Wednesday, 3 August 2016

പ്ലാന്‍റേഷന്‍ ഓര്‍മ്മ-22





 ബ്ലാക്ക്ബോര്‍ഡില്‍ വിരിഞ്ഞ
കാക്കപ്പൂവുകള്‍






പോസ്റ്റാഫീസ് ജംഗ്ഷനടുത്ത് ഒന്‍പതാം ബ്ളോക്കില്‍ സ്ഥ്തിചെയ്തിരുന്ന,   വിന്നേഴ്സ് കോളേജ്,കാലടിപ്ളാന്‍റേഷനെ സംബന്ധിച്ച് വെറുമൊരു പാരലല്‍കോളേജായിരുന്നില്ല.ഒരു സര്‍വ്വകലാശാലയായിരുന്നു...ഇന്നും,എപ്പോഴും,പച്ചപ്പുല്‍മേടുകളില്‍ പോക്കുവെയില്‍ വീണ ഒരു ടിബറ്റന്‍ കാഴ്ചയായി,ആത്മാവില്‍ വീണ വിശദചന്ദ്രികയിലെ നീഹാരികങ്ങളായി ഓര്‍മ്മകളുടെ ഖനനങ്ങളില്‍ അവിടുത്തെ ജീവിതം എന്നെ വിമോഹിപ്പിക്കുന്നു....പാരസ്പര്യാധ്യയനത്തിന്‍റെ മികച്ച ദൃഷ്ടാന്തമായിരുന്നു വിന്നേഴ്സിലേത്...പ്രതിഭയുള്ള അധ്യാപക-വിദ്യാര്‍ത്ഥി സംഗമത്തില്‍ രൂപംകൊണ്ട ബോധനരീതി...അതുകൊണ്ട്തന്നെ ലോകംമുഴുവനുമുണ്ട്, ആ നന്മ നനവുമായി അവിടുത്തെ കുട്ടികള്‍.....വളരെ യാദൃശ്ചികമായി അവിടെ അധ്യാപകനായി എത്തപ്പെട്ട എന്‍റെ ജീവിതത്തിലെ വലിയ സ്വാധീനമാണ് അവിടെ ചിലവഴിച്ച കാലം..സഹ-അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും വലിയ സുഹൃദ് ശൃംഗലയാണ് അവിടുന്ന് കിട്ടിയ വലിയ സ്വത്ത്....സംഗമകലുന്ന, അക്കാലത്തെ ചില സെന്‍ അനുഭവങ്ങള്‍ എന്‍റെ കാഴ്ചപ്പാടുകളെ വല്ലാതെ മാറ്റിത്തീര്‍ത്തിട്ടുണ്ട്.. കാണുക...ഏറ്റവും,നൈസര്‍ഗ്ഗികമായ ജീവിതം,മനുഷ്യാര്‍  ജ്ജിതമായ അറിവുകളുടെ    തിരസ്കരണം കൂടിയാണ്.. ഓര്‍മ്മകളുടെ ഒരു പ്രഭാതത്തില്‍ ഞാന്‍ ചൂരലുമായി ആറാംക്ലാസ്സിലേയ്ക്ക് യാത്രചെയ്യുകയാണ്.... ക്ലാസ്സിലെത്തിയ ഞാന്‍കണ്ടത് ബ്ലാക്ക്ബോര്‍ഡിനടിയില്‍ നിരനിരയായി നിറയെ കുത്തിനിറുത്തിയിരിക്കുന്ന കാക്കപ്പൂക്കളാണ്...ആരാണിത് ചെയ്തത്...??”മറുപടിയായി  ഉടന്‍ എഴുന്നേറ്റ് നിന്നത് ക്ലാസ്സിലെ ഏറ്റവും പഠിക്കാത്തവന്‍ എന്ന് ഏവരും ഉപേക്ഷിച്ചവന്‍...നാട്ടുനടപ്പ് സൌന്ദര്യബോധത്തെ രസിപ്പിക്കാത്ത  മൃഗമുഖന്‍ ...       ഭയപ്പാടോടെ                നിന്ന,അവന്‍റെ കണ്ണുകളിലെ  ആദിമമായ   ആഴങ്ങളിലൂടെ,പൊടുന്നനെയുള്ള സൂക്ഷ്മശരീരത്തിന്‍റെ പ്രകാശനം......വാക്കും,നോക്കും,ചിത്രങ്ങളും,ഇല്ലാത്ത മനന സംവേദനം... എന്‍റെ ചൂരല്‍ ഡംഭം അറിയാതെ താഴുന്നു...അപ്പുക്കിളിയുടെ കാരങ്ങള്‍പ്പോലെ ,ശുദ്ധം,ശൂന്യം,
നിര്‍ഗ്ഗുണംബ്ളാക്ക്ബോര്‍ഢില്‍ നിറഞ്ഞ് ആ കാക്കപ്പൂവുകള്‍ വീണ്ടുമെന്‍റെ ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു... ഒരു നിമിഷം അവന്‍,ഒരു കാട്ടുപൂവിന്‍റെ ഗന്ധമില്ലാ സുഗന്ധങ്ങളില്‍ ധ്യാനാത്മകനായ ബുദ്ധനായി..ഞാനോ അധികാരത്തിന്‍റെ വ്യര്‍ത്ഥതയറിഞ്ഞ    പ്രസേന്നജിത്ത്....ആരാണ്  ഗുരു...ഇന്നും സ്നേഹ്നാന്ധഹൃദയം അവന്‍ എന്നോട് മൃദുവായി പറയുന്നുണ്ട് ഗുരോ, എന്താണ് പഠിപ്പ്...നേടിയ എല്ലാ പഠിപ്പും  ചോര്‍ത്തിയൊഴുക്കി  കളയലല്ലേയത്...നോക്കൂ നിറയെ പൂത്തും,കായ്ക്കുഞ്ഞുങ്ങളെ വിരിയിച്ചും, മുറ്റത്ത് ഒരു പനസവൃക്ഷം.....





Monday, 11 July 2016

പ്ലാന്‍റേഷന്‍ ഓര്‍മ്മ-21






ജലസസ്യം 


    കരയിലും,വെള്ളത്തിലും ജീവിക്കുന്ന ജീവിയേത് ???” എന്‍റെയും,എനിയ്ക്ക് മുന്‍പും-പിന്‍പുമായി വന്നിട്ടുള്ള തലമുറകള്‍ക്കും അനുഭവസാക്ഷ്യമായ ഉത്തരം കേട്ട്, പ്ലാന്‍റേഷന്‍ സ്കൂളിലെ സര്‍ഗ്ഗധനരായ അധ്യാപകര്‍ കോപം കൊണ്ടില്ല....കറുപ്പന്‍ചേട്ടന്‍എന്ന ആ ഉത്തരത്തിലെ,പാഠപുസ്കത്തെ മറികടന്ന,ഒരു കുട്ടിയുടെ പരിസരനിരീക്ഷണബോധത്തെ,അവര്‍ പാരമ്പര്യമായി അംഗീകരിച്ചുപോന്നു...സ്കൂള്‍ പഠിപ്പുകള്‍ നമ്മെ ശീലബന്ധിതരാക്കുമ്പോള്‍,എങ്ങനെയാണ് ഒരു കറുപ്പന്‍ ചേട്ടനെ,അല്ലെങ്കില്‍ എന്‍റെ നാടിന്‍റെ മഹാസമ്പത്തായിരുന്ന അത്തരം പച്ച(genuine) മനുഷ്യരെ അവതരിപ്പിക്കുക എന്നെനിക്കറിയില്ല....ഈ സാഹസത്തില്‍ ഞാന്‍ പതറിവീഴുന്നത് കണ്ട് എന്നോട് പൊറുക്കുക....ഈ ഓര്‍മ്മയെഴുത്തിനിടയില്‍ വാക്കുകളൊഴിഞ്ഞ് പേനതൊടാനാവാതെ ഞാന്‍ വ്യാകുലനായി നില്‍ക്കുന്നു....ഗുലാംഅലിയെ വീണ്ടും വിണ്ടും പാടിച്ചുകൊണ്ട് ഞാനിത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. കറുത്ത് ഉയരം കുറഞ്ഞതും,ഒതുങ്ങി ബലവത്തായതുമായ ആ ശരീരത്തിന്‍റെ മണങ്ങള്‍ എന്തായിരുന്നിരിക്കും എന്ന് ഞാന്‍ ആലോചിച്ചുപോകാറുണ്ട്....അദ്ദേഹമിന്നില്ല...ചേറിന്‍റെ മാസ്മരികഗന്ധങ്ങളിലൂടെ യാത്രപോയതാകാം,,, കറുപ്പന്‍ചേട്ടന്‍,കാലവര്‍ഷാരംഭത്തിന് മുന്‍പായി കാട്ടില്‍നിന്നും മൂത്ത മുളവെട്ടി ചീമ്പിയെടുത്ത് മീന്‍കൂടുകളൊരുക്കി കാത്തിരുന്നു...മഴ,നൂലിറങ്ങി,നൂലിറങ്ങി ക്കനത്തുകനത്ത്,മലകളെയും,കുന്നുകളെയും   കോടയില്‍ മറച്ച്, ജലഭിത്തികൊണ്ട് എന്‍റെ നാടിനെ സൌരപഥത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു  നീര്‍ഗ്രഹമാക്കും...വലുതും ചെറുതുമായ തോടുകള്‍ ചേര്‍ന്ന് ഒറ്റപ്പുഴയാകും..കൂടുകളും,ചൂണ്ടകളുമായി ധാരാളം പേരുണ്ടാകും...ഒരിക്കലും കറുപ്പന്‍ചേട്ടന്‍ അവരിലൊരാളായിരുന്നില്ല...പാറക്കെട്ടുകളില്‍ മഴയത്തുമാത്രം വിരിയുന്ന കുഞ്ഞരുവികളുടെ യാത്രാപഥങ്ങളില്‍ ചെറുതായി പതിഞ്ഞു വരുന്ന പായല്‍ പച്ചയിലൂടെ,വലിയതോടുകള്‍ വിട്ട്,ഏതോ ജനിതക പാരസ്പര്യ ബോധത്തില്‍,ഊത്തല്‍ മീനുകള്‍ കൂട്ടത്തോടെ കൂടുമായി കാത്തിരുന്ന കറുപ്പന്‍ ചേട്ടനെ തേടിവന്നു......നിശ്ശബ്ദം,അനുസരണയോടെ ആ കല്ലട മീന്‍കൂട്ടങ്ങള്‍ കൂ ടുകളില്‍ കയറിക്കൂടി... ഒരു മുന്‍ നിശ്ച്ചയം പോലെ....ഈ പ്രപഞ്ചജനിതക പാരസ്പര്യത്തിന്‍റെ പരിണതി കാണുക...വേനല്‍ക്കാലത്ത് വലിയതോട്,അങ്ങിങ്ങ് മാത്രം വെള്ളം കെട്ടിയ അനേകം കുളങ്ങളുടെ ശൃംഗലയാവും. ചേണി നിറഞ്ഞ ചേരുംകുളത്തില്‍ നിന്ന് വായിലും,കൈകളിലും നിറയെ കഴുത്തൊടിഞ്ഞ മുഷി മല്‍സ്യങ്ങളുമായി,പന്നല്‍ച്ചെടികള്‍ക്കിടയില്‍   കറുപ്പന്‍ ചേട്ടന്‍ മുളച്ച്പൊങ്ങി വരുന്നത് അത്ഭുതത്തോടെ ഞങ്ങള്‍ നോക്കിനിന്നു...കറുപ്പന്‍ചേട്ടന്‍ ഒരുമനുഷ്യനായിരുന്നില്ല!!!  ക്ഷോണീഗര്‍ഭങ്ങളില്‍   നിന്ന് ചേറിലൂടെ വിടര്‍ന്ന് വന്ന ഒരുജലസസ്യം.. ഐതിഹ്യമാലയിലെ ഒരു മായാപാത്രം...നിശ്ചല-ചലനങ്ങള്‍ക്കിടയിലെ ഒരൂ ജൈവരൂപം....ഇനിയൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനാ പിതാമഹന്‍റെ കൈകളില്‍ ഒന്ന് തൊടും,,,പിന്നെ ആ ഗന്ധമറിയാന്‍ ഒന്ന് മണക്കും,,,,,അത് എന്‍റെ മണമായിരിക്കുമോ.... എന്‍റെ നാടിന്‍റെ മണം....







Sunday, 19 June 2016

പ്ലാന്‍ററേഷന്‍-ഓര്‍മ്മ

ചുവപ്പില്‍,ഒരു പച്ചക്കുരുവി

”കുരുവിയെന്നത് ഒരു വിളിപ്പേരാണ്...കുരുവി സുബ്രന്‍......അദ്ദേഹം അടിച്ചില്ലിക്കാരനായിരുന്നു എന്നാണ് ഓര്‍മ്മ...ഡ്രൈവറായിരുന്ന സുബ്രേട്ടന്‍റെ ഇടതു കൈ ഒരപകടത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ നാട്ടുകാരാണ് ആ പേര് നല്‍കിയത്...അങ്ങനെ ഡ്രൈവര്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം,
ആരോ വഴി യൂണിയനാഫീസിന്‍റെ നോട്ടക്കാരനായി എത്തുകയാണുണ്ടായത്...
ഒരുകാലത്ത് ഒരാരാധനാലയം പോലെ സജീവമായിരുന്ന യൂണിയനാഫീസ്,കുരുവിയെത്തുന്ന സമയത്ത് കാലം തീര്‍ത്ത അതിന്‍റെ സ്വാഭാവിക ആലസ്യത്തിലായിരുന്നു...യൂണിയനാഫീസിന്‍റെ അഞ്ചേക്കര്‍ ഭൂമിയോട് അദ്ദേഹം,   തന്‍റെ   ഒറ്റക്കൈ അധ്വാനത്താല്‍ സംവദി  ക്കുകയായിരുന്നു...പ്ളാന്‍റേഷനിലെ പശുക്കള്‍ നല്‍കിയ ചാണകത്തിന്‍റെയും,റബ്ബര്‍കരിയില-ഉണക്കകമ്പുകള്‍ കത്തിയ    ചാരത്തിന്‍റെയും,ജൈവസാധ്യതകള്‍ അനക്കാദമികമായ ഒരു നാട്ടിന്‍പുറ അറിവിനെ പിന്‍ചേര്‍ന്ന് നിന്നു,,,,താന്‍ എന്താണ് ചെയ്യുന്നതെന്നറിയാതെ ആ മനുഷ്യന്‍ കാലത്തിന് മുന്‍പേ സഞ്ചരിക്കുക എന്ന തെറ്റ് ചെയ്തു,,,അങ്ങനെയാണ് യൂണിയനാഫീസ് പുരയിടം ഞങ്ങള്‍ക്ക് നഷ്ടമായ നാട്ടുരുചികളാല്‍ നിറയുന്നത്,,,നിരക്ഷരമായ,കൃഷിഗാഥയും,കൃഷിഗീതയും,,,,നാടന്‍ ചാരായത്തിന്‍റെ ലഹരിയില്‍ കരുണാര്‍ദ്രനായ കുരുവി,പ്രിയോര്‍ മാങ്ങയും,കരിക്കും തന്ന് ഞങ്ങള്‍,കുട്ടികളെ  സ്നേഹിച്ചു,,,മുട്ട പുഴുങ്ങിയപോലുള്ള വേളാങ്കി കപ്പ  വേവിച്ച്,പച്ചമുളകുടച്ച്,വാളന്‍പുളിചേര്‍ത്തൂണ്ടാക്കിയ,രസികന്‍ ചമ്മന്തി കൂട്ടി വയറ് നിറയെ തന്നു,,,ലഹരിയിറങ്ങുമ്പോള്‍ വീണ്ടും കാര്‍ക്കശ്യക്കാരനായ കാവല്‍ക്കാരനായി,,,  തക്കം കിട്ടിയാല്‍ മാമ്പഴവും, കരിക്കും,കപ്പയും, മോഷ്ടിക്കുന്ന ഞങ്ങളോട്  പടവെട്ടാന്‍ വന്നു,,,,വാറ്റിന്‍റെ ശുദ്ധിയില്‍ വീണ്ടും ആര്‍ദ്രനായി,,,ഒരിക്കല്‍ പോലും വീടുകളില്‍ പരാതിയെത്തിച്ച് തല്ലുകൊള്ളിച്ചില്ല,,,,യൂണിയനാഫീസ് മുറ്റത്ത് ഇലകൊഴിച്ച് നിറയെ ചെമ്പൂവണിഞ്ഞ് നിന്ന വാകവൃക്ഷത്തില്‍,കൂട് വെച്ച ഒരു പച്ചക്കുരുവിയായിരുന്നു സുബ്രേട്ടന്‍,,,ചുവപ്പിന്‍റെ നൈതികതയും,പച്ചയുടെ ജൈവികതയും,,,,,,ബൌദ്ധികജാടകളെ ഒഴിച്ചുനിറുത്തുന്ന ഒരു ഗാന്ധി-മാര്‍ക്സ് പ്രയോഗം,,,ഇടയ്ക്കെന്നോ,ചില സഖാക്കളുടെ അനിഷ്ടത്തില്‍ ആ പച്ചക്കുരുവിയും കൂടൊഴിച്ച് പറന്നുപോയി,,,വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സൃഹുത്ത് തൃശൂര്‍ പട്ടണത്തില്‍ വെച്ച് കുരുവിയെപ്പോലെ ഒരാളെ കണ്ടതായി പറഞ്ഞു,,, ഭിക്ഷാടകനായി കൈനീട്ടി നിന്ന അദ്ദേഹത്തോട് സുഹൃത്ത് ചോദിച്ചു കുരുവിയല്ലേ?” മറുപടിയുണ്ടായില്ല,,,എന്നാലും ആ ചോദ്യത്തില്‍,അയാളുടെ കണ്ണുകളില്‍ ആഴമേറിയ ഒരു ദൈന്യത നിറയുന്നത്,സുഹൃത്ത് കണ്ടുവത്രേ,,,ഇല്ല,,അത് കരുവിയായിരിക്കില്ല,,,
എന്‍റെ കുട്ടിമനസ്സില്‍ മനുഷ്യന്‍റെ, തോല്‍ക്കാനുള്ള   വിസമ്മതത്തെ,ആദ്യമായി കോറിയിട്ടത് കുരുവിയാണ്,,,അല്ലാതെ ചെഗുവേരയോ,മണ്ടേലയോ,കെന്‍സാരോവിവയോ ഒന്നുമല്ല,,,,



Thursday, 24 March 2016

കുളവാഴകള്ക്കിടയിലെ കാട്ടുചേമ്പിന് പഴങ്ങള്-പ്ലാന്റേഷന് ഓര്മ്മ(20)


സൌഹൃദോര്ജ്ജങ്ങളുടെ,ആല്മരം.....

കാലടിപ്ലാന്‍റേഷന്‍ പോസ്റ്റാഫീസ് ജംഗ്ഷനില്‍,വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ഒരു മഹാ പ്രതീകമാണ്.കാറ്റിലും,കാറ്റിലല്ലാതെയും ഇളകുന്ന ആലിലകള്‍ നിരുപാധിക സൌഹൃദത്തിന്‍റെ ശുദ്ധമായ ഊര്‍ജ്ജ പ്രവാഹമാകുന്നു...ഖസാക്കിലാരംഭിക്കുന്ന ഗൌരവമാര്‍ന്ന വായനയുടെ തീര്‍ത്ഥാടനത്തിന് സമപ്രായക്കാരനായ സോജനായിരുന്നു,എനിയ്ക്കെന്നും തുണ...വായനയുടെ ആത്മീയസുഖങ്ങള്‍ പരസ്പരം  പങ്കുവെച്ചാണ് ഞങ്ങള്‍  വളര്‍ന്നത്...പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എവിടെനിന്നൊ കിട്ടിയ കലാകൌമുദിയുടെ ഒരു ലക്കം എനിയ്ക്ക് തന്ന്,സോജന്‍ ജിദ്ദുകൃഷ്ണമൂര്‍ത്തിയെ പരിചയപ്പെടുത്തുന്നത്...
മത-പാഠപുസ്തകങ്ങള്‍ക്കപ്പുറം,നീരീക്ഷണവും,മനനവുമാണ് ശുദ്ധാവബോധത്തിന്‍റെ വഴിയെന്ന്,ജിദ്ദുവാണ് പഠിപ്പിക്കുന്നത്...
സോജന്‍ എനിയ്ക്ക്മുന്‍‍പേ പ്ലാന്‍റേഷനോട് വിട പറഞ്ഞ് .ഗള്‍ഫിലേക്ക്തി രിക്കുമ്പോള്‍,യാത്ര പറയാന്‍ വന്നപ്പോഴാണ് ബുദ്ധന്‍ കത്തിയെരിയുന്നു സെന്‍ കഥകളുടെ സമാഹാരം, തരുന്നത്...രാവിലെ ബുദ്ധവിഗ്രഹത്തെ പ്രാര്‍ത്ഥിക്കുന്ന ഗുരു,വൈകിട്ടത്തെ കടുത്ത തണുപ്പില്‍,വിഗ്രഹത്തെ കത്തിച്ചെടുത്ത്,ചൂടുകായുന്നു...
കലാകൌമുദിയിലെ ജിദ്ദുവില്‍ നിന്ന് കത്തുന്ന ബുദ്ധനിലേക്കുള്ള ദൂരത്തിന്‍റെ, ആത്മീയ തരംഗദൈര്‍ഘ്യങ്ങള്‍ക്കിടയിലുള്ള കുറേ സൌഹൃദങ്ങള്‍,ഞാന്‍ തീകൊളുത്താതെ മാറ്റിവെയ്ക്കുന്ന വലിയ നിധിയാണ്...വ്യക്തിത്വത്തില്‍ നൈസര്‍ഗ്ഗികമായ ഒരുതരം പിന്‍വാങ്ങല്‍ സ്വഭാവമുള്ള(Withdrawal Syndrom) തിനാല്‍,എന്‍റെ ഏതൊരു എഴുത്തും പാതിവഴിയില്‍,എന്തിന്???എന്ന് മുടന്തി നിന്ന് പോകുന്നു..ഉദയന്‍ അതികാല്‍പ്പനികമായ,വാക്കുകളും,നിശ്ശബ്ദതയും കൊണ്ട് പ്രകോപിപ്പിച്ചാണ് ഈ കുറിപ്പുകളെ തന്നെ ഇത്രയും എത്തിക്കുന്നത്..
.ഇത്തരത്തിലുള്ള മനോ-നിറവിന്‍റെ,ഉത്ഥാനത്തിന്,  വിഷയീഭവിക്കുന്ന  സൌഹൃദങ്ങളുടെ   ബിംബമാണ്   ആ  ആല്‍മരം..നിലാവുള്ള ഒരു രാത്രിയില്‍ ശുദ്ധ വാറ്റിന്‍റെ ലഹരിയില്‍,ഞങ്ങള്‍ അലഞ്ഞെത്തിയപ്പോള്‍,ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത് സോജന്‍ നട്ടതാണത്...എന്‍റെ നാടിന്‍റെ,സ്നേഹത്തിന്‍റെ,അതുവഴിയുള്ള പ്രാക്തന നിര്‍മ്മലാനന്ദ ബോധത്തിന്‍റെ,കെട്ടൊഴിഞ്ഞ അറിവിന്‍റെ സ്മരണയാണത്....


Monday, 7 March 2016

കുളവാഴകള്ക്കിടയിലെ കാട്ടുചേമ്പിന് പഴങ്ങള്-ഓര്മ്മ(19)




എരുമമൂട്ടകളുടെ പടയേറ്റം
മനുഷ്യന്‍റെ സാമ്പത്തികമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി,മനുഷ്യധീയില്‍ നിന്നുടലെടുക്കുന്ന പരിഹാരങ്ങള്‍
എത്രമാത്രം പര്യാപ്തമാണ്.അല്ലെങ്കില്‍ അവയെ സമഗ്രമാക്കുവാനുള്ള സാംസ്ക്കാരികവും,ആത്മീയവുമായ ശേഷി ഉള്ളവയാണോ നമ്മുടെ രാഷ്ട്രീയ ചിന്താപദ്ധതികള്‍....പ്രകൃതിയുടെ ഭാഷയെ അവര്‍ എങ്ങനെയാണ്, ജീവിതത്തിന്‍റെ രണ്ടറ്റവും തേടുന്ന സാധാരണ മനുഷ്യനുവേണ്ടി പരിഭാഷയാക്കുന്നത്.....
റബര്‍തോട്ടത്തിനുമാത്രം പരിചിതമായ ഒരു കീടം..
ഒരു ഷഡ്പദ ജീവി...അവയ്ക്കിടയിലെ  അസ്പൃശ്യന്.അതാണ് എരുമമൂട്ട....കറുത്തനിറമാണോ അതിന് ആ പേരുകിട്ടാനിടയായതെന്നറിയില്ല.,.പഴയകാലത്തെ വലിയ പോലീസ് ബസ്സിനെ ഓര്‍മ്മിപ്പിക്കുന്നതാണ് അതിന്‍റെ രൂപഘടന...റബര്‍മരങ്ങള്‍ പൂക്കുന്ന കാലങ്ങളില്‍,പൂക്കളില്‍ നിന്നും വിരിഞ്ഞിറങ്ങിയ എരുമമൂട്ടകള്‍,സന്ധ്യാവേളകളില്‍ മനുഷ്യാവാസങ്ങളിലേക്ക് കൂട്ടമായി പറന്ന് പടയേറ്റം നടത്തി..
വിളക്കുകള്‍ അണച്ച്,തകരപ്പാട്ടകള്‍ കൊട്ടി അവയെ പിന്‍തിരിപ്പിക്കുക എന്ന വിദ്യ ഞങ്ങളുടെ മാതാ-പിതാക്കള്‍ അനുഭവത്തിലൂടെ അറിഞ്ഞിരുന്നു.ആ ജീവികളുണ്ടാക്കുന്ന ആരോഗ്യപരമോ,പാരിസ്ഥിതികമോ ആയ പ്രശനങ്ങളില്‍ വ്യാകുലരാകാതെ ഞങ്ങള്‍ കുട്ടികള്‍ ഈ പാട്ടകൊട്ടല്‍ ഒരാഘോഷമാക്കി...റബര്‍ക്കോലുകള്‍ കൊണ്ടുള്ള കൊട്ടല്‍ സംഗീതാത്മകമാക്കാനും ഞങ്ങള്‍ മല്‍സരിച്ചുപോന്നു...തകരപ്പാട്ടകളുടെ സംഗീതത്തില്‍ വഴിമാറിപ്പറന്ന അവ സ്കൂളിന്‍റെ
മച്ചുകളില്‍,സ്കൂളിലെ ബഞ്ചിന്‍റെയും,ഡസ്കിന്‍റെയും വിടവുകളില്‍,അവിടെനിന്നും,മയില്‍പ്പീലികള്‍ പ്രസവിക്കാത്ത ഞങ്ങളുടെ പുസ്തകത്താളുകളില്‍ സുഷുപ്തിയിരുന്നു..അവയുടെ രൂക്ഷഗന്ധമാര്‍ന്ന വെളുത്ത സ്രവം.പുസ്തകത്താളുകളിലും,ഞങ്ങളുടെ ദേഹത്തും തവിട്ടുനിറത്തിന്‍റെ ചില അടയാളങ്ങള്‍ പതിപ്പിച്ചിട്ടു....എന്തായിരുന്നിരിക്കാം അതിന്‍റെയര്‍ത്ഥം..പ്രകൃതിയുടെ നാനാത്വത്തെ,അംഗീകരിക്കാത്ത രാഷ്ട്രീയ വികസനചിന്തകളോടുള്ല ഒരോര്‍മ്മപ്പടുത്തല്‍..????

കൊച്ചുമനുഷ്യരുടെ പ്രകൃതിയിലേക്കുള്ല ഉണര്‍ച്ചയ്ക്ക് ഒരടയാളമിടല്‍.????...ഇന്നത്തെ വളരെ വളരെ വൈകിയ ഒരു തിരിച്ചറിവ്...മാപ്പര്‍ഹിക്കാത്തതും...

Sunday, 14 February 2016

കുളവാഴകള്ക്കിടയിലെ കാട്ടുചേമ്പിന് പഴങ്ങള്(ഓര്മ്മ-18)


കിണറുകള്

ഏതാണ്ട് എല്‍-ആകൃതിയില്‍ കിടന്ന,ഞങ്ങളുടെ ക്വാര്‍ട്ടേഷ്സിനെ,എല്‍- എന്ന അക്ഷരത്തിന്‍റെ ലംബത്തേയും,
സമാന്തരത്തേയും പകുത്ത്കൊണ്ട്സ്വല്‍പ്പം ഉയര്‍ന്നഭാഗത്തായിട്ടായിരുന്നു കിണര്‍.പൈപ്പ് വെള്ളം വരുന്നതിന് മുന്‍പ് ഈ കിണറായിരുന്നു കുടിവെള്ളത്തിനായി ഏക ആശ്രയം.ആ കിണര്‍ ഞങ്ങളെ അപ്പുറത്ത്കാരെന്നും ഇപ്പുറത്ത്കാരെന്നും വിഭജിച്ചു നിര്‍ത്തി.കിണറിന് തൊട്ടുതാഴെ വലിയതോടും,അപ്പുറത്തെ ക്വാര്‍ട്ടേഴ്സിന് താഴെ ഏത് മഴയത്തും കലങ്ങാതെ കുഞ്ഞ്തോടും ഒഴുകി.കിളിത്തട്ട് കളിയില്‍,ഒളിച്ച്കളിയില്‍,മലവെള്ളത്തില്‍ പുഴയാവുന്ന വലിയതോട്ടിലെ മുങ്ങാംകുഴിയിട്ട് കളിയില്‍ എവിടെയും ഞങ്ങള്‍ അപ്പുറത്തുകാരും ഇപ്പുറത്തുകാരുമായി സ്വയംവിഭജിച്ച് നിന്നു.തോട്ടത്തിന്‍റെ സംസ്ക്കാരം എപ്പോഴും അങ്ങനെയായിരുന്നു.കുറേക്കൂടി വിശാലമാകുമ്പോളത് പോസ്റ്റാഫീസ്കാരനെന്നും, ഫാക്ടറിക്കാരനെന്നും,എ&എഫ്കാരനെന്നും ഒക്കെയാകുമായിരുന്നെന്ന്മാത്രം.ദൈവം ഉപേക്ഷിച്ചവരോ,ദൈവത്തെ ഉപേക്ഷിച്ചവരോ എന്നറിയില്ല ഞങ്ങളുടെ മാതാപിതാക്കള്‍ അന്ന് ദരിദ്രരും,ഒറ്റപ്പെട്ടവരും,ആത്മീയമായി ഏകാന്തരും ആയിരുന്നു...അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്ന്കൊണ്ട് ഞങ്ങളെക്കരുതി അവര്‍ എത്രമാത്രംവ്യാകുല പ്പെട്ടിരിക്കും...റബറെന്ന ഒറ്റമരസംസ്കൃതിയില്‍ ഉണ്ടായി വളര്‍ന്നവരുടെ ഗതിയെന്താകുമെന്ന് അവര്‍ ഓര്‍ക്കാതെ ഓര്‍ത്തിട്ടുണ്ടാകണം....ഒരുപ്രത്യയശാസ്ത്രവും അത് കാണാന്‍ മാത്രം കെല്‍പ്പുള്ളതായിരുന്നില്ല...കിണറിന് എല്ലാം അറിയാമായിരുന്നു....എന്‍റെ നാട്ടിലെ നീര്‍ച്ചാലുകള്‍,തോട്ടത്തിനായി മുറിയ്ക്കപ്പെടാതെ നിന്ന ഒറ്റമരങ്ങള്‍,തോടിന്‍ വക്കത്തെ ചെളിയില്‍ പുതഞ്ഞ് നിന്ന കുളവാഴകള്‍,കാട്ട്ചേമ്പുകള്‍,,,അധികം അകലത്തല്ലാതെ നിന്ന് മോഹിപ്പിച്ച കുന്നിന്‍ ചെരിവുകള്‍....പാറക്കൂട്ടങ്ങള്‍.....അവര്‍ എല്ലാം അറിയുന്നുണ്ടായിരുന്നു...ത്യജിക്കപ്പെട്ട ഒരു ജനതയുടെ മക്കളെച്ചൊല്ലിയുള്ള പറയാത്ത വേദനകള്‍....ഇന്നാണ് ഞാനത് തിരിച്ചറിയുന്നത്...എവിടെപ്പോയിട്ടായാലും സൂര്യാസ്തമയത്തോടെ ഞങ്ങള്‍ ആ കിണര്‍ വക്കത്ത് ഒത്ത് ചേര്‍ന്നു..ഒരിക്കലും,വറ്റാത്ത കലങ്ങാത്ത കിണര്‍...എന്നും ഇളം തണുപ്പുള്ള ജലം...രണ്ടുബക്കറ്റ് വെള്ളം വീതം തലയിലേക്ക് കോരിയൊഴിച്ച്,കാലുകള്‍ കിണറിലേക്കിട്ട്,കിണറിന് ചുറ്റുമായി ഞങ്ങളിരുന്നു..നിര്‍ദ്ദോഷമായകളിയാക്കലുകള്‍,സൌഹൃദഭാഷണങ്ങള്‍,,,,ജലത്തിന്‍റെ തണുപ്പേറ്റ് വാങ്ങിയ കിണറിന്‍റെ കരിങ്കല്‍കെട്ടും,നിറയെ വളര്‍ന്ന്നിന്ന പന്നല്‍ച്ചെടികളും..അവയില്‍ നിന്ന് കണങ്കാലില്‍ പടര്‍ന്ന ആ തണുപ്പ്,റബ്ബറിനിടയില്‍ നഷ്ടപ്പടാതെ നിന്ന ഒറ്റമരങ്ങളില്‍ നിന്ന്, നീരൊഴുക്കില്‍ നിന്ന്,കുന്നിന്‍ ചെരിവുകളില്‍ നിന്ന് വന്നതാകണം....അവിടെ ഞങ്ങള്‍, അപ്പുറത്തുകാരും,ഇപ്പുറത്തുകാരുമല്ലാതായി,പോസ്റ്റാഫീസുകാരും,ഫാക്ടറിക്കാരും,എ&എഫ്കാരും,അല്ലാതായി,,,ഹിന്ദുവും,ഇസ്ലാമും.ക്രിസ്ത്യാനിയും അല്ലാതായി,,,എന്‍റെ നാട്ടിലെ എല്ലാക്കിണറുകളും...ആകാശങ്ങളോട്,കൈവിട്ട ദൈവങ്ങളോട് പരിഭവങ്ങളുടെ പരിമളതൈലം നിറച്ച വെണ്‍കല്‍ഭരണികളായി...ഇന്ന് മറ്റൊരു നാടിനും അവകാശപ്പെടാനാവാത്തവിധം
ലോകമെങ്ങുമുണ്ട് എന്‍റെ പ്ലാന്‍റേഷന്‍ സഹോദരങ്ങള്‍....
.അന്‍റോണിയോഫിഗാഫെറ്റയോടൊപ്പം ഒരു സ്വപ്നാടനത്തില്‍ കസാന്‍ദ്സാക്കീസിന്‍റെ കുഞ്ഞുമീനിനെ ഞാനും കണ്ടു.ഏതുകനത്തവര്‍ഷത്തിലും,ഏത് കൊടും വേനല്‍ മഴയിലും,കലങ്ങാത്ത എന്‍റെ കുഞ്ഞ്തോട്ടിലെ ഒരു പൂച്ചുട്ടിമീന്‍,അത്,പായല്‍പുരണ്ട ഒരു ഉരുളന്‍കല്ലിനെ ചുംബിച്ചുകൊണ്ട് ദൈവത്തോട് കലഹിക്കുന്നു..ദൈവമേ നീ ഉപേക്ഷിക്കപ്പെട്ടവന്‍റെ,ദുര്‍ബലന്‍റെ,പരാജിതന്‍റെ,ഒപ്പം നില്‍ക്കുക,അതാണ് ദൈവത്തിന്‍റെ അടയാളം,അതുമാത്രമാണ് ദൈവത്തിന്‍റെ അടയാളം,,, ആ മീന്‍കുഞ്ഞിന് പത്മനാഭേട്ടന്‍റെ മുഖമായിരുന്നു...നമുക്കായി എല്ലാം തന്ന്

അവസാനകാലത്ത് കടുകുളങ്ങരയിലെ ലക്ഷം വീട്ടില്‍ കിടന്ന്,ആരാലും തിരിഞ്ഞ്നോക്കപ്പെടാതെ മരണപ്പെട്ട 
എ  എഫിലെ  സഖാവ് പത്മനാഭേട്ടന്‍റെ അതേ മുഖം,,,,,

Sunday, 10 January 2016

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ-17



കാലവര്‍ഷത്തില്‍ പെയ്ത ഖസാക്ക് 


കാലവര്‍ഷം........ആനമലയില്‍ നിന്നും മുകില്‍കുഞ്ഞൂങ്ങളെ ഗര്‍ഭം ധരിച്ച ആകാശം,കിളിക്കാട് മലകളില്‍ തട്ടി വര്‍ഷണം ചെയ്തു.കാറ്റിന്‍റെ വഴികളിലെ റബര്‍മരങ്ങള്‍ ഒടിഞ്ഞ് കൂടും.ഗതാഗതം നിലയ്ക്കും....വൈദ്യൂതി ഇല്ലാതാകും...പൊട്ടിവീണ് ചതഞ്ഞ പച്ചറബര്‍ക്കായ്കളുടെ മണമായിരിക്കും      എങ്ങും....രാപ്പകലുകള്‍ക്കിടയിലെ സൂക്ഷ്മസ്ഥലങ്ങളിലെവിടെയോ,പ്രകൃതിയുമായി സംവദിക്കാനൊരിടമുണ്ടെന്ന് മനസ്സ് വിങ്ങുന്നത് അത്തരം കാലവര്‍ഷ വേളകളിലായിരുന്നു...എന്തുകൊണ്ടോ ആ സംവാദത്തിലേക്കെത്താനുള്ള വഴിതെളിയാതെ പറയാനാവാത്ത ഒരലച്ചിലായിരുന്നു കൌമാരത്തിന്‍റെ അവസാന നാളുകള്‍....പോസ്റ്റാഫീസ് ജംഗ്ഷനിലെ വായനശാല,കോട്ടയംപുഷ്പനാഥ്,അഗതാക്രിസ്റ്റി,വായന പക്ഷേ വാക്കുകള്‍ക്കപ്പുറം പൂക്കുന്ന മഹാരണ്യകമാകാതെ മണ്ടി മണ്ടി നിന്നു...മഴ കനത്ത് പെയ്ത,റബര്‍ മരങ്ങള്‍ ഒടിഞ്ഞ്   തൂങ്ങിയ,  കാറ്റില്‍ പച്ച റബര്‍ക്കാ മണങ്ങള്‍ നിറഞ്ഞ,കിളിക്കാട്കുന്നിന്‍ മുകളില്‍  ഇന്ദ്രായുധം കണ്ട, ഒരു സന്ധ്യയില്‍,ലൈബ്രറിയുടെ ഓഫീസ് മുറിയില്‍ വെച്ച്,എന്‍റെ കൈയില്‍ നിന്നും കോട്ടയംപുഷ്പനാഥിനെ എടുത്ത്, ഖസാക്കിനെ വെച്ചത് ബാബുച്ചേട്ടനാണ്...ഇന്ന് ഞാന്‍ തിരിച്ചറിയുന്നു..എന്നെ മാറ്റിപ്പണിത ആ ഗുരുകൃപ...  എന്‍റേതുമാത്രമായ ഒരു കഠോപനിഷത്ത് അന്തി വേള...
ബാബുച്ചേട്ടന്‍ പോലീസ് വകുപ്പില്‍നിന്നും ഈയിടെയാണ് വിരമിച്ചത്.ഡോസ്റ്റോയ്വ്സ്കിയെന്നും,ഓ.വി.വിജയനെന്നും,സത്യജിത്റേയെന്നും,വാന്‍ഗോഗെന്നും
ഒക്കെ ഞാനാദ്യമായിക്കേട്ടത് അദ്ദേഹത്തില്‍ നിന്നുമാണ്.കൊണ്ടല്‍ക്കനം തൂങ്ങിയ ആ സന്ധ്യയില്‍ ഖസാക്ക്”, ഒരു മേഘസ്ഫോടനമായി എന്നില്‍ ഉരുകി നിറഞ്ഞു...വാക്കുകള്‍ക്കും,ചിത്രങ്ങള്‍ക്കുമപ്പുറം അറിഞ്ഞതിനേയും,അറിയാനുള്ളതിനേയും റദ്ദാക്കുന്ന തുടക്കവും ഒടുക്കവും ഇല്ലാത്ത കലയുടെ മഹാശൂന്യതയിലേക്ക്
അതെന്നെ തിരികെ നടത്തി...വൈദ്യുതി നിലച്ച എന്‍റെ നാടിന്‍റേതുമാത്രമായ സന്ധ്യകളില്‍,മണ്ണെണ്ണ വിളക്കിന്‍റെ പ്രാചീനവെട്ടത്തിലാണ്,റസ്കല്‍ നിക്കഫിന്‍റെ പാപബോധം എന്നെയും വേട്ടയാടിയത്...,കസന്‍ദ്സാക്കീസിന്‍റെ ക്രിസ്തു കരുണയായ് എന്നില്‍ കുത്തിയൊഴുകിയത്...മയോവ്സ്ക്കിയുടെ പ്രണയങ്ങള്‍ എന്‍റെ പെണ്‍ബോധങ്ങളില്‍ കൈതപ്പൂമണങ്ങള്‍ നിറച്ചത്....കാഫ്കയുടെ അസ്ഥിത്വ നൊമ്പരങ്ങളില്‍ ചെഗുവേര സാന്ത്വനമായത്...ആ ഓര്‍മ്മകളുടെ ഇങ്ങേത്തലയ്ക്കല്‍ ഞാനിന്ന് ബാബുച്ചേട്ടന് നേരെ കൈകള്‍ നീട്ടുന്നു...തലപ്പൂചൂടിയ നാഗത്താന്‍റെ പടമുള്ള കീറിയ പുറംചട്ടയോടുകൂടിയ,മുഷിഞ്ഞപേജുകളുമായി അവിടെത്തന്നെ കാണുമോ ഖസാക്കിന്‍റെ ഇതിഹാസം”…
അറിയില്ല...സര്‍പ്പദംശനത്തിന്‍റെ വിശുദ്ധിയില്‍,രവി കുഞ്ഞുണ്ണിയായും...സിദ്ധാര്‍ത്ഥനായും...പിന്നെ ആല്‍മരമായും പരിണമിച്ചു..എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഞാന്‍ 1991-ല്‍ എഴുതിയ കത്തിന് ഒരല്‍പ്പം വൈകി പോസ്റ്റ്കാര്‍ഡില്‍ മറുപടി തന്ന് എന്നോട് പ്രിയം കാട്ടി...ഞാനത് ഹൃദയത്തില്‍ ചാലിച്ച് വെച്ചിട്ടുണ്ട്...
പ്രിയപ്പെട്ട പ്രസാദ്,വൈകിയെത്തുന്ന ഈ മറുപടിയ്ക്ക് മാപ്പു തരിക.താങ്കള്‍ എന്‍റെ ദര്‍ശന രേഖയെ മനസ്സിലാക്കിയത്
എന്നെ കൃതാര്‍ത്ഥനാക്കുന്നു.സ്നേഹത്തിന് നന്ദി സ്വന്തം വിജയന്‍