Sunday, 30 August 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ-16


പക്ഷിയോണം,
ഉറുമ്പിനോണം.......

2014-ലെ ഓണത്തിന്‍റെ തൊട്ടുമുന്‍പായി നൂറോളം വര്‍ഷം ജീവിച്ച് അമ്മൂമ്മ മടങ്ങി.

കുട്ടിക്കാലത്ത് എന്‍റേയും,അയല്‍പക്കത്തെ ഏല്ലാ കുട്ടികളുടേയും വലിയ ശത്രുവായിരുന്നു അമ്മൂമ്മ.അവധിദിവസങ്ങളില്‍ പ്രത്യേകിച്ച് മധ്യവേനലവധിയില്‍,
ജോലിക്ക് പോകുന്ന അച്ഛനമ്മമാര്‍ തിരികെ വരുമ്പോള്‍,അവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന
വിലക്കുകളെ ഞങ്ങള്‍ ഏതെല്ലാം വിധത്തില്‍ ലംഘിക്കുന്നുവെന്ന് എല്ലാ വീടുകളിലും
ബോധിപ്പിച്ച്,വയറു നിറയെ അടി വാങ്ങിത്തന്നിരുന്നത് അമ്മൂമ്മയായിരുന്നു.
ഒരു മുത്തശ്ശിക്കഥപോലും പറഞ്ഞ്തരാതെ,ഒരു താരാട്ട്പോലും പാടാതെ
നല്ല അടികള്‍ മാത്രം വാങ്ങിത്തന്ന്തന്ന് അമ്മൂമ്മ.......
പക്ഷെ ഈ ഓണത്തിന് ഓണത്തപ്പന് നിവേദിച്ച ഓണയടയിലേക്ക്,കുനിയനുറുമ്പുകള്‍
വരിയിടുന്നത് കാണുമ്പോല്‍ ഞാന്‍ അമ്മൂമ്മ എന്ന വാക്കിന് മറ്റൊരര്‍ത്ഥമറിയുന്നു...
അമ്മൂമ്മ , ക്വാര്‍ട്ടേഷ്സിന്‍റെയും,റബര്‍ തോട്ടത്തിന്‍റേയും ഇടയിലെ    ഇത്തിരിപ്പോന്ന സ്ഥലത്ത്   കോവലവും,കൈപ്പയ്ക്കായും,വെണ്ടക്കയും ചാണകവും,ചാരവുംകൊടുത്ത്  വിളയിച്ചടുത്തു.ഒന്നുമില്ലായ്മയില്‍,ഒരുപയര്‍വള്ളിക്കൂമ്പില്‍നിന്നോ,മത്തങ്ങാത്തൊണ്ടില്‍ നിന്നോ
മഹാസ്വാദുകളുണ്ടാക്കി വയറ്നിറയെ ചോറ് തന്നു.ഏതുവീട്ടിലേയും,പുതു-അതിഥിയായി
പിറക്കുന്നകുഞ്ഞുങ്ങളെ കേടുതീര്‍ത്ത് കുളിപ്പിച്ചു നല്‍കി.അമ്മമാര്‍ക്ക്മുലപ്പാലുണ്ടാകുന്നതിനും,ദേഹരക്ഷയ്ക്കും,ലേഹ്യങ്ങള്‍ ഉണ്ടാക്കി നല്‍കി.റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ചെടികളെടുത്ത് മരുന്നുണ്ടാക്കി ഞങ്ങളുടെ രോഗങ്ങള്‍ ഭേദമാക്കി.മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ഡോക്ടര്‍മാര്‍ ഉപേക്ഷിച്ച അച്ഛ്‍റെ സഹോദരിയെ മൈലാഞ്ചികൊണ്ട് മടക്കി വിളിച്ചു......
വിശന്നു വരുന്ന ഒരു നടന്ന് കച്ചവടക്കാരന്,ഒരു ഭിക്ഷക്കാരന്,ഒരു പരിചയക്കാരന്,
അവര്‍ ചോദിക്കാതെ തന്നെ,കണ്ടറിഞ്ഞ്,വീട്ടിലുള്ളതിന്‍റെ വിഹിതം ഭക്ഷണം നല്‍കി...
ഓണക്കളവും,ഓണക്കളികളും ഇല്ലാതിരുന്ന ഞങ്ങളുടെ ഓണക്കാലങ്ങളില്‍,പായസ്സമുണ്ടാക്കാന്‍ കൊണ്ടുവന്ന ശര്ക്കരയുടെ വിഹിതം വാഴയിലക്കീറിലെടുത്ത് മുറ്റത്ത് വെയ്ക്കാന്‍ തന്നു...ഉറുമ്പിനോണം...,എല്ലാക്കറികളും ചേര്‍ത്ത ചോറ് കാക്കകള്‍ക്കും,മറ്റ്പക്ഷികള്‍ക്കും നല്‍കാന്‍ തന്നു...,.പക്ഷിയ്ക്കോണം......
കുട്ടിക്കാലത്ത് വളരെ അപൂര്‍വ്വമായി അമ്മൂമ്മയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോള്‍,പേന്‍ തിരയുന്നതുപോലെ തലയില്‍ വിരലുകള്‍കൊണ്ട്
ഒരുപരതലുണ്ടായിരുന്നു,അമ്മൂമ്മയ്ക്ക്,ആയിരം താരാട്ടിനേക്കാള്‍ വാല്‍സല്യത്തില്‍
ഉറക്കുന്ന ഒരു വിരല്‍ സ്പര്‍ശം....
അമ്മൂമ്മ എന്ന വാക്കിന് സ്നേഹത്തിന്‍റെ,    പ്രപഞ്ചമനസ്സോടടുത്തുനില്‍ക്കുന്ന  ഒരര്‍ത്ഥം
വരുന്നുണ്ട്......ഉറുമ്പുകളുടെ നിര നേര്‍ത്തുനേര്‍ത്തു വന്നുകൊണ്ടിരിക്കുന്നു....
നമ്മുടെയൊക്കെയുള്ളിലെ നന്‍മപോലെ....

Sunday, 9 August 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ-15

നീലജലംമരതകപ്പച്ചകള്‍...










സ്കൂളിലേക്കുള്ള യാത്ര,ഗുരുവാകുന്ന,ഉപനിഷല്‍പാഠങ്ങളാകുന്ന,കഥയാണ് ഞങ്ങളുടെ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം.പ്ലാന്‍റേഷന്‍ യു.പി.സ്കൂള്‍ ഹൈസ്കൂള്‍ ആകുന്നതിന് തൊട്ടുമുന്‍പാണ് എന്‍റെ തലമുറ.യു.പി.സ്കൂള്‍ പഠനം കഴിഞ്ഞാല്‍,തുടര്‍ന്ന് പഠിക്കാന്‍ ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ,ചാലക്കുടിപ്പുഴകടന്ന്,അതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറ ഹൈസ്ക്കൂളില്‍ എത്തണമായിരുന്നു.ചിലപ്പോള്‍ പുഴവരെ പ്ലാന്‍റേഷന്‍ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നബസ്സിലും,പലപ്പോഴും നടന്നും,ഞങ്ങള്‍ സ്കൂളിലേക്കും തിരികെയും യാത്ര ചെയ്തു.പുഴകടന്നാല്‍ എത്തുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന പ്രധാന റോഡിന്‍റെ വലതുവശം പ്ലാന്‍റേഷന്‍ വക റബ്ബര്‍ തോട്ടവും,ഇടതുവശം നാട്ടിന്‍ പുറവുമായിരുന്നു.ഞങ്ങളുടെ ക്വാര്‍ട്ടേഷിസില്‍ നിന്ന്സ്കൂളിലേക്കുള്ള നടന്ന്പോക്ക്,അതായിരുന്നു എന്‍റെ ജീവിതത്തില്‍,ഇന്നേവരെ ലഭ്യമായതില്‍,മഹത്തായ ഗുരുമൊഴികളെന്ന് ഞാന്‍ കരുതുന്നു.വേനലും,വര്‍ഷവും ഞങ്ങള്‍ക്ക് യാത്രയുടെ വ്യത്യസ്തങ്ങളായ വേദാന്ത വചനങ്ങളായി.ആണ്‍-പെണ്‍ ബോധത്തിന്‍റെ അകലങ്ങളോ,മത-ജാതി ഭേദങ്ങളോ ഇല്ലാതെ,വേനലില്‍,പ്രസാദും,സോജനും,വിന്‍സനും,ആയിഷയും,മോളിയും,സാറാമ്മയും ഒക്കെ,കിളിക്കാട് മലയുടെ ഓരത്തുള്ള നടപ്പ്-വഴി കടന്ന്കയറി,വെറ്റിലപ്പാറസ്കൂളിന്‍റെ താഴെയായി ഒഴുകുന്ന ചാലക്കുടിപ്പുഴയുടെ കരയിലെത്തി.വേനലിന്‍റെ ശാന്തതയില്‍,പുഴ നീലനിറമാര്‍ന്ന്,എന്നാല്‍
അത്രയ്ക്കൊന്നും ശുഷ്ക്കിക്കാതെ ഒഴുകുകയാവും.ഇടയ്ക്ക് പുഴയുടെ മധ്യഭാഗത്ത്, ജലത്തിന്‍റെ നീലവര്‍ണ്ണപ്രവാഹത്തെ ,രണ്ടായി പകുത്തുകൊണ്ട്,കൊച്ചു-കൊച്ചു ഹരിത്-ആരണ്യകങ്ങള്‍    വരിവരിയായി     വിരിഞ്ഞ് നിന്നു.ഞങ്ങള്‍ അവയെ തുരുത്തുകള്‍ എന്ന് വിളിച്ചു.മുട്ടോളമുള്ള വെള്ളത്തിലെ പാറകളില്‍,ആനക്കാല്‍ രൂപത്തിലുള്ള ചതിക്കുഴികളെ കൈകള്‍ കോര്‍ത്ത് പിടിച്ച്....പയ്യെ പയ്യെ നടന്ന്...ഞങ്ങള്‍    സ്കൂളിലേക്ക് മറികടന്നു.
ഇന്നും എനിയ്ക്ക്പിടിതരാത്ത ഗോപാലന്‍ മാഷിന്‍റെ ഗണിതസൂത്രവാക്യങ്ങളെ,മോഹനന്‍മാഷിന്‍റെ  ഹിന്ദി ലിപികളുടെ ത്രാസങ്ങളെ,ഉപേക്ഷിച്ച് മിക്കപ്പോഴും തുരുത്തിലെ ചോലകള്ക്ക് കീഴെ, പുഴയുടെ നീലജലത്തണുപ്പില്‍,അഭയം തേടി....പിന്നീടതിന് കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങി.
വര്‍ഷക്കാലത്തെ യാത്രാനുഭവം മറ്റൊന്നായിരുന്നു.പുഴ നിറഞ്ഞ് നടന്നുകടക്കല്‍ അസാധ്യമാകും.
ആ സമയങ്ങളില്‍ സ്കൂള്‍ബസ്സില്‍ തുടങ്ങുന്നയാത്ര മൂന്നാംബ്ളോക്ക് അല്ലെങ്കില്‍ ഒന്നാംബ്ളോക്ക് എന്നിവിടങ്ങളിലെ വഞ്ചിക്കടവുകളില്‍ എത്തുന്നു.മിക്കവാറും മൂന്നാംബ്ളോക്കിലെ കടവ് വഴിയാണ് യാത്ര.
പുഴ നീലനിറം വെടിഞ്ഞ്,ചെങ്കല്‍ നിറത്തില്‍,വലിയഓളങ്ങളോടെ,ശിഖരങ്ങളും,കടപുഴകിയ വൃക്ഷങ്ങളും
വഹിച്ച് ആര്‍ത്തൊഴുകും.ഏതൊരുകുട്ടിയേയുംപോലെ, സ്കൂളിനെ ഭയന്ന് വഞ്ചി വെയ്ക്കരുതേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കും...കടത്ത്തോണിയുടെ അമരക്കാരായ,വേലായുധന്‍നായരും,മണികണ്ഠന്‍നായരും,ഗോപാലേട്ടനും,അവറാന്‍ ചേട്ടനും.കൂടിയാലോചിച്ച്,
കണിശതയോടെ മിക്കവാറും വേലായുധന്‍നായര്‍ പറയുന്നതിതായിരിക്കും..വെള്ളം കൂടിക്കൊണ്ടിരിക്ക്യാ..പത്താംക്ലാസ്സുകാരെ മാത്രം കടത്തിവിടാം...അങ്ങനെ വൈമനസ്യത്തോടെ പത്താംക്ലാസ്സുകാര്‍ കയറിയ തോണിയെ,മലവെള്ളത്തിന്‍റെ, രൌദ്രങ്ങളെ തോല്‍പ്പിച്ച് അമരക്കാര്‍ മറുകരയെത്തിക്കും...മൂന്നാംബ്ള്ലോക്കില്‍ വഞ്ചി വെയ്ക്കാതെ വരുമ്പോളാണ്,ഒന്നാംബ്ളോക്കിലേക്ക്
പോയിരുന്നത്.അവിടെ പക്ഷെ പുഴ ആഴങ്ങളില്‍ ചുഴികളൊളിപ്പിച്ച്,നിശ്ശബ്ദം ഒഴുകുകയാവും...
സ്വപ്നസമാനം ഒരു കാഴ്ചയുടെ അനുഭവമുണ്ടവിടെ.തോണിയുടെ യാത്രാവഴിയില്‍,പുഴയുടെ മധ്യഭാഗത്തായി,നീലജലത്തില്‍ നിന്ന്,മെല്ലെമെല്ലെ,പ്രകൃതിതാളത്തില്‍ ഒരു പലാശവര്‍ണ്ണക്കുട
ഉയര്‍ന്നുയര്‍ന്ന് വന്നുതുടങ്ങിയത്  അക്കാലത്താണ്.       പിന്നീട് വര്‍‍ഷങ്ങള്‍ക്ക് ശേഷം,അതിരപ്പിള്ളിപഞ്ചായത്തിലെ ഉദ്യോഗത്തിന്‍റെ ഭാഗമായി ഈ വഴിയാത്രതുടരേണ്ടി വന്നപ്പോള്‍, എന്‍റെ ചിന്തകളില്‍ പച്ചഛായം തേച്ച,പ്രകൃതി       
യുടെ തോടടര്‍ത്തി വിരിഞ്ഞ ആ തുരുത്ത് കൂറേക്കൂടി  വി ടര്‍ന്നിരുന്നു.            ദൈവം ഭൂമിയെ നോക്കാന്‍  സാവകാശം  തുറന്ന , ഒരു വിശുദ്ധ നയനം പോലെ.....     ആ സ്കൂളിലെ അക്കാദമിക് അഭ്യാസങ്ങളെ ഞാന്‍ അന്നേ മനസ്സില്‍ നിന്ന് റദ്ദ്ചെയ്തിരുന്നു.
തീ കൊളുത്താന്‍ പിന്നെ ഇനിയെന്ത്.....ഉണ്ട്...നിബിഡമായ മലയോരത്തുള്ള മനോഹരമായ സ്കൂള്‍ കെട്ടിടം...
മുറ്റത്ത് ഞങ്ങളുടെ ക്ലാസ്സിനോട് ചേര്‍ന്ന് വളര്‍ന്നുതുടങ്ങുന്ന ഒരു ബോധിസസ്യം...മധുര സൌഹൃദങ്ങള്‍.....ഇന്നും കൈയിലുള്ള വിടവാങ്ങല്‍ ചടങ്ങിന്‍റെ, ബ്ലാക്ക് & വൈറ്റ് ഫോട്ടോയിലെ സുന്ദരികളായ പെണ്‍കുട്ടികള്‍...അച്ഛന്‍റെ തല്ല് ഭയന്ന് പ്രോഗ്രസ്സ്കാര്‍ഡ് തിരുത്തിയ കുറ്റം,സാരമില്ലെന്ന് പുറത്ത്തട്ടി,രാജിയാക്കിയ പൌലോസ്മാഷിന്‍റെ സ്നേഹവായ്പ്,അദ്ധ്യാത്മരാമായണത്തെ,എപ്പോഴും എന്‍റെ
പ്രിയപ്പെട്ടപുസ്തകമാക്കുന്ന ദിവാകരന്‍മാഷിന്‍റെ മലയാളം ക്ലാസ്സ്....തീ പിടിപ്പിക്കുന്നു ഞാന്‍ എല്ലാറ്റിനും...
പക്ഷേ....പക്ഷേ......അന്‍റോണിയോഫിഗാഫെറ്റയില്ലാത്ത,ഒരു ഏകാന്ത സ്വപ്നാടനത്തില്‍...നീലജലത്തിനുനടുവിലെ
പച്ചപ്പില്‍ ഞാന്‍,മനുഷ്യോന്‍മുഖം ചവിട്ടി നില്‍ക്കുന്നു...എന്‍റെ കൊച്ചുനാടിന്‍റെ പിതൃ-ഗുരുഗണങ്ങളില്‍പ്പെട്ട
വേലായുധന്‍നായരും,മണികണ്ഠന്‍നായരും,ഗോപാലേട്ടനും,അവറാന്‍ചേട്ടനുമെവിടെയാണ്....അവര്‍ എന്ത്ചെയ്യുന്നു....
വെള്ളിനിലാവുകള്‍,എന്നിലൂടെ പച്ചയും കടന്ന്,നീലജലത്തില്‍ പരന്നു.....ഗുരുക്കളുടെ,പിതൃക്കളുടെ
വാല്‍സല്യപൂരം......ഇനി  തീ പടരുന്നത് കണ്ണുനീരില്‍ നിന്നാവും....


Saturday, 9 May 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ-13

 പുളിയുറുമ്പുകളുടെ  സാത്വിക പാഠം

 ശിക്ഷയെ ശിക്ഷണമാക്കുന്നതിന് മഹാനായ ഒരധ്യാപകന് മാത്രമേ കഴിയൂ.
ഓര്‍മ്മയുടെ കണ്ണുനീരില്‍ മഴവില്ല് തെളിയുന്ന,അനുഭവം........റബ്ബര്‍ മരങ്ങളുടെ ഇടയില്‍ ജനിച്ചു വളര്‍ന്ന ഞങ്ങള്‍ പ്ലാന്‍റേഷന്‍കുട്ടികള്‍ക്ക്,നഷ്ടപ്പെട്ട ഋതുവര്‍ണ്ണങ്ങളെ എങ്ങനെയാണ് ബോധിപ്പിക്കാനാവുക....വാക്കുകള്‍ അപര്യാപ്തമാകുന്നു......അനാദിയായ കാലം വസന്തത്തില്‍ ചേമന്തിപ്പൂവും, ഗ്രീഷ്മത്തില്‍ വാകപ്പൂവും, വര്‍ഷത്തില്‍ കടമ്പിന്‍പൂവും,ശരത്കാലത്ത് താമരപ്പൂവും,ഹേമന്തത്തില്‍ മുല്ലപ്പൂവും,ശിശിരത്തില്‍ പാച്ചോറ്റിപ്പൂവും...വിരിയിച്ചുകൊണ്ടിരുന്നു...എന്നാല്‍ റബ്ബറിന്‍റെ ഏകത്വഭാവം,ഈ ഷഡ്കാലവ്യതിയാനങ്ങളെ അടയാളപ്പെടുത്തിയതേ ഇല്ല...പക്ഷേ ഞങ്ങളുടെ അകതാരിലെ,കാലവ്യതിയാനത്തിന്‍റെ വിളികളെ ആര്‍ക്കും മനസ്സിലായില്ല...
സ്കൂള്‍ അവധികളുടെ ഇടവേളകളില്‍ ഞങ്ങള്‍,അടുത്തുള്ള റിസര്‍വ്വ് വനങ്ങളിലേക്ക്കാട്ടുപഴരുചികള്‍ തേടി പലായനം ചെയ്തു. നാട്ടിന്‍പുറത്തിന്‍റെ തുണ്ടുകളായ, യൂണിയനാഫീസ്ന്‍റേയും,അധ്യാപകരുടെ സ്കൂളിനോട് ചേര്‍ന്ന ക്വാര്‍ട്ടേഷ്സിന്‍റെ കൃഷിയിടങ്ങളേയും, പടയോട്ടസമാനമായി ആക്രമിച്ചു....പരാതികളില്‍ മനം മടുത്ത്,ഞങ്ങളുടെ ഭാവിയില്‌ ഉല്‍ക്കണ്ടപൂണ്ട നിഷ്കളങ്കരായ മാതാ-പിതാക്കള്‍ ബല്‍റ്റും,തിരണ്ടിവാലും,ചൂരലും മറ്റുമായി ഇത്തരം കുറുമ്പുകളെ നേരിട്ടു പോന്നു.....എന്നാല്‍ ഒരു ശിക്ഷയും ശിക്ഷണമായതേ ഇല്ല....കൃഷ്ണന്‍മാഷിന്‍റെ ക്വാര്‍ട്ടേഷ്സിന് പുറകിലായി പടര്‍ന്ന് പന്തലിച്ച
ഒരു കശുമാവ് നിന്നിരുന്നു.തേന്‍രുചിയുമായി നല്ല നീളന്‍ കശുമാങ്ങപ്പഴങ്ങള്‍
വലിയകശുവണ്ടികളുമായി നിറഞ്ഞ് കിടക്കും.....അത് പൊട്ടിച്ചെടുക്കുക അതിസാഹസമാണ്.
മാഷിന്‍റെ കണ്ണ് വെട്ടിക്കുക ദുഷ്ക്കരം.മാത്രമല്ല കശുമാവിന്‍റെ ഇലകളെ ചുരുട്ടിയെടുത്ത്
സുന്ദരങ്ങളായ കൂടുകള്‍ നിര്‍മ്മിച്ച് പുളിയുറുമ്പുകളുടെ ഒരാവാസ സംസ്കൃതി....
ഒരിക്കല്‍ ഏറെ ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാഷ് ഒഴിഞ്ഞൂ നിന്ന,ഏതാനും മിനിറ്റുകള്‍...ഞാനും,സോജനും,സണ്ണിയും,പിന്നെ ഏത് മരവും കയറുന്ന വിദഗ്ദന്‍ രാജുവും..
പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉറുമ്പുകളെ കണ്ട് രാജു പിന്‍മാറുന്നു...കശുമാമ്പഴത്തിന്‍റെ, കശുവണ്ടി ചുട്ടതിന്‍റെ, രുചിയോര്‍ത്ത്,തോറ്റ് മാറാന്‍ തോന്നാതെ,ഞാന്‍ മരത്തില്‍ വലിഞ്ഞ് കയറി,മാവ് കുലുക്കിയതും,പഴങ്ങളും അതിലേറെ പുളിയുറുമ്പുകളും പൊഴിഞ്ഞ് ചാടി.
കടികൊണ്ട് പുളഞ്ഞ് ഒരുവിധം താഴെയിറങ്ങിയ എന്‍റെ ദേഹത്ത് നിന്ന് വളരെ പണിപ്പെട്ട്, കടിച്ചുതൂങ്ങുന്ന ഉറുമ്പിന്‍ കൂട്ടങ്ങളെ കൂട്ടുകാര്‍ നീക്കം ചെയ്തു. കൈയില്‍ കരുതിയിരുന്ന ചാക്കിലേക്ക് വേഗത്തില്‍ കശുമാമ്പഴങ്ങള്‍ നിറച്ചുകൊണ്ടിരുന്നപ്പോഴാണ് പുറകിലാരൊ,ഒരു കാല്‍ ശബ്ദം,നിര്‍വികാരമായ മുഖഭാവത്തില്‍,ഇത് ഞാന്‍ പണ്ടേ പ്രതീക്ഷിച്ചതാണ് എന്ന മട്ടില്‍.....കൃഷ്ണന്‍ മാഷ്...നന്നായി,വളരെ നന്നായി ഇതെങ്ങനെ പറിച്ചെടുക്കുമെന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു.എന്തായാലും ആ പറിച്ചതെല്ലാം എടുത്ത് എന്‍റെ ഇറയത്തേയ്ക്ക് വെച്ചോളു ..എന്നിട്ട് സ്ഥലം വിട്ടോ... അവസാനം വരെ ഒരു പിന്‍വിളി പ്രതീക്ഷിച്ചു..ഉണ്ടായില്ല....പിറ്റേന്ന് കൃഷ്ണന്‍ മാഷിന്‍റെ ക്ലാസ്സില്‍ തലകുമ്പിട്ടാണ് ഇരുന്നത്.ക്ലാസ്സില്‍ പരസ്യമായി പറഞ്ഞ് നാണേക്കടാവുമെന്ന് ഭയന്ന്.എന്നാല്‍ മാഷ് പതിവുപോലെ നിര്‍മമനായിരുന്നു...അന്ന് വൈകുന്നേരം സ്കൂള്‍ വിട്ട് ചെല്ലുമ്പോള്‍,ദൂരെ നിന്നുതന്നെ കശുവണ്ടി ചുടുന്ന മണം...ഇടമുറ്റത്ത് നിന്ന് അമ്മൂമ്മയാണ് കശുവണ്ടി ചുട്ടിരുന്നത്. അമ്മൂമ്മെ,ഇതെവിടെ നിന്ന് കിട്ടി, എന്ന് ഞാ‍ന്‍, അതിന്നലെ കൃഷ്ണന്‍ മാഷ് അച്ചനാവഴി വന്നപ്പൊ കൊടുത്തതാ,ആ പുളിയുറുമ്പുള്ള മാവുമ്മേന്ന്,മാഷ് ആരാണ്ടെയൊ കേറ്റി പറപ്പിച്ചതാ  ഇക്കഥ ഞാനിന്നും ഓര്‍ക്കുന്നത് വലിയ ആ അധ്യാപകനെ കാണുമ്പോഴല്ല. പുളിയുറുമ്പുകളെ കാണുമ്പോഴാണ്.....




Sunday, 12 April 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍(പ്ലാന്‍റേഷന്‍ ഓര്‍മ്മ-12)


 ഇട്ടിസാറും,ചാക്കോളവല്യപ്പനും..

..


ഉയര്‍ന്ന മാനവികതയുടെ ചില മികച്ച അടയാളങ്ങള്‍,സ്വാഭാവികമായി
പ്രകടമായിരുന്നു കാലടിപ്ലാന്‍റേഷന്‍ സമൂഹത്തില്‍.ഒന്നും നഷ്ടമാകാനില്ലാത്തവര്‍ മാത്രം, ഒത്ത് ചേര്‍ന്നുണ്ടായ ഒരു സമൂഹം,കേരളത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി സാമൂഹ്യവും,സാമ്പത്തികവുമായി ബഹിഷ്കൃതരായവര്‍,ഒറ്റയ്ക്ക് നിന്നാല്‍ പരാജയം ഉറപ്പായ ഭൂമിശാസ്ത്ര പരിമിതികള്‍, കൂടെ ഇടതുരാഷ്ട്രീയവും,ideal
എന്ന് നിസംശയം പറയാവുന്ന സ.എ.പി.കുരിയനെപ്പോലുള്ള നേതാക്കളും........
കനത്ത അടിത്തറയില്‍ ഉണ്ടായി വന്ന ഒരു സെക്കുലര്‍ സമൂഹം...അടുത്തകാലം വരെ അതവിടെ നിലനില്‍ക്കുകയും ചെയ്തിരുന്നു...
ഇടക്കാലത്ത് പള്ളികളും,അമ്പലങ്ങളും ഉണ്ടായി വന്നെങ്കിലും ഉല്‍സവങ്ങളും,പെരുന്നാളുകളും,എല്ലാവരും ചേര്‍ന്ന് നടത്തിപ്പോന്നു...നാട്ടിന്‍പുറത്ത് താമസം തുടങ്ങിയപ്പോഴാണ് ഞാനാ നാടിന്‍റെ മേന്‍മയറിയുന്നത്...ഇവിടെ ഞാന്‍പോലുമറിയാതെ മതപരവും,ജാതീയവുമായ ഐഡന്‍റിറ്റി എനിയ്ക്ക് ചാര്‍ത്തിത്തന്ന് പിരിവിന് വന്നവരോട് ഞാന്‍ ഹിന്ദുവാണെന്ന് നിങ്ങളോട് ആര് പറഞ്ഞു ?” എന്ന് ചോദിക്കാന്‍ ചങ്കുറപ്പ് തന്നതും,ആ പ്ലാന്‍റേഷന്‍ ജീനുകളാണ്....
ഏതോരു രാഷ്ട്രീയദര്‍ശനവും,അധികാരത്തിന്‍റെ ഭാഗമാകുമ്പോള്‍,ദുഷിച്ച് ഹിംസാത്മകമാകുന്നതിന് ചരിത്രം സാക്ഷിയാണ്.സ.എ.പി.യുടെ പാര്‍ട്ടിയും അതിന്
ഭിന്നമല്ല...ഇനി ഒരു വ്യക്തിയുടെ നന്മയെ അത്ര തന്നെ അരാഷ്ട്രീയമെന്ന് വിളിക്കാമൊ...ഇല്ല എന്നാണ് എന്‍റെ പക്ഷം...കമ്യൂണിസ്റ്റല്ലാത്ത ഇട്ടിസാറിന്‍റെ നന്‍മയെ,കമ്യൂണിസ്റ്റായ ചാക്കോള വല്യപ്പന്‍റെ നിസ്വ-സ്വപ്നങ്ങളെ, കേട്ടും,നിരീക്ഷിച്ചും വളര്‍ന്നതു കൂടിയാണ്...എന്‍ തലമുറയുടെ കരുത്ത്...
കോട്ടയംകാരനായ ഇട്ടിസാര്‍,പുരാണിക് എന്‍സൈക്ക്ലോപീഡിയ എഴുതിയ വെട്ടം മാണിയുടെ സഹോദരനായിരുന്നു...അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടേയുള്ളു.കണ്ടിട്ടില്ല..
1966-ലെ പട്ടിണി സമരകാലം...ഇപ്പോള്‍ പോസ്റ്റാഫീസ് കവലയില്‍ കാണുന്ന റേഷന്‍കട അന്ന് 10-ാം ബ്ള്ലോക്കിലായിരുന്നു.നടത്തിപ്പ്കാരന്‍ ഇട്ടി സാറും. പട്ടിണി സമരകാലത്ത്,കൊടും ദാരിദ്യത്തിലായ തൊഴിലാളികളെ സൌജന്യറേഷന്‍ നല്‍കി സഹായിച്ച വലിയ നന്‍മയായിരുന്നു അദ്ദേഹം...മാര്‍ക്സിയന്‍ഡയലറ്റിക്സ് പഠിച്ച ചാക്കോള വല്യപ്പന്‍ സമൂഹത്തില്‍നിന്ന് സ്വയം തിരസ്കൃതനായി പോസ്റ്റാഫീസ് കവലയിലെ വായനശാലയുടെ തിണ്ണയില്‍ ഉറങ്ങുകയും, വാറ്റിന്‍റെ ലഹരിയില്‍ കവലയിലെ,ചെങ്കൊടി പാറുന്ന കൊടിമരത്തില്‍ പിടിച്ച് നിന്ന് വിലപിക്കുകയും ചെയ്തു...ഏ.കെ.ജീ...എന്‍റെ ഏ.കെ.ജീ.. ഞാന്‍ കോണ്‍ഗ്രസാവൂല്ല...പശുഎറച്ചി കൂട്ടൂല്ലാ... ഏ.കെ.ജീ...എന്‍റെ ഏ.കെ.ജീ..ഇത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്...അതെ മറ്റുള്ളവരുടെ കണ്ണുനീര്‍ നമ്മുടെ ആത്മാവില്‍ നിന്നും പ്രവഹിക്കുന്നതാണ് ശരിയായ രാഷ്ട്രീയ മാനവികത....കേള്‍വിയും,കാഴ്ചയും ഗുരുക്കന്‍മാരായ കൌമാരവും,യൌവ്വനവും...

Sunday, 15 March 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ-പതിനൊന്ന്


ഒറ്റ്







1975-ലെ അടിയന്തിരാവസ്ഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍,സ്കൂളിന്‍റെ ഏതോ ക്ലാസ്സ്മുറിയില്‍, സരസുടീച്ചര്‍ പഠിപ്പിക്കുന്നു....വലിയ ശബ്ദത്തില്‍
പടക്കം പൊട്ടുന്നപോലെ എന്തോ...സി.ഐ.ടി.യു-വിന്‍റെ കുത്തക തകര്‍ക്കാന്‍ ഐ.എന്‍.ടി.യു.സി ഉണ്ടാക്കുന്നതിനായി 
പോലീസ് സഹായത്തോടെ എത്തിയവരുമായുള്ള,ഏറ്റുമുട്ടലും...വെടിവെപ്പും...ബഹളവും....എന്തായാലുംസ്കൂള്‍ ഉടനെ വിടുകയും ചെയ്തു...പക്ഷേ അടിയന്തിരാവസ്ഥയെ ഇന്ന് ഞാന്‍, എന്‍റെ നാടിന്‍റെ രേഖപ്പെടുത്താത്ത ചരിത്രത്തില്‍ നിന്നും...സ്മൃതിയില്‍ നിന്നും...വീണ്ടെടുക്കുമ്പോള്‍...അന്തസ്സോടെ പറയാം...സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഭീകരമായ സ്ഥാപനഹിംസയ്ക്കെതിരെ...എന്‍റെ നാടിന്‍റെ വികേന്ദ്രീകൃതചെറുത്തു നില്‍പ്പിന്‍റെ കഥ....കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച്  കമ്യൂണിസ്റ്റായ പലരും, പോലീസ് ജീപ്പുകളില്‍ സഹവേട്ടക്കാരായപ്പോള്‍... ....കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാതെ, സ.എ.പി.കുരിയന്‍ എന്ന ഒറ്റ വികാരത്തിന്‍മേല്‍ കമ്യൂണിസ്റ്റായ,അച്ഛനും,പള്ളിയാന്‍ പൌലോസ്ചേട്ടനും,ചന്ദ്രന്‍ചേട്ടനുമൊക്കെ,കോണ്‍ഗ്രസ്സാവാന്‍ മടിച്ച്,പോലീസ് വേട്ട ഭയന്ന് ഇഞ്ചമുള്‍ക്കാടുകളില്‍ ഒളിഞ്ഞിരുന്നു...ഒരിക്കല്‍ എ.കെ.ജി.വന്നതായി മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു..അദ്ദേഹത്തിന്‍റെ കാറിലെ ചെങ്കൊടിയഴിക്കാന്‍ വന്ന പോലീസിനെ,അദ്ദേഹം നേരിട്ടതും...ആ വരവ് തൊഴിലാളികള്‍ക്ക് നല്‍കിയ ആത്മവിശ്വാസവും മറ്റും...

പക്ഷേ എന്‍റെ കാഴ്ചയിലെ ധീരനായ പോരാളി ബാര്‍ബര്‍ ഗംഗാധരേട്ടനാണ്...പോസ്റ്റാഫീസ് ജംഗ്ഷനില്‍ കാന്‍റീനോടുചേര്‍ന്നുള്ള തോട്ടത്തിലെ വലിയരണ്ട് റബ്ബര്‍ മരങ്ങള്‍ക്കിടയിലാണ്,അദ്ദേഹത്തിന്‍റെ ബാര്‍ബ്ബര്‍ ഷാപ്പ് പ്രവര്‍‍ത്തിച്ചിരുന്നത്.. വലിയ രണ്ട് വേരുകള്‍ക്ക് നടുവിലായി ഒരു സ്റ്റൂള്‍..കത്രികയും..മറ്റായുധങ്ങളും പൊതിഞ്ഞ് വേരുകള്‍ക്കിടയില്‍ തള്ളിവെയ്ക്കും..മുടിവെട്ടുന്നതിനിടയില്‍,ഇടംവലം നോക്കി,ആയുധം പൊതിഞ്ഞ കടലാസ് തുറക്കും...അതൊരു ദേശാഭിമാനിപത്രമായിരിക്കും..പിന്നെ മുടിവെട്ടിനൊപ്പം അല്‍പ്പം രാഷ്ട്രീയ ചര്‍ച്ചകൂടിയാവും...എന്നാല്‍ ഇതധികകാലം നിലനിന്നില്ല.ഒരുദിവസം .മുടിവെട്ടിക്കൊണ്ട് നിന്ന ഗംഗാധരേട്ടനെ പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ടുപോയി.ജീപ്പിലേക്കെറിയുന്നത്..കാന്‍റീനിന്‍റെ പനമ്പ്പാളികള്ക്കിടയിലൂടെ ഞങ്ങള്‍ ഭയത്തോടെ കണ്ടു നിന്നു...അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജയില്‍ വിട്ടുവന്ന ഗംഗാധരേട്ടന്‍,ജയിലിലെ മോശം ഭക്ഷണത്തിനെതിരെ പ്രതിഷേധിച്ചതും,ചമ്മന്തി ഭിത്തിയില്‍ എറിഞ്ഞ് പിടിപ്പിച്ചതും മറ്റും..പറഞ്ഞ്,ചുമച്ച്,പറഞ്ഞ്,ചുമച്ച്...ശോണിതമാര്‍ന്ന കഫം തുപ്പി...പയ്യെപയ്യെ ജനത്തിനും അദ്ദേഹം പഴഞ്ചന്‍ ബാര്‍ബറായി..അങ്ങനെ ഒരുദിവസം ആരോടും പറയാതെ ഗംഗാധരേട്ടന്‍
എങ്ങോട്ടോ പൊയ്ക്കളഞ്ഞു...അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നോ,ക്ഷയരോഗം സുഖപ്പെട്ടുവോ എന്നോ
എനിയ്ക്കറിയില്ല...എങ്കിലും സ.എ.കെ.ജി. ചരിത്രമായി,പാര്‍ലമെന്‍റെംഗണത്തില്‍ പ്രതിമയായി..സിലബസ്സായി....അടിയന്തരാവസ്ഥയുടെ കൊടും ഭീകരതയെ,വികേന്ദ്രീകൃതമായി ചെറുത്ത
ആയിരമായിരം..ഗംഗാധരന്‍മാരോട് കാലം എന്താണ് ചെയ്തത്...അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍,മാനിഫെസ്റ്റോ വായിക്കാതെ കമ്യൂണിസ്റ്റായ ഈ പാവങ്ങളുടെ വേദനയെ എങ്ങനെയാണ് അഭിസംബോധന ചെയ്തത്....എന്താണ് അവരില്‍ നിന്നും പിന്‍ ചരിത്രത്തിലേക്ക് പകര്‍ന്നെടുത്തത്....ഓര്‍ക്കുമ്പോള്‍ മനം തപിക്കുന്നു....മാപ്പാക്കുക പ്രിയ ഗംഗാധരേട്ടാ....കാരണം അമ്മ ഒരിക്കല്‍ പറഞ്ഞതിതാണ്...അടിയന്തിരാവസ്ഥയിലെ ഒറ്റുകാരൊക്കെയാണ് ഇപ്പോള്‍ വലിയ സഖാക്കന്‍ മാരായി പിരിവിന് നടക്കണത്...


Sunday, 8 March 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(പത്ത്)

സ. എ.പി.കുരിയന്‍-നഷ്ടപ്പെട്ട ചെമ്പകമരം(രണ്ട്




രണ്ടായിരത്തിയാറ്,ജനുവരിയില്‍ പ്ലാന്‍റേറേഷനോട് വിട പറഞ്ഞ്,ഞാന്‍ മലയാറ്റൂരിനടുത്ത് നീലീശ്വരത്ത് താമസമാക്കി.വളരെ വിചിത്രമാണത്...പിന്നീട് ഇന്നേവരെ പ്ലാന്‍റേഷന്‍ പശ്ചാത്തലത്തിലല്ലാത്ത ഒരൊറ്റ സ്വപ്നം പോലും ഞാന്‍ കണ്ടിട്ടില്ല.സംഭവം നടക്കുന്നത് നീലീശ്വരത്തും,ജോലിയിടത്തും ഒക്കെയായിരിക്കും പക്ഷേ പശ്ചാത്തലം തികച്ചും എന്‍റെ നാട്...
ഒരിക്കല്‍ അതിമനോഹരമായ ഒരു സ്വപ്നത്തിലേക്ക് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്‍റെ നോബല്‍ പ്രഭാഷണത്തില്‍ നിന്നും അന്‍റോണിയോ ഫിഗാഫെറ്റയെന്ന ഇറ്റാലിയന്‍ സഞ്ചാരി ഇറങ്ങി വന്നു.മാഗല്ലനോടൊപ്പം ലോകം ചുറ്റിയ ആ മുതുമുത്തശ്ശന്‍റെ ഹരിതവിരലുകളില്‍ തൂങ്ങി ഞാന്‍ യാത്രയാവുന്നു.നിലാവു് സമുദ്രത്തിലൂടെ ഊളിയിട്ട് ഞങ്ങള്‍ കാലടിപ്ലാന്‍റേഷന്‍ സ്കൂളിന് താഴെയായുള്ള വെണ്ണക്കല്‍ പാറയില്‍ അപ്പൂപ്പന്‍ താടികളായി പറന്നിറങ്ങി...അവിടെ ഞങ്ങളെ കാത്തിരുന്നു മുഷിഞ്ഞ സുഹൃത്തുക്കള്‍...
രാമകൃഷ്ണേട്ടന്‍റെ മോഷ്ടിച്ചെടുത്ത ചാരായവും,അമ്മയറിയാതെ സോജന്‍ അടുക്കളയില്‍ നിന്നും പൊക്കിയ മീന്‍ചാറൊഴിച്ച ചോറിന്‍കലവും...ഗംഭീരമായ സ്വീകരണം..
നാടന്‍ വാറ്റിന്‍റെ പ്രാക്തനരുചിഭേദങ്ങള്‍....എവിടെ ജോണ്‍.....ചുള്ളിക്കാടിന്‍റെ പരുക്കന്‍ ശബ്ദത്തിന് ശ്രീനിയുടെ പ്രണയോര്‍ജ്ജം നിറച്ച മറുഭാഷ്യം...കല്ലാണിരാഗത്തില്‍ ജയപ്രകാശിന്‍റെ
പുല്ലാങ്കുഴല്‍... ചെഗുവേരയുടെ മോട്ടോര്‍സൈക്കില്‍ ഡയറികളില്‍  വിന്‍സെന്‍ററ് വാന്‍‌‍ഘോഗിന്‍റെ ഭ്രാന്തന്‍ പ്രണയങ്ങളെ എഴുതിച്ചേര്‍ക്കണമെന്ന് ഉദയന്‍‍...നക്ഷത്രോന്‍മുഖമായി വെണ്ണപ്പാറയില്‍   കിടന്ന് തങ്കച്ചന്‍ പറഞ്ഞു ഈ അപ്പന്‍മാരെയൊന്നും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യൊം ഇല്ല എന്തൊരു സുഖാ...
നാടന്‍ വാറ്റ് എവിടെയും അങ്ങനെയാണ്...അത് നമ്മെ നമ്മുടെ വേരുകളിലേക്ക് ഒഴുക്കി വിടും.. എന്ന് ഫിഗാഫെറ്റോ.....പക്ഷേ ഞാന്‍ വിരക്തമായ ഒരസ്വസ്ഥതയിലായിരുന്നു...ആരുമറിയാതെ റോഡിലേക്കിറങ്ങി പോസ്റ്റാഫീസ് കവലയിലേക്ക് നടന്നു...പതിവുപോലെ കൂട്ടമായും,ചിതറിയും നിന്നും,കിടന്നും പശുക്കള്‍.....എന്‍റെ സാന്നിധ്യം അവര്‍ കാര്യമാക്കിയില്ല....അപ്പുച്ചേട്ടന്‍റെ ചായക്കടയും...രാമകൃഷ്ണപ്പണിക്കരുടെ ലൈബ്രറിയും,അടഞ്ഞു കിടന്നു...വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സൊറപറഞ്ഞിരിക്കാറുള്ള സ്റ്റേജ് ശൂന്യം...
സോജന്‍ നട്ട ആല്‍മരവും നിശ്ചലമായിരുന്നു....എന്നാല്‍ ഞാന്‍ പോലും അറിയാതെ ഞാനെന്താണ് തേടുന്നത്..പെട്ടെന്നായിരുന്നു ആ ശബ്ദം നീ തേടുന്ന ചെമ്പകപ്പൂമണങ്ങള്‍ ഈ കാറ്റിലിനി ഇല്ല...നിന്‍ മനസ്സിലെ നാട്ടിന്‍പുറതുണ്ടുകളും..ചെമ്പകമരങ്ങളും മുറിച്ച് നീക്കി യൂണിയനാഫീസിന്‍റെ പറമ്പു നിറയെ അവര്‍ റബ്ബര്‍ നട്ടു, എ.പി.യുടെ പിന്‍ മുറക്കാര്‍.....
എങ്കിലും,വര്‍ഗ്ഗത്തേയും,വര്‍ഗ്ഗസമരത്തേയും അപ്രസക്തമാക്കുന്ന പുതുകാലത്തില്‍ ഇടതുപക്ഷനൈതികതയുടെ വെടിമരുന്ന് നിറച്ച ചെമ്പകമണങ്ങള്‍ മനസ്സില്‍ നിറഞ്ഞ നിന്‍റെ തലമുറ പുണ്യം ചെയ്തിരിക്കുന്നു...എന്‍റെ നെറ്റിയില്‍ ഫിഗാഫെറ്റയുടെ കൈപ്പടത്തിന്‍റെ പച്ചത്തണുപ്പ്...അദ്ദേഹം മാഞ്ഞുപോയിരുന്നു... പശുക്കള്‍ അയവെട്ടാതെ നിശബ്ദരായി...
ആല്‍മരം ഏല്ലാമറിഞ്ഞിട്ടും,ഒന്നും അറിയാത്തതുപോലെ, കുഞ്ഞോളങ്ങളായി....
അന്ന് ആഗസ്റ്റ് 30 സഖാവ് എ.പി.യുടെ ചരമദിനം....