും,കായ്ക്കുഞ്ഞുങ്ങളെ വിരിയിച്ചും, മുറ്റത്ത് ഒരു പനസവൃക്ഷം.....





Monday, 11 July 2016

പ്ലാന്‍റേഷന്‍ ഓര്‍മ്മ-21






ജലസസ്യം 


    കരയിലും,വെള്ളത്തിലും ജീവിക്കുന്ന ജീവിയേത് ???” എന്‍റെയും,എനിയ്ക്ക് മുന്‍പും-പിന്‍പുമായി വന്നിട്ടുള്ള തലമുറകള്‍ക്കും അനുഭവസാക്ഷ്യമായ ഉത്തരം കേട്ട്, പ്ലാന്‍റേഷന്‍ സ്കൂളിലെ സര്‍ഗ്ഗധനരായ അധ്യാപകര്‍ കോപം കൊണ്ടില്ല....കറുപ്പന്‍ചേട്ടന്‍എന്ന ആ ഉത്തരത്തിലെ,പാഠപുസ്കത്തെ മറികടന്ന,ഒരു കുട്ടിയുടെ പരിസരനിരീക്ഷണബോധത്തെ,അവര്‍ പാരമ്പര്യമായി അംഗീകരിച്ചുപോന്നു...സ്കൂള്‍ പഠിപ്പുകള്‍ നമ്മെ ശീലബന്ധിതരാക്കുമ്പോള്‍,എങ്ങനെയാണ് ഒരു കറുപ്പന്‍ ചേട്ടനെ,അല്ലെങ്കില്‍ എന്‍റെ നാടിന്‍റെ മഹാസമ്പത്തായിരുന്ന അത്തരം പച്ച(genuine) മനുഷ്യരെ അവതരിപ്പിക്കുക എന്നെനിക്കറിയില്ല....ഈ സാഹസത്തില്‍ ഞാന്‍ പതറിവീഴുന്നത് കണ്ട് എന്നോട് പൊറുക്കുക....ഈ ഓര്‍മ്മയെഴുത്തിനിടയില്‍ വാക്കുകളൊഴിഞ്ഞ് പേനതൊടാനാവാതെ ഞാന്‍ വ്യാകുലനായി നില്‍ക്കുന്നു....ഗുലാംഅലിയെ വീണ്ടും വിണ്ടും പാടിച്ചുകൊണ്ട് ഞാനിത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. കറുത്ത് ഉയരം കുറഞ്ഞതും,ഒതുങ്ങി ബലവത്തായതുമായ ആ ശരീരത്തിന്‍റെ മണങ്ങള്‍ എന്തായിരുന്നിരിക്കും എന്ന് ഞാന്‍ ആലോചിച്ചുപോകാറുണ്ട്....അദ്ദേഹമിന്നില്ല...ചേറിന്‍റെ മാസ്മരികഗന്ധങ്ങളിലൂടെ യാത്രപോയതാകാം,,, കറുപ്പന്‍ചേട്ടന്‍,കാലവര്‍ഷാരംഭത്തിന് മുന്‍പായി കാട്ടില്‍നിന്നും മൂത്ത മുളവെട്ടി ചീമ്പിയെടുത്ത് മീന്‍കൂടുകളൊരുക്കി കാത്തിരുന്നു...മഴ,നൂലിറങ്ങി,നൂലിറങ്ങി ക്കനത്തുകനത്ത്,മലകളെയും,കുന്നുകളെയും   കോടയില്‍ മറച്ച്, ജലഭിത്തികൊണ്ട് എന്‍റെ നാടിനെ സൌരപഥത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു  നീര്‍ഗ്രഹമാക്കും...വലുതും ചെറുതുമായ തോടുകള്‍ ചേര്‍ന്ന് ഒറ്റപ്പുഴയാകും..കൂടുകളും,ചൂണ്ടകളുമായി ധാരാളം പേരുണ്ടാകും...ഒരിക്കലും കറുപ്പന്‍ചേട്ടന്‍ അവരിലൊരാളായിരുന്നില്ല...പാറക്കെട്ടുകളില്‍ മഴയത്തുമാത്രം വിരിയുന്ന കുഞ്ഞരുവികളുടെ യാത്രാപഥങ്ങളില്‍ ചെറുതായി പതിഞ്ഞു വരുന്ന പായല്‍ പച്ചയിലൂടെ,വലിയതോടുകള്‍ വിട്ട്,ഏതോ ജനിതക പാരസ്പര്യ ബോധത്തില്‍,ഊത്തല്‍ മീനുകള്‍ കൂട്ടത്തോടെ കൂടുമായി കാത്തിരുന്ന കറുപ്പന്‍ ചേട്ടനെ തേടിവന്നു......നിശ്ശബ്ദം,അനുസരണയോടെ ആ കല്ലട മീന്‍കൂട്ടങ്ങള്‍ കൂ ടുകളില്‍ കയറിക്കൂടി... ഒരു മുന്‍ നിശ്ച്ചയം പോലെ....ഈ പ്രപഞ്ചജനിതക പാരസ്പര്യത്തിന്‍റെ പരിണതി കാണുക...വേനല്‍ക്കാലത്ത് വലിയതോട്,അങ്ങിങ്ങ് മാത്രം വെള്ളം കെട്ടിയ അനേകം കുളങ്ങളുടെ ശൃംഗലയാവും. ചേണി നിറഞ്ഞ ചേരുംകുളത്തില്‍ നിന്ന് വായിലും,കൈകളിലും നിറയെ കഴുത്തൊടിഞ്ഞ മുഷി മല്‍സ്യങ്ങളുമായി,പന്നല്‍ച്ചെടികള്‍ക്കിടയില്‍   കറുപ്പന്‍ ചേട്ടന്‍ മുളച്ച്പൊങ്ങി വരുന്നത് അത്ഭുതത്തോടെ ഞങ്ങള്‍ നോക്കിനിന്നു...കറുപ്പന്‍ചേട്ടന്‍ ഒരുമനുഷ്യനായിരുന്നില്ല!!!  ക്ഷോണീഗര്‍ഭങ്ങളില്‍   നിന്ന് ചേറിലൂടെ വിടര്‍ന്ന് വന്ന ഒരുജലസസ്യം.. ഐതിഹ്യമാലയിലെ ഒരു മായാപാത്രം...നിശ്ചല-ചലനങ്ങള്‍ക്കിടയിലെ ഒരൂ ജൈവരൂപം....ഇനിയൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനാ പിതാമഹന്‍റെ കൈകളില്‍ ഒന്ന് തൊടും,,,പിന്നെ ആ ഗന്ധമറിയാന്‍ ഒന്ന് മണക്കും,,,,,അത് എന്‍റെ മണമായിരിക്കുമോ.... എന്‍റെ നാടിന്‍റെ മണം....







Sunday, 19 June 2016

പ്ലാന്‍ററേഷന്‍-ഓര്‍മ്മ

ചുവപ്പില്‍,ഒരു പച്ചക്കുരുവി

”കുരുവിയെന്നത് ഒരു വിളിപ്പേരാണ്...കുരുവി സുബ്രന്‍......അദ്ദേഹം അടിച്ചില്ലിക്കാരനായിരുന്നു എന്നാണ് ഓര്‍മ്മ...ഡ്രൈവറായിരുന്ന സുബ്രേട്ടന്‍റെ ഇടതു കൈ ഒരപകടത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ നാട്ടുകാരാണ് ആ പേര് നല്‍കിയത്...അങ്ങനെ ഡ്രൈവര്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം,
ആരോ വഴി യൂണിയനാഫീസിന്‍റെ നോട്ടക്കാരനായി എത്തുകയാണുണ്ടായത്...
ഒരുകാലത്ത് ഒരാരാധനാലയം പോലെ സജീവമായിരുന്ന യൂണിയനാഫീസ്,കുരുവിയെത്തുന്ന സമയത്ത് കാലം തീര്‍ത്ത അതിന്‍റെ സ്വാഭാവിക ആലസ്യത്തിലായിരുന്നു...യൂണിയനാഫീസിന്‍റെ അഞ്ചേക്കര്‍ ഭൂമിയോട് അദ്ദേഹം,   തന്‍റെ   ഒറ്റക്കൈ അധ്വാനത്താല്‍ സംവദി  ക്കുകയായിരുന്നു...പ്ളാന്‍റേഷനിലെ പശുക്കള്‍ നല്‍കിയ ചാണകത്തിന്‍റെയും,റബ്ബര്‍കരിയില-ഉണക്കകമ്പുകള്‍ കത്തിയ    ചാരത്തിന്‍റെയും,ജൈവസാധ്യതകള്‍ അനക്കാദമികമായ ഒരു നാട്ടിന്‍പുറ അറിവിനെ പിന്‍ചേര്‍ന്ന് നിന്നു,,,,താന്‍ എന്താണ് ചെയ്യുന്നതെന്നറിയാതെ ആ മനുഷ്യന്‍ കാലത്തിന് മുന്‍പേ സഞ്ചരിക്കുക എന്ന തെറ്റ് ചെയ്തു,,,അങ്ങനെയാണ് യൂണിയനാഫീസ് പുരയിടം ഞങ്ങള്‍ക്ക് നഷ്ടമായ നാട്ടുരുചികളാല്‍ നിറയുന്നത്,,,നിരക്ഷരമായ,കൃഷിഗാഥയും,കൃഷിഗീതയും,,,,നാടന്‍ ചാരായത്തിന്‍റെ ലഹരിയില്‍ കരുണാര്‍ദ്രനായ കുരുവി,പ്രിയോര്‍ മാങ്ങയും,കരിക്കും തന്ന് ഞങ്ങള്‍,കുട്ടികളെ  സ്നേഹിച്ചു,,,മുട്ട പുഴുങ്ങിയപോലുള്ള വേളാങ്കി കപ്പ  വേവിച്ച്,പച്ചമുളകുടച്ച്,വാളന്‍പുളിചേര്‍ത്തൂണ്ടാക്കിയ,രസികന്‍ ചമ്മന്തി കൂട്ടി വയറ് നിറയെ തന്നു,,,ലഹരിയിറങ്ങുമ്പോള്‍ വീണ്ടും കാര്‍ക്കശ്യക്കാരനായ കാവല്‍ക്കാരനായി,,,  തക്കം കിട്ടിയാല്‍ മാമ്പഴവും, കരിക്കും,കപ്പയും, മോഷ്ടിക്കുന്ന ഞങ്ങളോട്  പടവെട്ടാന്‍ വന്നു,,,,വാറ്റിന്‍റെ ശുദ്ധിയില്‍ വീണ്ടും ആര്‍ദ്രനായി,,,ഒരിക്കല്‍ പോലും വീടുകളില്‍ പരാതിയെത്തിച്ച് തല്ലുകൊള്ളിച്ചില്ല,,,,യൂണിയനാഫീസ് മുറ്റത്ത് ഇലകൊഴിച്ച് നിറയെ ചെമ്പൂവണിഞ്ഞ് നിന്ന വാകവൃക്ഷത്തില്‍,കൂട് വെച്ച ഒരു പച്ചക്കുരുവിയായിരുന്നു സുബ്രേട്ടന്‍,,,ചുവപ്പിന്‍റെ നൈതികതയും,പച്ചയുടെ ജൈവികതയും,,,,,,ബൌദ്ധികജാടകളെ ഒഴിച്ചുനിറുത്തുന്ന ഒരു ഗാന്ധി-മാര്‍ക്സ് പ്രയോഗം,,,ഇടയ്ക്കെന്നോ,ചില സഖാക്കളുടെ അനിഷ്ടത്തില്‍ ആ പച്ചക്കുരുവിയും കൂടൊഴിച്ച് പറന്നുപോയി,,,വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സൃഹുത്ത് തൃശൂര്‍ പട്ടണത്തില്‍ വെച്ച് കുരുവിയെപ്പോലെ ഒരാളെ കണ്ടതായി പറഞ്ഞു,,, ഭിക്ഷാടകനായി കൈനീട്ടി നിന്ന അദ്ദേഹത്തോട് സുഹൃത്ത് ചോദിച്ചു കുരുവിയല്ലേ?” മറുപടിയുണ്ടായില്ല,,,എന്നാലും ആ ചോദ്യത്തില്‍,അയാളുടെ കണ്ണുകളില്‍ ആഴമേറിയ ഒരു ദൈന്യത നിറയുന്നത്,സുഹൃത്ത് കണ്ടുവത്രേ,,,ഇല്ല,,അത് കരുവിയായിരിക്കില്ല,,,
എന്‍റെ കുട്ടിമനസ്സില്‍ മനുഷ്യന്‍റെ, തോല്‍ക്കാനുള്ള   വിസമ്മതത്തെ,ആദ്യമായി കോറിയിട്ടത് കുരുവിയാണ്,,,അല്ലാതെ ചെഗുവേരയോ,മണ്ടേലയോ,കെന്‍സാരോവിവയോ ഒന്നുമല്ല,,,,



Thursday, 24 March 2016

കുളവാഴകള്ക്കിടയിലെ കാട്ടുചേമ്പിന് പഴങ്ങള്-പ്ലാന്റേഷന് ഓര്മ്മ(20)


സൌഹൃദോര്ജ്ജങ്ങളുടെ,ആല്മരം.....

കാലടിപ്ലാന്‍റേഷന്‍ പോസ്റ്റാഫീസ് ജംഗ്ഷനില്‍,വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ഒരു മഹാ പ്രതീകമാണ്.കാറ്റിലും,കാറ്റിലല്ലാതെയും ഇളകുന്ന ആലിലകള്‍ നിരുപാധിക സൌഹൃദത്തിന്‍റെ ശുദ്ധമായ ഊര്‍ജ്ജ പ്രവാഹമാകുന്നു...ഖസാക്കിലാരംഭിക്കുന്ന ഗൌരവമാര്‍ന്ന വായനയുടെ തീര്‍ത്ഥാടനത്തിന് സമപ്രായക്കാരനായ സോജനായിരുന്നു,എനിയ്ക്കെന്നും തുണ...വായനയുടെ ആത്മീയസുഖങ്ങള്‍ പരസ്പരം  പങ്കുവെച്ചാണ് ഞങ്ങള്‍  വളര്‍ന്നത്...പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എവിടെനിന്നൊ കിട്ടിയ കലാകൌമുദിയുടെ ഒരു ലക്കം എനിയ്ക്ക് തന്ന്,സോജന്‍ ജിദ്ദുകൃഷ്ണമൂര്‍ത്തിയെ പരിചയപ്പെടുത്തുന്നത്...
മത-പാഠപുസ്തകങ്ങള്‍ക്കപ്പുറം,നീരീക്ഷണവും,മനനവുമാണ് ശുദ്ധാവബോധത്തിന്‍റെ വഴിയെന്ന്,ജിദ്ദുവാണ് പഠിപ്പിക്കുന്നത്...
സോജന്‍ എനിയ്ക്ക്മുന്‍‍പേ പ്ലാന്‍റേഷനോട് വിട പറഞ്ഞ് .ഗള്‍ഫിലേക്ക്തി രിക്കുമ്പോള്‍,യാത്ര പറയാന്‍ വന്നപ്പോഴാണ് ബുദ്ധന്‍ കത്തിയെരിയുന്നു സെന്‍ കഥകളുടെ സമാഹാരം, തരുന്നത്...രാവിലെ ബുദ്ധവിഗ്രഹത്തെ പ്രാര്‍ത്ഥിക്കുന്ന ഗുരു,വൈകിട്ടത്തെ കടുത്ത തണുപ്പില്‍,വിഗ്രഹത്തെ കത്തിച്ചെടുത്ത്,ചൂടുകായുന്നു...
കലാകൌമുദിയിലെ ജിദ്ദുവില്‍ നിന്ന് കത്തുന്ന ബുദ്ധനിലേക്കുള്ള ദൂരത്തിന്‍റെ, ആത്മീയ തരംഗദൈര്‍ഘ്യങ്ങള്‍ക്കിടയിലുള്ള കുറേ സൌഹൃദങ്ങള്‍,ഞാന്‍ തീകൊളുത്താതെ മാറ്റിവെയ്ക്കുന്ന വലിയ നിധിയാണ്...വ്യക്തിത്വത്തില്‍ നൈസര്‍ഗ്ഗികമായ ഒരുതരം പിന്‍വാങ്ങല്‍ സ്വഭാവമുള്ള(Withdrawal Syndrom) തിനാല്‍,എന്‍റെ ഏതൊരു എഴുത്തും പാതിവഴിയില്‍,എന്തിന്???എന്ന് മുടന്തി നിന്ന് പോകുന്നു..ഉദയന്‍ അതികാല്‍പ്പനികമായ,വാക്കുകളും,നിശ്ശബ്ദതയും കൊണ്ട് പ്രകോപിപ്പിച്ചാണ് ഈ കുറിപ്പുകളെ തന്നെ ഇത്രയും എത്തിക്കുന്നത്..
.ഇത്തരത്തിലുള്ള മനോ-നിറവിന്‍റെ,ഉത്ഥാനത്തിന്,  വിഷയീഭവിക്കുന്ന  സൌഹൃദങ്ങളുടെ   ബിംബമാണ്   ആ  ആല്‍മരം..നിലാവുള്ള ഒരു രാത്രിയില്‍ ശുദ്ധ വാറ്റിന്‍റെ ലഹരിയില്‍,ഞങ്ങള്‍ അലഞ്ഞെത്തിയപ്പോള്‍,ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത് സോജന്‍ നട്ടതാണത്...എന്‍റെ നാടിന്‍റെ,സ്നേഹത്തിന്‍റെ,അതുവഴിയുള്ള പ്രാക്തന നിര്‍മ്മലാനന്ദ ബോധത്തിന്‍റെ,കെട്ടൊഴിഞ്ഞ അറിവിന്‍റെ സ്മരണയാണത്....