Sunday, 19 June 2016

പ്ലാന്‍ററേഷന്‍-ഓര്‍മ്മ

ചുവപ്പില്‍,ഒരു പച്ചക്കുരുവി

”കുരുവിയെന്നത് ഒരു വിളിപ്പേരാണ്...കുരുവി സുബ്രന്‍......അദ്ദേഹം അടിച്ചില്ലിക്കാരനായിരുന്നു എന്നാണ് ഓര്‍മ്മ...ഡ്രൈവറായിരുന്ന സുബ്രേട്ടന്‍റെ ഇടതു കൈ ഒരപകടത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ നാട്ടുകാരാണ് ആ പേര് നല്‍കിയത്...അങ്ങനെ ഡ്രൈവര്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം,
ആരോ വഴി യൂണിയനാഫീസിന്‍റെ നോട്ടക്കാരനായി എത്തുകയാണുണ്ടായത്...
ഒരുകാലത്ത് ഒരാരാധനാലയം പോലെ സജീവമായിരുന്ന യൂണിയനാഫീസ്,കുരുവിയെത്തുന്ന സമയത്ത് കാലം തീര്‍ത്ത അതിന്‍റെ സ്വാഭാവിക ആലസ്യത്തിലായിരുന്നു...യൂണിയനാഫീസിന്‍റെ അഞ്ചേക്കര്‍ ഭൂമിയോട് അദ്ദേഹം,   തന്‍റെ   ഒറ്റക്കൈ അധ്വാനത്താല്‍ സംവദി  ക്കുകയായിരുന്നു...പ്ളാന്‍റേഷനിലെ പശുക്കള്‍ നല്‍കിയ ചാണകത്തിന്‍റെയും,റബ്ബര്‍കരിയില-ഉണക്കകമ്പുകള്‍ കത്തിയ    ചാരത്തിന്‍റെയും,ജൈവസാധ്യതകള്‍ അനക്കാദമികമായ ഒരു നാട്ടിന്‍പുറ അറിവിനെ പിന്‍ചേര്‍ന്ന് നിന്നു,,,,താന്‍ എന്താണ് ചെയ്യുന്നതെന്നറിയാതെ ആ മനുഷ്യന്‍ കാലത്തിന് മുന്‍പേ സഞ്ചരിക്കുക എന്ന തെറ്റ് ചെയ്തു,,,അങ്ങനെയാണ് യൂണിയനാഫീസ് പുരയിടം ഞങ്ങള്‍ക്ക് നഷ്ടമായ നാട്ടുരുചികളാല്‍ നിറയുന്നത്,,,നിരക്ഷരമായ,കൃഷിഗാഥയും,കൃഷിഗീതയും,,,,നാടന്‍ ചാരായത്തിന്‍റെ ലഹരിയില്‍ കരുണാര്‍ദ്രനായ കുരുവി,പ്രിയോര്‍ മാങ്ങയും,കരിക്കും തന്ന് ഞങ്ങള്‍,കുട്ടികളെ  സ്നേഹിച്ചു,,,മുട്ട പുഴുങ്ങിയപോലുള്ള വേളാങ്കി കപ്പ  വേവിച്ച്,പച്ചമുളകുടച്ച്,വാളന്‍പുളിചേര്‍ത്തൂണ്ടാക്കിയ,രസികന്‍ ചമ്മന്തി കൂട്ടി വയറ് നിറയെ തന്നു,,,ലഹരിയിറങ്ങുമ്പോള്‍ വീണ്ടും കാര്‍ക്കശ്യക്കാരനായ കാവല്‍ക്കാരനായി,,,  തക്കം കിട്ടിയാല്‍ മാമ്പഴവും, കരിക്കും,കപ്പയും, മോഷ്ടിക്കുന്ന ഞങ്ങളോട്  പടവെട്ടാന്‍ വന്നു,,,,വാറ്റിന്‍റെ ശുദ്ധിയില്‍ വീണ്ടും ആര്‍ദ്രനായി,,,ഒരിക്കല്‍ പോലും വീടുകളില്‍ പരാതിയെത്തിച്ച് തല്ലുകൊള്ളിച്ചില്ല,,,,യൂണിയനാഫീസ് മുറ്റത്ത് ഇലകൊഴിച്ച് നിറയെ ചെമ്പൂവണിഞ്ഞ് നിന്ന വാകവൃക്ഷത്തില്‍,കൂട് വെച്ച ഒരു പച്ചക്കുരുവിയായിരുന്നു സുബ്രേട്ടന്‍,,,ചുവപ്പിന്‍റെ നൈതികതയും,പച്ചയുടെ ജൈവികതയും,,,,,,ബൌദ്ധികജാടകളെ ഒഴിച്ചുനിറുത്തുന്ന ഒരു ഗാന്ധി-മാര്‍ക്സ് പ്രയോഗം,,,ഇടയ്ക്കെന്നോ,ചില സഖാക്കളുടെ അനിഷ്ടത്തില്‍ ആ പച്ചക്കുരുവിയും കൂടൊഴിച്ച് പറന്നുപോയി,,,വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സൃഹുത്ത് തൃശൂര്‍ പട്ടണത്തില്‍ വെച്ച് കുരുവിയെപ്പോലെ ഒരാളെ കണ്ടതായി പറഞ്ഞു,,, ഭിക്ഷാടകനായി കൈനീട്ടി നിന്ന അദ്ദേഹത്തോട് സുഹൃത്ത് ചോദിച്ചു കുരുവിയല്ലേ?” മറുപടിയുണ്ടായില്ല,,,എന്നാലും ആ ചോദ്യത്തില്‍,അയാളുടെ കണ്ണുകളില്‍ ആഴമേറിയ ഒരു ദൈന്യത നിറയുന്നത്,സുഹൃത്ത് കണ്ടുവത്രേ,,,ഇല്ല,,അത് കരുവിയായിരിക്കില്ല,,,
എന്‍റെ കുട്ടിമനസ്സില്‍ മനുഷ്യന്‍റെ, തോല്‍ക്കാനുള്ള   വിസമ്മതത്തെ,ആദ്യമായി കോറിയിട്ടത് കുരുവിയാണ്,,,അല്ലാതെ ചെഗുവേരയോ,മണ്ടേലയോ,കെന്‍സാരോവിവയോ ഒന്നുമല്ല,,,,



No comments:

Post a Comment