നീലജലം, മരതകപ്പച്ചകള്‍...
സ്കൂളിലേക്കുള്ള യാത്ര,ഗുരുവാകുന്ന,ഉപനിഷല്‍പാഠങ്ങളാകുന്ന,കഥയാണ്
ഞങ്ങളുടെ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം.പ്ലാന്‍റേഷന്‍ യു.പി.സ്കൂള്‍ ഹൈസ്കൂള്‍
ആകുന്നതിന് തൊട്ടുമുന്‍പാണ് എന്‍റെ തലമുറ.യു.പി.സ്കൂള്‍ പഠനം കഴിഞ്ഞാല്‍,തുടര്‍ന്ന്
പഠിക്കാന്‍ ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ,ചാലക്കുടിപ്പുഴകടന്ന്,അതിരപ്പിള്ളി
പഞ്ചായത്തിലെ വെറ്റിലപ്പാറ ഹൈസ്ക്കൂളില്‍ എത്തണമായിരുന്നു.ചിലപ്പോള്‍ പുഴവരെ പ്ലാന്‍റേഷന്‍
സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നബസ്സിലും,പലപ്പോഴും നടന്നും,ഞങ്ങള്‍
സ്കൂളിലേക്കും തിരികെയും യാത്ര ചെയ്തു.പുഴകടന്നാല്‍ എത്തുന്ന അതിരപ്പിള്ളി
വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന പ്രധാന റോഡിന്‍റെ വലതുവശം പ്ലാന്‍റേഷന്‍ വക റബ്ബര്‍
തോട്ടവും,ഇടതുവശം നാട്ടിന്‍ പുറവുമായിരുന്നു.ഞങ്ങളുടെ ക്വാര്‍ട്ടേഷിസില്‍
നിന്ന്സ്കൂളിലേക്കുള്ള നടന്ന്പോക്ക്,അതായിരുന്നു എന്‍റെ ജീവിതത്തില്‍,ഇന്നേവരെ
ലഭ്യമായതില്‍,മഹത്തായ ഗുരുമൊഴികളെന്ന് ഞാന്‍ കരുതുന്നു.വേനലും,വര്‍ഷവും ഞങ്ങള്‍ക്ക്
യാത്രയുടെ വ്യത്യസ്തങ്ങളായ വേദാന്ത വചനങ്ങളായി.ആണ്‍-പെണ്‍ ബോധത്തിന്‍റെ
അകലങ്ങളോ,മത-ജാതി ഭേദങ്ങളോ ഇല്ലാതെ,വേനലില്‍,പ്രസാദും,സോജനും,വിന്‍സനും,ആയിഷയും,മോളിയും,സാറാമ്മയും
ഒക്കെ,കിളിക്കാട് മലയുടെ ഓരത്തുള്ള നടപ്പ്-വഴി കടന്ന്കയറി,വെറ്റിലപ്പാറസ്കൂളിന്‍റെ
താഴെയായി ഒഴുകുന്ന ചാലക്കുടിപ്പുഴയുടെ കരയിലെത്തി.വേനലിന്‍റെ ശാന്തതയില്‍,പുഴ
നീലനിറമാര്‍ന്ന്,എന്നാല്‍
അത്രയ്ക്കൊന്നും ശുഷ്ക്കിക്കാതെ ഒഴുകുകയാവും.ഇടയ്ക്ക്
പുഴയുടെ മധ്യഭാഗത്ത്, ജലത്തിന്‍റെ നീലവര്‍ണ്ണപ്രവാഹത്തെ ,രണ്ടായി പകുത്തുകൊണ്ട്,കൊച്ചു-കൊച്ചു
ഹരിത്-ആരണ്യകങ്ങള്‍ വരിവരിയായി വിരിഞ്ഞ് നിന്നു.ഞങ്ങള്‍ അവയെ തുരുത്തുകള്‍ എന്ന് വിളിച്ചു.മുട്ടോളമുള്ള
വെള്ളത്തിലെ പാറകളില്‍,ആനക്കാല്‍ രൂപത്തിലുള്ള ചതിക്കുഴികളെ കൈകള്‍ കോര്‍ത്ത്
പിടിച്ച്....പയ്യെ പയ്യെ നടന്ന്...ഞങ്ങള്‍ സ്കൂളിലേക്ക് മറികടന്നു.
ഇന്നും എനിയ്ക്ക്പിടിതരാത്ത ഗോപാലന്‍ മാഷിന്‍റെ
ഗണിതസൂത്രവാക്യങ്ങളെ,മോഹനന്‍മാഷിന്‍റെ ഹിന്ദി ലിപികളുടെ ത്രാസങ്ങളെ,ഉപേക്ഷിച്ച്
മിക്കപ്പോഴും തുരുത്തിലെ ചോലകള്ക്ക് കീഴെ, പുഴയുടെ നീലജലത്തണുപ്പില്‍,അഭയം
തേടി....പിന്നീടതിന് കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങി.
വര്‍ഷക്കാലത്തെ യാത്രാനുഭവം മറ്റൊന്നായിരുന്നു.പുഴ
നിറഞ്ഞ് നടന്നുകടക്കല്‍ അസാധ്യമാകും.
ആ സമയങ്ങളില്‍ സ്കൂള്‍ബസ്സില്‍ തുടങ്ങുന്നയാത്ര
മൂന്നാംബ്ളോക്ക് അല്ലെങ്കില്‍ ഒന്നാംബ്ളോക്ക് എന്നിവിടങ്ങളിലെ വഞ്ചിക്കടവുകളില്‍
എത്തുന്നു.മിക്കവാറും മൂന്നാംബ്ളോക്കിലെ കടവ് വഴിയാണ് യാത്ര.
പുഴ നീലനിറം വെടിഞ്ഞ്,ചെങ്കല്‍ നിറത്തില്‍,വലിയഓളങ്ങളോടെ,ശിഖരങ്ങളും,കടപുഴകിയ
വൃക്ഷങ്ങളും
വഹിച്ച് ആര്‍ത്തൊഴുകും.ഏതൊരുകുട്ടിയേയുംപോലെ,
സ്കൂളിനെ ഭയന്ന് വഞ്ചി വെയ്ക്കരുതേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കും...കടത്ത്തോണിയുടെ
അമരക്കാരായ,വേലായുധന്‍നായരും,മണികണ്ഠന്‍നായരും,ഗോപാലേട്ടനും,അവറാന്‍
ചേട്ടനും.കൂടിയാലോചിച്ച്,
കണിശതയോടെ മിക്കവാറും വേലായുധന്‍നായര്‍
പറയുന്നതിതായിരിക്കും..”വെള്ളം കൂടിക്കൊണ്ടിരിക്ക്യാ..പത്താംക്ലാസ്സുകാരെ
മാത്രം കടത്തിവിടാം...”അങ്ങനെ വൈമനസ്യത്തോടെ പത്താംക്ലാസ്സുകാര്‍ കയറിയ
തോണിയെ,മലവെള്ളത്തിന്‍റെ, രൌദ്രങ്ങളെ തോല്‍പ്പിച്ച് അമരക്കാര്‍
മറുകരയെത്തിക്കും...മൂന്നാംബ്ള്ലോക്കില്‍ വഞ്ചി വെയ്ക്കാതെ
വരുമ്പോളാണ്,ഒന്നാംബ്ളോക്കിലേക്ക്
പോയിരുന്നത്.അവിടെ പക്ഷെ പുഴ ആഴങ്ങളില്‍
ചുഴികളൊളിപ്പിച്ച്,നിശ്ശബ്ദം ഒഴുകുകയാവും...
സ്വപ്നസമാനം ഒരു കാഴ്ചയുടെ അനുഭവമുണ്ടവിടെ.തോണിയുടെ
യാത്രാവഴിയില്‍,പുഴയുടെ മധ്യഭാഗത്തായി,നീലജലത്തില്‍
നിന്ന്,മെല്ലെമെല്ലെ,പ്രകൃതിതാളത്തില്‍ ഒരു പലാശവര്‍ണ്ണക്കുട
ഉയര്‍ന്നുയര്‍ന്ന് വന്നുതുടങ്ങിയത് അക്കാലത്താണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക്
ശേഷം,അതിരപ്പിള്ളിപഞ്ചായത്തിലെ ഉദ്യോഗത്തിന്‍റെ ഭാഗമായി ഈ വഴിയാത്രതുടരേണ്ടി
വന്നപ്പോള്‍, എന്‍റെ ചിന്തകളില്‍ പച്ചഛായം തേച്ച,പ്രകൃതി
യുടെ തോടടര്‍ത്തി വിരിഞ്ഞ ആ തുരുത്ത് കൂറേക്കൂടി വി ടര്‍ന്നിരുന്നു. ദൈവം ഭൂമിയെ നോക്കാന്‍ സാവകാശം തുറന്ന , ഒരു വിശുദ്ധ നയനം പോലെ..... ആ
സ്കൂളിലെ അക്കാദമിക് അഭ്യാസങ്ങളെ ഞാന്‍ അന്നേ മനസ്സില്‍ നിന്ന് റദ്ദ്ചെയ്തിരുന്നു.
തീ കൊളുത്താന്‍ പിന്നെ
ഇനിയെന്ത്.....ഉണ്ട്...നിബിഡമായ മലയോരത്തുള്ള മനോഹരമായ സ്കൂള്‍ കെട്ടിടം...
മുറ്റത്ത് ഞങ്ങളുടെ ക്ലാസ്സിനോട് ചേര്‍ന്ന് വളര്‍ന്നുതുടങ്ങുന്ന
ഒരു ബോധിസസ്യം...മധുര സൌഹൃദങ്ങള്‍.....ഇന്നും കൈയിലുള്ള വിടവാങ്ങല്‍ ചടങ്ങിന്‍റെ,
ബ്ലാക്ക് & വൈറ്റ് ഫോട്ടോയിലെ സുന്ദരികളായ പെണ്‍കുട്ടികള്‍...അച്ഛന്‍റെ
തല്ല് ഭയന്ന് പ്രോഗ്രസ്സ്കാര്‍ഡ് തിരുത്തിയ കുറ്റം,സാരമില്ലെന്ന് പുറത്ത്തട്ടി,രാജിയാക്കിയ
പൌലോസ്മാഷിന്‍റെ സ്നേഹവായ്പ്,അദ്ധ്യാത്മരാമായണത്തെ,എപ്പോഴും എന്‍റെ
പ്രിയപ്പെട്ടപുസ്തകമാക്കുന്ന ദിവാകരന്‍മാഷിന്‍റെ
മലയാളം ക്ലാസ്സ്....തീ പിടിപ്പിക്കുന്നു ഞാന്‍ എല്ലാറ്റിനും...
പക്ഷേ....പക്ഷേ......അന്‍റോണിയോഫിഗാഫെറ്റയില്ലാത്ത,ഒരു
ഏകാന്ത സ്വപ്നാടനത്തില്‍...നീലജലത്തിനുനടുവിലെ
പച്ചപ്പില്‍ ഞാന്‍,മനുഷ്യോന്‍മുഖം ചവിട്ടി നില്‍ക്കുന്നു...എന്‍റെ
കൊച്ചുനാടിന്‍റെ പിതൃ-ഗുരുഗണങ്ങളില്‍പ്പെട്ട
വേലായുധന്‍നായരും,മണികണ്ഠന്‍നായരും,ഗോപാലേട്ടനും,അവറാന്‍ചേട്ടനുമെവിടെയാണ്....അവര്‍
എന്ത്ചെയ്യുന്നു....
വെള്ളിനിലാവുകള്‍,എന്നിലൂടെ പച്ചയും
കടന്ന്,നീലജലത്തില്‍ പരന്നു.....ഗുരുക്കളുടെ,പിതൃക്കളുടെ
വാല്‍സല്യപൂരം......ഇനി തീ പടരുന്നത് കണ്ണുനീരില്‍ നിന്നാവും....
I really appreciate this wonderful post Prasad.
ReplyDelete