Thursday, 24 March 2016

കുളവാഴകള്ക്കിടയിലെ കാട്ടുചേമ്പിന് പഴങ്ങള്-പ്ലാന്റേഷന് ഓര്മ്മ(20)


സൌഹൃദോര്ജ്ജങ്ങളുടെ,ആല്മരം.....

കാലടിപ്ലാന്‍റേഷന്‍ പോസ്റ്റാഫീസ് ജംഗ്ഷനില്‍,വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ഒരു മഹാ പ്രതീകമാണ്.കാറ്റിലും,കാറ്റിലല്ലാതെയും ഇളകുന്ന ആലിലകള്‍ നിരുപാധിക സൌഹൃദത്തിന്‍റെ ശുദ്ധമായ ഊര്‍ജ്ജ പ്രവാഹമാകുന്നു...ഖസാക്കിലാരംഭിക്കുന്ന ഗൌരവമാര്‍ന്ന വായനയുടെ തീര്‍ത്ഥാടനത്തിന് സമപ്രായക്കാരനായ സോജനായിരുന്നു,എനിയ്ക്കെന്നും തുണ...വായനയുടെ ആത്മീയസുഖങ്ങള്‍ പരസ്പരം  പങ്കുവെച്ചാണ് ഞങ്ങള്‍  വളര്‍ന്നത്...പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എവിടെനിന്നൊ കിട്ടിയ കലാകൌമുദിയുടെ ഒരു ലക്കം എനിയ്ക്ക് തന്ന്,സോജന്‍ ജിദ്ദുകൃഷ്ണമൂര്‍ത്തിയെ പരിചയപ്പെടുത്തുന്നത്...
മത-പാഠപുസ്തകങ്ങള്‍ക്കപ്പുറം,നീരീക്ഷണവും,മനനവുമാണ് ശുദ്ധാവബോധത്തിന്‍റെ വഴിയെന്ന്,ജിദ്ദുവാണ് പഠിപ്പിക്കുന്നത്...
സോജന്‍ എനിയ്ക്ക്മുന്‍‍പേ പ്ലാന്‍റേഷനോട് വിട പറഞ്ഞ് .ഗള്‍ഫിലേക്ക്തി രിക്കുമ്പോള്‍,യാത്ര പറയാന്‍ വന്നപ്പോഴാണ് ബുദ്ധന്‍ കത്തിയെരിയുന്നു സെന്‍ കഥകളുടെ സമാഹാരം, തരുന്നത്...രാവിലെ ബുദ്ധവിഗ്രഹത്തെ പ്രാര്‍ത്ഥിക്കുന്ന ഗുരു,വൈകിട്ടത്തെ കടുത്ത തണുപ്പില്‍,വിഗ്രഹത്തെ കത്തിച്ചെടുത്ത്,ചൂടുകായുന്നു...
കലാകൌമുദിയിലെ ജിദ്ദുവില്‍ നിന്ന് കത്തുന്ന ബുദ്ധനിലേക്കുള്ള ദൂരത്തിന്‍റെ, ആത്മീയ തരംഗദൈര്‍ഘ്യങ്ങള്‍ക്കിടയിലുള്ള കുറേ സൌഹൃദങ്ങള്‍,ഞാന്‍ തീകൊളുത്താതെ മാറ്റിവെയ്ക്കുന്ന വലിയ നിധിയാണ്...വ്യക്തിത്വത്തില്‍ നൈസര്‍ഗ്ഗികമായ ഒരുതരം പിന്‍വാങ്ങല്‍ സ്വഭാവമുള്ള(Withdrawal Syndrom) തിനാല്‍,എന്‍റെ ഏതൊരു എഴുത്തും പാതിവഴിയില്‍,എന്തിന്???എന്ന് മുടന്തി നിന്ന് പോകുന്നു..ഉദയന്‍ അതികാല്‍പ്പനികമായ,വാക്കുകളും,നിശ്ശബ്ദതയും കൊണ്ട് പ്രകോപിപ്പിച്ചാണ് ഈ കുറിപ്പുകളെ തന്നെ ഇത്രയും എത്തിക്കുന്നത്..
.ഇത്തരത്തിലുള്ള മനോ-നിറവിന്‍റെ,ഉത്ഥാനത്തിന്,  വിഷയീഭവിക്കുന്ന  സൌഹൃദങ്ങളുടെ   ബിംബമാണ്   ആ  ആല്‍മരം..നിലാവുള്ള ഒരു രാത്രിയില്‍ ശുദ്ധ വാറ്റിന്‍റെ ലഹരിയില്‍,ഞങ്ങള്‍ അലഞ്ഞെത്തിയപ്പോള്‍,ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത് സോജന്‍ നട്ടതാണത്...എന്‍റെ നാടിന്‍റെ,സ്നേഹത്തിന്‍റെ,അതുവഴിയുള്ള പ്രാക്തന നിര്‍മ്മലാനന്ദ ബോധത്തിന്‍റെ,കെട്ടൊഴിഞ്ഞ അറിവിന്‍റെ സ്മരണയാണത്....


No comments:

Post a Comment