1975-ലെ അടിയന്തിരാവസ്ഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍,സ്കൂളിന്‍റെ ഏതോ
ക്ലാസ്സ്മുറിയില്‍, സരസുടീച്ചര്‍ പഠിപ്പിക്കുന്നു....വലിയ ശബ്ദത്തില്‍
പടക്കം പൊട്ടുന്നപോലെ എന്തോ...സി.ഐ.ടി.യു-വിന്‍റെ കുത്തക തകര്‍ക്കാന്‍ ഐ.എന്‍.ടി.യു.സി ഉണ്ടാക്കുന്നതിനായി
പോലീസ് സഹായത്തോടെ
എത്തിയവരുമായുള്ള,ഏറ്റുമുട്ടലും...വെടിവെപ്പും...ബഹളവും....എന്തായാലുംസ്കൂള്‍ ഉടനെ
വിടുകയും ചെയ്തു...പക്ഷേ അടിയന്തിരാവസ്ഥയെ ഇന്ന് ഞാന്‍, എന്‍റെ നാടിന്‍റെ
രേഖപ്പെടുത്താത്ത ചരിത്രത്തില്‍ നിന്നും...സ്മൃതിയില്‍ നിന്നും...വീണ്ടെടുക്കുമ്പോള്‍...അന്തസ്സോടെ
പറയാം...സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഭീകരമായ സ്ഥാപനഹിംസയ്ക്കെതിരെ...എന്‍റെ
നാടിന്‍റെ വികേന്ദ്രീകൃതചെറുത്തു നില്‍പ്പിന്‍റെ കഥ....”കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ” വായിച്ച് കമ്യൂണിസ്റ്റായ പലരും, പോലീസ് ജീപ്പുകളില്‍
സഹവേട്ടക്കാരായപ്പോള്‍... ....”കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ” വായിക്കാതെ,
സ.എ.പി.കുരിയന്‍ എന്ന ഒറ്റ വികാരത്തിന്‍മേല്‍ കമ്യൂണിസ്റ്റായ,അച്ഛനും,പള്ളിയാന്‍ പൌലോസ്ചേട്ടനും,ചന്ദ്രന്‍ചേട്ടനുമൊക്കെ,കോണ്‍ഗ്രസ്സാവാന്‍
മടിച്ച്,പോലീസ് വേട്ട ഭയന്ന് ഇഞ്ചമുള്‍ക്കാടുകളില്‍ ഒളിഞ്ഞിരുന്നു...ഒരിക്കല്‍
എ.കെ.ജി.വന്നതായി മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു..അദ്ദേഹത്തിന്‍റെ കാറിലെ
ചെങ്കൊടിയഴിക്കാന്‍ വന്ന പോലീസിനെ,അദ്ദേഹം നേരിട്ടതും...ആ വരവ് തൊഴിലാളികള്‍ക്ക്
നല്‍കിയ ആത്മവിശ്വാസവും മറ്റും...
പക്ഷേ എന്‍റെ കാഴ്ചയിലെ ധീരനായ പോരാളി ബാര്‍ബര്‍
ഗംഗാധരേട്ടനാണ്...പോസ്റ്റാഫീസ് ജംഗ്ഷനില്‍ കാന്‍റീനോടുചേര്‍ന്നുള്ള തോട്ടത്തിലെ
വലിയരണ്ട് റബ്ബര്‍ മരങ്ങള്‍ക്കിടയിലാണ്,അദ്ദേഹത്തിന്‍റെ ബാര്‍ബ്ബര്‍ ഷാപ്പ് പ്രവര്‍ത്തിച്ചിരുന്നത്..
വലിയ രണ്ട് വേരുകള്‍ക്ക് നടുവിലായി ഒരു സ്റ്റൂള്‍..കത്രികയും..മറ്റായുധങ്ങളും
പൊതിഞ്ഞ് വേരുകള്‍ക്കിടയില്‍ തള്ളിവെയ്ക്കും..മുടിവെട്ടുന്നതിനിടയില്‍,ഇടംവലം
നോക്കി,ആയുധം പൊതിഞ്ഞ കടലാസ് തുറക്കും...അതൊരു “ദേശാഭിമാനി”പത്രമായിരിക്കും..പിന്നെ
മുടിവെട്ടിനൊപ്പം അല്‍പ്പം രാഷ്ട്രീയ ചര്‍ച്ചകൂടിയാവും...എന്നാല്‍ ഇതധികകാലം
നിലനിന്നില്ല.ഒരുദിവസം .മുടിവെട്ടിക്കൊണ്ട് നിന്ന ഗംഗാധരേട്ടനെ പോലീസുകാര്‍
വലിച്ചിഴച്ച് കൊണ്ടുപോയി.ജീപ്പിലേക്കെറിയുന്നത്..കാന്‍റീനിന്‍റെ
പനമ്പ്പാളികള്ക്കിടയിലൂടെ ഞങ്ങള്‍ ഭയത്തോടെ കണ്ടു നിന്നു...അടിയന്തിരാവസ്ഥയ്ക്ക്
ശേഷം ജയില്‍ വിട്ടുവന്ന ഗംഗാധരേട്ടന്‍,ജയിലിലെ മോശം ഭക്ഷണത്തിനെതിരെ
പ്രതിഷേധിച്ചതും,ചമ്മന്തി ഭിത്തിയില്‍ എറിഞ്ഞ് പിടിപ്പിച്ചതും
മറ്റും..പറഞ്ഞ്,ചുമച്ച്,പറഞ്ഞ്,ചുമച്ച്...ശോണിതമാര്‍ന്ന കഫം തുപ്പി...പയ്യെപയ്യെ
ജനത്തിനും അദ്ദേഹം പഴഞ്ചന്‍ ബാര്‍ബറായി..അങ്ങനെ ഒരുദിവസം ആരോടും പറയാതെ
ഗംഗാധരേട്ടന്‍
എങ്ങോട്ടോ പൊയ്ക്കളഞ്ഞു...അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നോ,ക്ഷയരോഗം
സുഖപ്പെട്ടുവോ എന്നോ
എനിയ്ക്കറിയില്ല...എങ്കിലും സ.എ.കെ.ജി. ചരിത്രമായി,പാര്‍ലമെന്‍റെംഗണത്തില്‍
പ്രതിമയായി..സിലബസ്സായി....അടിയന്തരാവസ്ഥയുടെ കൊടും ഭീകരതയെ,വികേന്ദ്രീകൃതമായി
ചെറുത്ത
ആയിരമായിരം..ഗംഗാധരന്‍മാരോട് കാലം എന്താണ് ചെയ്തത്...അടിയന്തിരാവസ്ഥയ്ക്ക്
ശേഷം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍,മാനിഫെസ്റ്റോ വായിക്കാതെ കമ്യൂണിസ്റ്റായ ഈ പാവങ്ങളുടെ
വേദനയെ എങ്ങനെയാണ് അഭിസംബോധന ചെയ്തത്....എന്താണ് അവരില്‍ നിന്നും പിന്‍
ചരിത്രത്തിലേക്ക് പകര്‍ന്നെടുത്തത്....ഓര്‍ക്കുമ്പോള്‍ മനം
തപിക്കുന്നു....മാപ്പാക്കുക പ്രിയ ഗംഗാധരേട്ടാ....കാരണം അമ്മ ഒരിക്കല്‍
പറഞ്ഞതിതാണ്...”അടിയന്തിരാവസ്ഥയിലെ
ഒറ്റുകാരൊക്കെയാണ് ഇപ്പോള്‍ വലിയ സഖാക്കന്‍ മാരായി പിരിവിന് നടക്കണത്...”
No comments:
Post a Comment