Monday, 11 July 2016

പ്ലാന്‍റേഷന്‍ ഓര്‍മ്മ-21






ജലസസ്യം 


    കരയിലും,വെള്ളത്തിലും ജീവിക്കുന്ന ജീവിയേത് ???” എന്‍റെയും,എനിയ്ക്ക് മുന്‍പും-പിന്‍പുമായി വന്നിട്ടുള്ള തലമുറകള്‍ക്കും അനുഭവസാക്ഷ്യമായ ഉത്തരം കേട്ട്, പ്ലാന്‍റേഷന്‍ സ്കൂളിലെ സര്‍ഗ്ഗധനരായ അധ്യാപകര്‍ കോപം കൊണ്ടില്ല....കറുപ്പന്‍ചേട്ടന്‍എന്ന ആ ഉത്തരത്തിലെ,പാഠപുസ്കത്തെ മറികടന്ന,ഒരു കുട്ടിയുടെ പരിസരനിരീക്ഷണബോധത്തെ,അവര്‍ പാരമ്പര്യമായി അംഗീകരിച്ചുപോന്നു...സ്കൂള്‍ പഠിപ്പുകള്‍ നമ്മെ ശീലബന്ധിതരാക്കുമ്പോള്‍,എങ്ങനെയാണ് ഒരു കറുപ്പന്‍ ചേട്ടനെ,അല്ലെങ്കില്‍ എന്‍റെ നാടിന്‍റെ മഹാസമ്പത്തായിരുന്ന അത്തരം പച്ച(genuine) മനുഷ്യരെ അവതരിപ്പിക്കുക എന്നെനിക്കറിയില്ല....ഈ സാഹസത്തില്‍ ഞാന്‍ പതറിവീഴുന്നത് കണ്ട് എന്നോട് പൊറുക്കുക....ഈ ഓര്‍മ്മയെഴുത്തിനിടയില്‍ വാക്കുകളൊഴിഞ്ഞ് പേനതൊടാനാവാതെ ഞാന്‍ വ്യാകുലനായി നില്‍ക്കുന്നു....ഗുലാംഅലിയെ വീണ്ടും വിണ്ടും പാടിച്ചുകൊണ്ട് ഞാനിത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. കറുത്ത് ഉയരം കുറഞ്ഞതും,ഒതുങ്ങി ബലവത്തായതുമായ ആ ശരീരത്തിന്‍റെ മണങ്ങള്‍ എന്തായിരുന്നിരിക്കും എന്ന് ഞാന്‍ ആലോചിച്ചുപോകാറുണ്ട്....അദ്ദേഹമിന്നില്ല...ചേറിന്‍റെ മാസ്മരികഗന്ധങ്ങളിലൂടെ യാത്രപോയതാകാം,,, കറുപ്പന്‍ചേട്ടന്‍,കാലവര്‍ഷാരംഭത്തിന് മുന്‍പായി കാട്ടില്‍നിന്നും മൂത്ത മുളവെട്ടി ചീമ്പിയെടുത്ത് മീന്‍കൂടുകളൊരുക്കി കാത്തിരുന്നു...മഴ,നൂലിറങ്ങി,നൂലിറങ്ങി ക്കനത്തുകനത്ത്,മലകളെയും,കുന്നുകളെയും   കോടയില്‍ മറച്ച്, ജലഭിത്തികൊണ്ട് എന്‍റെ നാടിനെ സൌരപഥത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു  നീര്‍ഗ്രഹമാക്കും...വലുതും ചെറുതുമായ തോടുകള്‍ ചേര്‍ന്ന് ഒറ്റപ്പുഴയാകും..കൂടുകളും,ചൂണ്ടകളുമായി ധാരാളം പേരുണ്ടാകും...ഒരിക്കലും കറുപ്പന്‍ചേട്ടന്‍ അവരിലൊരാളായിരുന്നില്ല...പാറക്കെട്ടുകളില്‍ മഴയത്തുമാത്രം വിരിയുന്ന കുഞ്ഞരുവികളുടെ യാത്രാപഥങ്ങളില്‍ ചെറുതായി പതിഞ്ഞു വരുന്ന പായല്‍ പച്ചയിലൂടെ,വലിയതോടുകള്‍ വിട്ട്,ഏതോ ജനിതക പാരസ്പര്യ ബോധത്തില്‍,ഊത്തല്‍ മീനുകള്‍ കൂട്ടത്തോടെ കൂടുമായി കാത്തിരുന്ന കറുപ്പന്‍ ചേട്ടനെ തേടിവന്നു......നിശ്ശബ്ദം,അനുസരണയോടെ ആ കല്ലട മീന്‍കൂട്ടങ്ങള്‍ കൂ ടുകളില്‍ കയറിക്കൂടി... ഒരു മുന്‍ നിശ്ച്ചയം പോലെ....ഈ പ്രപഞ്ചജനിതക പാരസ്പര്യത്തിന്‍റെ പരിണതി കാണുക...വേനല്‍ക്കാലത്ത് വലിയതോട്,അങ്ങിങ്ങ് മാത്രം വെള്ളം കെട്ടിയ അനേകം കുളങ്ങളുടെ ശൃംഗലയാവും. ചേണി നിറഞ്ഞ ചേരുംകുളത്തില്‍ നിന്ന് വായിലും,കൈകളിലും നിറയെ കഴുത്തൊടിഞ്ഞ മുഷി മല്‍സ്യങ്ങളുമായി,പന്നല്‍ച്ചെടികള്‍ക്കിടയില്‍   കറുപ്പന്‍ ചേട്ടന്‍ മുളച്ച്പൊങ്ങി വരുന്നത് അത്ഭുതത്തോടെ ഞങ്ങള്‍ നോക്കിനിന്നു...കറുപ്പന്‍ചേട്ടന്‍ ഒരുമനുഷ്യനായിരുന്നില്ല!!!  ക്ഷോണീഗര്‍ഭങ്ങളില്‍   നിന്ന് ചേറിലൂടെ വിടര്‍ന്ന് വന്ന ഒരുജലസസ്യം.. ഐതിഹ്യമാലയിലെ ഒരു മായാപാത്രം...നിശ്ചല-ചലനങ്ങള്‍ക്കിടയിലെ ഒരൂ ജൈവരൂപം....ഇനിയൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനാ പിതാമഹന്‍റെ കൈകളില്‍ ഒന്ന് തൊടും,,,പിന്നെ ആ ഗന്ധമറിയാന്‍ ഒന്ന് മണക്കും,,,,,അത് എന്‍റെ മണമായിരിക്കുമോ.... എന്‍റെ നാടിന്‍റെ മണം....







No comments:

Post a Comment