Thursday, 25 December 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍ (പ്ലാന്‍റേഷന്‍ ഓര്‍മ്മ-ഒന്‍പത്)

സ.എ.പി.കുരിയന്‍-നഷ്ടപ്പെട്ട ചെമ്പകമരം..(ഒന്ന്)


തൊട്ടടുത്ത ക്വാര്‍ട്ടേഷ്സിലെ എന്‍.ജെ.ജോര്‍ജ്ജ് ചേട്ടന്‍റെ ഇറയത്ത്, ഭിത്തിയില്‍ ഫ്രയിം ചെയ്ത് വെച്ചിരുന്ന വലിയ ഒരു ബ്ലാക്ക് & വൈറ്റ് ഫോട്ടോയില്‍ ആണ് സഖാവ് എ.പി.കുരിയനെ ഞാന്‍ ആദ്യമായി കാണുന്നത്.ദേവാലയങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രായം അന്ന് എന്‍റെ നാടിന് ഉണ്ടായിരുന്നില്ല,അതിനാല്‍ കുമ്മായം പൂശിയ ആ ഭിത്തിയില്‍
സ.എ.പി. ഒറ്റയ്ക്കായിരുന്നു.മുതിര്‍ന്നവരുടെ സംഭാഷണങ്ങളില്‍ നിന്ന് ഞങ്ങള്‍ കുട്ടികള്‍ എ.പി.യെ ക്കുറിച്ച് ധാരാളം
കേള്‍ക്കുന്നു. ഇന്നത്തെ ജനറല്‍ബോഡിയില്‍ എ.പി. വരുന്നുണ്ട്”,  “ ഇന്ന് എ.പി. യൂണിയനാഫീസില്‍ ഉണ്ടാകും
എന്നിങ്ങനെയൊക്കെ...കേട്ട് കേട്ട് അദ്ദേഹം ഞങ്ങള്‍ക്കും  ആരാധ്യനായി.കമ്യൂണിസ്റ്റ് ഐഡിയോളജിയുടെ സത്യസന്ധമായ പ്രയോഗത്തിലൂടെ പാവപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍,അദ്ദേഹം ഒരു വികാരമായി, ,ചുട്ട പപ്പടവും കഞ്ഞിയും കുടിച്ച്  അവരോടൊപ്പം തറയിലുറങ്ങി,  അവരുടെ,ദാരിദ്ര്യവും,വേദനകളും പകുത്ത് വാങ്ങി,അവരിലൊരാളായി, എന്നാല്‍ കൃത്യമായ ലക്ഷ്യ ബോധത്തോടെ എന്‍റെ നാട്ടില്‍ മാര്‍ക്സിസത്തിന്‍റെ വിത്തുകള്‍ പാകി...ആ നാടിന്‍റേതുമാത്രമായ
കാറ്റില്‍ ഇടതുപക്ഷനൈതികതയുടെ ചെമ്പകപ്പൂമണമായി നിറഞ്ഞു നിന്നു.....അദ്ദേഹം.
സ.എ.പി.യ്ക്കോപ്പം ഏതാണ്ട് അതേ നിലയിലുള്ള ഒരു കമ്യൂണിസ്റ്റ് കൂടി ഉണ്ടായിരുന്നു...സ.അനന്തന്‍ പിള്ള...
ഇവര്‍ കാലടിപ്ലാന്‍റേഷനിലേക്ക് എത്തിപ്പെട്ടതിനും,കമ്യൂണിസ്റ്റ് അനുഭാവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചതിനും പിന്നില്‍ ,ആ നാടിന്‍റ‍െ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട കടുത്ത പട്ടിണിയുടേയും,വേദനയുടേയും, ചതിയുടേയും  കഥകളുണ്ട്...1960-കളില്‍ തോട്ടത്തിന്‍റെ ആരംഭകാലത്ത് കോണ്‍ഗ്രസ്സ് അനുകൂല ട്രേഡ് യൂണിയന്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ സംഘടനാ നേതൃത്വത്തിന്‍റെ നിരന്തരമായ തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരാശരായ ഒരു കൂട്ടം തൊഴിലാളികളുടെ,ശ്രമഫലമായാണ് ഇരുവരും പ്ലാന്‍റേഷനിലെത്തുന്നത്.
1966-ല്‍ കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ ശമ്പളവും വെട്ടിക്കുറച്ച,കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ദനടപടിയില്‍
പ്രതിഷേധിച്ച് നടന്ന പട്ടിണി സമരം സി.ഐ.ടി.യു വിനെ,ആ നാടിന്‍റെ, വിശ്വാസ്യതയുള്ള  (credibility) ഒറ്റ സംഘടനയാക്കി.
ഒരു മതത്തെയെന്നവണ്ണം തൊഴിലാളികള്‍ സ്വീകരിച്ച  ഏക സംഘടനയാക്കി...തൊഴിലാളി ജീവിതത്തില്‍ ഏറെക്കുറെ സമസ്തവും,സമഗ്രവും,ക്രിയാത്മകവും ആയ സ്വാധീനമായി അങ്ങനെ സി.ഐ.ടി.യു. ആ മഹത്തായ കൂട്ടായ്മയുടെ സ്മാരകമായി പോസ്റ്റാഫീസ് ജംഗ്ഷന് സമീപം,കിളിക്കാട് മലയുടെ താഴ്വാരത്ത്സ്ഥിതി ചെയ്യുന്ന യൂണിയനാഫീസിനെ നമുക്ക് അടയാളപ്പെടുത്താം.ഇക്കാലത്താണെങ്കില്‍ അത്തരമൊരു കെട്ടിടം പണിയല്‍ അസാധ്യമായിരിക്കും.ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് പ്ലാന്‍റേഷനില്‍ ജനിച്ചതുകൊണ്ട് മാത്രം നഷ്ടപ്പെട്ട നാട്ടിന്‍പുറപ്രകൃതിയുടെ,വീണ്ടെടുക്കപ്പെട്ട ഒരു കുഞ്ഞ് തുണ്ടായി അഞ്ചേക്കറോളം വരുന്ന ആ പറമ്പ്,എല്ലാ ഇനങ്ങളിലുമുള്ള ധാരാളം നാടന്‍ മാവുകള്‍,പ്ലാവുകള്,കവുങ്,സമൃദ്ധമായ കരിക്കിന്‍ കുലകളുമായി സുന്ദരികളായ നാടന്‍ തെങ്ങുകള്‍ ,നിറഞ്ഞ്തൂങ്ങിയാടുന്ന കൈപ്പക്കായ്കളും,കോവലുകളുമായി കൊച്ചു കൊച്ചുപന്തലുകള്‍,...അങ്ങനെ... യങ്ങനെയുള്ള ആ പുരയിടം ഞങ്ങള്‍ക്ക്  ഗ്രാമാര്‍ദ്രമായ    കളിത്തൊട്ടിലായി.. രണ്ടുനിലകളിലായുള്ള യൂണിയനാഫീസ് കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ ,സ.എ.പി വരുമ്പോള്‍ മാത്രം തുറന്നിരുന്ന,പരിപാവനമായി കരുതപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ മുറി...അതിനും മുകളിലായി,ടറസ്സില്‍ ദൂരെയുള്ള ,വരാനിരിക്കുന്ന,മഹത്തായ ആ സമത്വ-സമൂഹത്തെ മാടി വിളിച്ചുകൊണ്ട് കാറ്റില്‍ ഇളകിനിന്ന ഒരു ചെങ്കൊടി. ആ കൊടിയ്ക്ക് ചുവടെ നിന്ന് ഞങ്ങള്‍ ദൂരെ മലയാറ്റൂര്‍ മലയും,ഒരു നിഴലായി മലയാറ്റൂര്‍ പള്ളിയുംകണ്ടു.മുറ്റത്തായി ഉയരം കുറഞ്ഞ് പടര്‍ന്ന് പന്തലിച്ച അശോകമരം...അതിനോട് ചേര്‍ന്നായിരുന്നു ആ വലിയ ചെമ്പകമരം...കീഴറ്റം മുതല്‍ ആകാശം വരെയുള്ള തടിക്കു ചുറ്റും,ആര്‍ക്കും കയറാവുന്ന തരത്തില്‍ സാത്വിക വഴക്കമുള്ള  ,സമാന്തര-ശാഖകളുമായി നിലകൊണ്ടിരുന്നത്...എന്‍റെ തലമുറയുടെ ഉണ്ണിക്കാലടികള്‍ പതിഞ്ഞ്....നിറയെ പൂത്തുലഞ്ഞങ്ങനെ...
രാത്രികാലങ്ങളില്‍, കാറ്റില്‍ കിലോമീറ്ററുകളോളം എത്തുന്ന ചെമ്പകപ്പൂമണം..ഞങ്ങളുടെ തലമുറയുടെ കൌമാര-യൌവ്വനങ്ങളുടെ, നിഗൂഡപ്രണയങ്ങളി ലും,വിരഹങ്ങളിലും, സുഖമുള്ള വേദനയായി...ചെഗുവേരയും,പാബ്ളോനെരൂദയും ,കൂടെയീ
ചെമ്പകമണവും,ഞങ്ങളുടെ യൌവ്വനങ്ങളെ ദീപ്ത-മോഹനമാക്കിയ നാളുകള്‍....


Monday, 15 September 2014

കൂളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(എട്ട്)







ചിക്കന്‍കുണ്ടും, കാക്കപ്പൂക്കളും..... 

ഓര്‍മ്മവെച്ച കാലം മുതല്‍ പനി എനിക്കൊരു വല്ലാത്ത അനുഭവമാണ്.
രണ്ടോ,മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പനി വരാറുള്ളത്.കുട്ടിക്കാലത്ത്         
ചിക്കന്‍പോക്സിനേയും,
കൊണ്ടു വന്ന പനിയുടെ അതേ അനുഭവം തന്നെയാണ് മുതിര്‍ന്നപ്പോഴും ആവര്‍ത്തിക്കാറുള്ളത്.
ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ഒരുദിവസം കടുത്ത പനിയുമായിട്ടാണ് ക്ളാസ്സ് വിട്ടു ചെന്നത്.
അമ്മ വയറ്റത്തും,നെറ്റിയിലും,തുണി നനച്ചിടുകയും,തുളസിക്കഷായം വെച്ചു തരികയും ചെയ്തു.
പക്ഷേ പനി കുറയാതെ വന്നപ്പോള്‍,അടുത്തുള്ള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ വക ആശുപത്രിയില്‍
കൊണ്ടു പോയി,ഇന്‍ജക്ഷന്‍ എടുക്കേണ്ടി വന്നു.ഇന്നും എന്റെ പനികള്‍ക്ക് അന്നെടുത്ത അതേ
ഇന്‍ജക്ഷന്‍റെ മണമാണ്. മുരിങ്ങയില ഞരടിയാല്‍ കിട്ടുന്ന മണം.പനിഭ്രമം ബാധിച്ച കിടപ്പില്‍
തല പതുക്കെ,പതുക്കെ വലുതായി, വലുതായി വന്ന് പൊട്ടിച്ചിതറും.പിന്നെ സാഗരകന്യകയുടെ 
വിരലില്‍ തൂങ്ങി നീല സമുദ്രത്തിനടിയിലൂടെ യാത്രയാണ്.

അന്നത്തെ പനി നേരം വെളുത്തിട്ടും ഒട്ടും കുറയാതെ 
വന്നപ്പോള്‍, അമ്മ വന്ന് ശരീരം മുഴുവന്‍ പരിശോധിക്കാന്‍ തുടങ്ങി.ഒടുവില്‍ പൊക്കിളിനോട് ചേര്‍ന്ന       
ഭാഗത്ത്പതുക്കെ കൈവെച്ച് പറഞ്ഞു.എനിയ്ക്ക് തോന്നി ഇതുതന്നെയായിരിക്കുമെന്ന്”.

അവിടെ ചെറിയ ഒരു പോളന്‍ പൊങ്ങി നിന്നിരുന്നു.അത് ചിക്കന്‍പോക്സായിരുന്നു. അക്കാലത്ത്
ചിക്കന്‍പോക്സ് ബാധിക്കുന്നവരെ താമസിപ്പിക്കുന്നത് ചിക്കന്‍കുണ്ട്എന്ന മറ്റൊരു     
ഭൂഖണ്ഡത്തിലായിരുന്നു.
   

കോര്‍പ്പറേഷന്‍ വക ആശുപത്രിയുടെ സമീപത്തുനിന്നും,കുത്തനെ താഴോട്ടിറങ്ങി ഒരു കിലോമീറ്ററോളം
നടക്കണം ചിക്കന്‍ കുണ്ടിലെത്താന്‍.ഞാന്‍ ആദ്യമായി അങ്ങോട്ട് പോവുകയാണ്.പനിയുടെ ക്ഷീണത്തില്‍ അച്ഛനോടൊപ്പം പതുക്കെ നടന്നാണ് യാത്ര.കുത്തനെയുള്ല ഭാഗം കഴിഞ്ഞാല്‍ പിന്നെ നിരപ്പായ റബര്‍ തോട്ടമാണ്.
അതിനിടയിലൂടെ ചെറിയ നടവഴി. നടവഴിയുടെ ഇരുവശവും,കാക്കപ്പൂക്കളും,തൊട്ടാവടികളും,തിങ്ങി വളര്‍ന്ന് നിന്നിരുന്നു.പനിയുടെ വിഭ്രാത്മകതയില്‍ ആ യാത്ര,ഒരു സ്വപ്നാടനം പോലെ തോന്നിച്ചു.ആ യാത്രയിലെ  കാക്കപ്പുക്കളും,തൊട്ടാവാടികളും ഇന്നും എന്നെ വല്ലാതെ കൊതിപ്പിക്കുന്നു.പിന്നീടൊരിക്കലും അങ്ങോട്ട് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.യാത്രയുടെ അവസാനം ചെറിയ ഒരു അരുവി കടന്ന്,
കുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന ഐസൊലേഷന്‍ വാര്‍ഡില്‍എത്തുകയായി.
അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് വലിയ സ്റ്റാഫ് ക്വാര്‍ട്ടേഷ്സുകളായിരുന്നു ചിക്കന്‍ കുണ്ട്.
 ആണ്‍-പെണ്‍ രോഗികള്‍ക്ക് വെവ്വേറെ.അവിടെ പല പ്രായത്തിലുള്ല രോഗികള്‍ ഉണ്ടായിരുന്നു.ഡോക്ടര്‍ ദിവസത്തിലൊരിക്കല്‍ മാത്രം വരും.    
.രോഗികളെ പരിചരിക്കുന്നതിനായി കോര്‍പ്പറേഷന്‍ രണ്ട് തൊഴിലാളികളെയാണ് നിയോഗിച്ചിരുന്നത്.
രാമകൃഷ്ണന്‍ചേട്ടനും,തങ്കചേച്ചിയും.ഒരു കൂട്ടുകുടുംബത്തിലെ കാരണവരുടെ കാര്‍ക്കശ്യത്തോടെ രാമകൃഷ്ണന്‍ചേട്ടന്‍ രോഗികളെ പരിചരിച്ചു.തമിഴ് കലര്‍ന്ന പാലക്കാടന്‍ മലയാളത്തിന്‍റെ സംഗീതത്തില്‍ സ്വാന്തനം നല്‍കി,  തങ്കചേച്ചി അമ്മയുടെ കുറവ് നികത്തി..ദൂരെയുള്ല ആശുപത്രിക്ക് സമീപമുള്ല ക്യാന്‍റീനില്‍ നിന്ന്, നടന്നുപോയി തങ്കചേച്ചി മൂന്ന് നേരവും ഭക്ഷണം ചുമന്ന് കൊണ്ട് വന്നു.രോഗം കുറച്ചൊക്കെ ഭേദമായപ്പോള്‍ മോര് കറിയൊഴിച്ച് ഉച്ചയൂണ് കഴിക്കാനായി ഞാനും എന്‍റെ പ്രായക്കാരായ മറ്റ് കുട്ടികളും, തങ്കചേച്ചി വരുന്നതും കാത്ത് കൊതിയോടെ നോക്കിയിരുന്നു. രോഗം ഭേദമായിതുടങ്ങയാല്‍ പിന്നെ ശരീരം മുഴുവന്‍ ചൊറിച്ചിലാണ്.വെയിലുകൊണ്ടാല്‍ നല്ല സുഖമായിരുന്നു.വെയിലുകായാന്‍ പോയ ഞങ്ങള്‍ക്ക് പലപ്പോഴും രാമകൃഷ്ണേട്ടന്‍റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നു .കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ കുട്ടികളെ അരികില്‍ വിളിച്ച് രാമകൃഷ്ണേട്ടന്‍ സ്നേഹത്തോടെ പറയും.
അസുഖം മാറേണ്ടേ,പഠിക്കാന്‍ പോണ്ടേ..പഠിച്ച് വല്യ ആളുകളാകണം...
എന്നോടൊപ്പം അന്നവിടെയുണ്ടായിരുന്ന കുട്ടികളും,മുതിര്‍ന്നവരും ആരൊക്കെയെന്ന് ശരിയായ ഓര്‍മ്മയില്ല.
എന്തായാലും ചിക്കന്‍കുണ്ടിന്‍റെ ഓര്‍മ്മകളുടെ ഇപ്പോഴത്തെ ബാക്കിപത്രം അതിമനോഹരമാണ്
ആണ്‍രോഗികളുടെ ക്വാര്‍ട്ടേഷ്സിന്‍റെ അഴിയില്ലാത്ത ജനാലയിലിരുന്ന്,രാമകൃഷ്ണേട്ടന്‍ ഇല്ലാത്ത സമയങ്ങളില്‍ പെണ്‍ക്വാര്‍ട്ടേഷ്സിനെ നോക്കി കെ.ജി.സുഖുച്ചേട്ടന്‍ പാടുന്നു.ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളെ നിന്നെ ഓര്‍മ്മവരും..ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളെ നിന്നെ ഓര്മ്മ വരും.... ശകുന്തളെ....,ശകുന്തളെ....
പാട്ട് കേട്ട് പെണ്‍ക്വാര്‍ട്ടേഷ്സില്‍ നിന്നും ശകുന്തളമാര്‍ ആരും ഇറങ്ങി വന്നില്ല
പ്ലാന്‍റേഷനില്‍ ജനിച്ച് വളര്‍ന്നതിനാല്‍ ശംഖുപുഷ്പം കണ്ടിട്ടില്ലായിരുന്ന ഞാന്‍,രോഗം തന്ന ഭ്രമാത്മകതയില്‍
അതിനെ കാക്കപ്പൂവായി സങ്കല്‍പ്പിച്ചു.പ്രണയത്തിന്‍റെ പ്രതീകമായി കാക്കപ്പൂവ് മനസ്സില്‍ പതിഞ്ഞ് വീണു.
മുതിര്‍ന്നപ്പോള്‍ ശംഖുപുഷ്പ്പത്തെ കണ്ടെത്തിയെങ്കിലും,ചിക്കന്‍കുണ്ടിലെ എന്‍റെ കാക്കപ്പൂക്കളോട് ഞാനതിനെ ചേര്‍ത്ത് വെയ്ക്കുകയാണ് ചെയ്തത്. നിസ്വാര്‍ത്ഥവും,ഉപാധിരഹിതവും,തളംകെട്ടാത്തതുമായ പ്രണയങ്ങള്‍ക്ക്
പകരം വെയ്ക്കുകയാണ് ഞാന്‍ ആ ഇരു പുഷ്പങ്ങളേയും....,

ഇനി ആ ചിക്കന്‍കുണ്ടിന് തീ പിടിക്കട്ടെ......



.


Tuesday, 9 September 2014

കുളവാഴകള്‍ക്കിടയിലെ,കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(എട്ട്)





ചിക്കന്‍കുണ്ടും,

കാക്കപ്പൂക്കളും.......







ഓര്‍മ്മവെച്ച കാലം മുതല്‍ പനി എനിക്കൊരു വല്ലാത്ത അനുഭവമാണ്.
രണ്ടോ,മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പനി വരാറുള്ളത്.
കുട്ടിക്കാലത്ത് ചിക്കന്‍പോക്സിനേയും
കൊണ്ടു വന്ന പനിയുടെ അതേ അനുഭവം തന്നെയാണ് മുതിര്‍ന്നപ്പോഴും 
ആവര്‍ത്തിക്കാറുള്ളത്.
ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ഒരുദിവസം കടുത്ത പനിയുമായിട്ടാണ് ക്ളാസ്സ് 
വിട്ടു 
ചെന്നത്.
അമ്മ വയറ്റത്തും,നെറ്റിയിലും,തുണി നനച്ചിടുകയും,തുളസിക്കഷായം വെച്ചു തരികയും 
ചെയ്തു.
പക്ഷേ പനി കുറയാതെ വന്നപ്പോള്‍,അടുത്തുള്ള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ വക 
ആശുപത്രിയില്‍
കൊണ്ടു പോയി,ഇന്‍ജക്ഷന്‍ എടുക്കേണ്ടി വന്നു.ഇന്നും എന്റെ പനികള്‍ക്ക് 
അന്നെടുത്ത അതേ
ഇന്‍ജക്ഷന്‍റെ മണമാണ്. മുരിങ്ങയില ഞരടിയാല്‍ കിട്ടുന്ന മണം.പനിഭ്രമം ബാധിച്ച 
കിടപ്പില്‍
തല പതുക്കെ,പതുക്കെ വലുതായി, വലുതായി വന്ന് പൊട്ടിച്ചിതറും.
പിന്നെ സാഗരകന്യകയുടെ വിരലില്‍ തൂങ്ങി
നീല സമുദ്രത്തിനടിയിലൂടെ യാത്രയാണ്.
അന്നത്തെ പനി നേരം വെളുത്തിട്ടും ഒട്ടും കുറയാതെ വന്നപ്പോള്‍
അമ്മ വന്ന് ശരീരം മുഴുവന്‍ പരിശോധിക്കാന്‍ തുടങ്ങി.ഒടുവില്‍ പൊക്കിളിനോട് 
ചേര്‍ന്ന ഭാഗത്ത്
പതുക്കെ കൈവെച്ച് പറഞ്ഞു.എനിയ്ക്ക് തോന്നി ഇതുതന്നെയായിരിക്കുമെന്ന്”.
അവിടെ ചെറിയ ഒരു പോളന്‍ പൊങ്ങി നിന്നിരുന്നു.അത് ചിക്കന്‍പോക്സായിരുന്നു. 
ക്കാലത്ത്
ചിക്കന്‍പോക്സ് ബാധിക്കുന്നവരെ താമസിപ്പിക്കുന്നത്,
ചിക്കന്‍കുണ്ട്എന്ന മറ്റൊരു ഭൂഖണ്ഡത്തിലായിരുന്നു.
കോര്‍പ്പറേഷന്‍ വക ആശുപത്രിയുടെ സമീപത്തുനിന്നും,കുത്തനെ താഴോട്ടിറങ്ങി 
ഒരു കിലോമീറ്ററോളം നടക്കണം ചിക്കന്‍ കുണ്ടിലെത്താന്‍.
ഞാന്‍ ആദ്യമായി അങ്ങോട്ട് പോവുകയാണ്.പനിയുടെ ക്ഷീണത്തില്‍ അച്ഛനോടൊപ്പം 
പതുക്കെ നടന്നാണ് യാത്ര.കുത്തനെയുള്ല ഭാഗം കഴിഞ്ഞാല്‍ പിന്നെ നിരപ്പായ റബര്‍ 
തോട്ടമാണ്.
അതിനിടയിലൂടെ ചെറിയ നടവഴി.നടവഴിയുടെ ഇരുവശവും,കാക്കപ്പൂക്കളും,തൊട്ടാവാടികളും,
തിങ്ങി വളര്‍ന്ന് നിന്നിരുന്നു.പനിയുടെ വിഭ്രാത്മകതയില്‍ ആ യാത്ര,ഒരു സ്വപ്നാടനം പോലെ തോന്നിച്ചു.ആ യാത്രയിലെ കാക്കപ്പുക്കളും,തൊട്ടാവാടികളും ഇന്നും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.പിന്നീടൊരിക്കലും അങ്ങോട്ട് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.യാത്രയുടെ അവസാനം ചെറിയ ഒരു അരുവി കടന്ന്
കുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന ഐസൊലേഷന്‍ വാര്‍ഡില്‍എത്തുകയായി.
അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് വലിയ സ്റ്റാഫ് ക്വാര്‍ട്ടേഷ്സുകളായിരുന്നു ചിക്കന്‍ കുണ്ട്.
ആണ്‍-പെണ്‍  രോഗികള്‍ക്ക് വെവ്വേറെ.അവിടെ പല പ്രായത്തിലുള്ല രോഗികള്‍ ഉണ്ടായിരുന്നു.ഡോക്ടര്‍ ദിവസത്തിലൊരിക്കല്‍ വരും. രോഗികളെ നോക്കാന്‍ കോര്‍പ്പറേഷന്‍ രണ്ട് തൊഴിലാളികളെയാണ് നിയോഗിച്ചിരുന്നത്.
രാമകൃഷ്ണന്‍ചേട്ടനും,തങ്കചേച്ചിയും.
ഒരു കൂട്ടുകുടുംബത്തിലെ കാരണവരുടെ കാര്‍ക്കശ്യത്തോടെ രാമകൃഷ്ണന്‍ചേട്ടന്‍ രോഗികളെ പരിചരിച്ചു.തമിഴ് കലര്‍ന്ന പാലക്കാടന്‍ മലയാളത്തിന്‍റെ സംഗീതത്തില്‍ സ്വാന്തനം    നല്‍കി, തങ്കചേച്ചി അമ്മയുടെ കുറവ് നികത്തി..ദൂരെയുള്ല ആശുപത്രിക്ക് സമീപമുള്ല ക്യാന്‍റീനില്‍ നിന്ന്,
നടന്നുപോയി തങ്കചേച്ചി മൂന്ന് നേരവും ഭക്ഷണം ചുമന്ന് കൊണ്ട് വന്നു.രോഗം കുറച്ചൊക്കെ ഭേദമായപ്പോള്‍ മോര് കറിയൊഴിച്ച് ഉച്ചയൂണ് കഴിക്കാനായി ഞങ്ങള്‍ തങ്കചേച്ചി വരുന്നതും കാത്ത് കൊതിയോടെ നോക്കിയിരുന്നു.രോഗം ഭേദമായിതുടങ്ങയാല്‍ പിന്നെ ശരീരം മുഴുവന്‍ ചൊറിച്ചിലാണ്.വെയിലുകൊണ്ടാല്‍ നല്ല സുഖമായിരുന്നു.വെയിലുകായാന്‍ പോയ ഞങ്ങള്‍ക്ക് പലപ്പോഴും രാമകൃഷ്ണേട്ടന്‍റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നു .കുറച്ച് കഴിഞ്ഞ് ഞങ്ങളെ അരികില്‍ വിളിച്ച് രാമകൃഷ്ണേട്ടന്‍ സ്നേഹത്തോടെ പറയും.
അസുഖം മാറേണ്ടേ,പഠിക്കാന്‍ പോണ്ടേ..പഠിച്ച് വല്യ ആളുകളാകണം...
എന്നോടൊപ്പം അന്നവിടെയുണ്ടായിരുന്നവര്‍ ആരൊക്കെയെന്ന് ഓര്‍മ്മയില്ല
എന്തായാലും ചിക്കന്‍കുണ്ടിന്‍റെ ഓര്‍മ്മകളുടെ ഇപ്പോഴത്തെ ബാക്കിപത്രം അതിമനോഹരമാണ്
ആണ്‍രോഗികളുടെ ക്വാര്‍ട്ടേഷ്സിന്‍റെ അഴിയില്ലാത്ത ജനാലയിലിരുന്ന്,രാമകൃഷ്ണേട്ടന്‍ ഇല്ലാത്ത സമയങ്ങളില്‍ പെണ്‍ക്വാര്‍ട്ടേഷ്സിനെ നോക്കി കെ.ജി.സുഖുച്ചേട്ടന്‍ പാടുന്നു.
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളെ നിന്നെ ഓര്‍മ്മവരും..ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളെ നിന്നെ ഓര്മ്മ വരും.... ശകുന്തളെ....,ശകുന്തളെ....
പാട്ട് കേട്ട് പെണ്‍ക്വാര്‍ട്ടേഷ്സില്‍ നിന്നും ശകുന്തളമാര്‍ ആരും ഇറങ്ങി വന്നില്ല
പ്ലാന്‍റേഷനില്‍ ജനിച്ച് വളര്‍ന്നതിനാല്‍ ശംഖുപുഷ്പം കണ്ടിട്ടില്ലായിരുന്ന ഞാന്‍,
രോഗം തന്ന ഭ്രമാത്മകതയില്‍ അതിനെ കാക്കപ്പൂവായി സങ്കല്‍പ്പിച്ചു.പ്രണയത്തിന്‍റെ പ്രതീകമായി കാക്കപ്പൂവ് മനസ്സില്‍ പതിഞ്ഞ് വീണു.
മുതിര്‍ന്നപ്പോള്‍ ശംഖുപുഷ്പ്പത്തെ കണ്ടെത്തിയെങ്കിലും,ചിക്കന്‍കുണ്ടിലെ എന്‍റെ കാക്കപ്പൂക്കളോട് ഞാനതിനെ ചേര്‍ത്ത് വെയ്ക്കുകയാണ് ചെയ്തത്. നിസ്വാര്‍ത്ഥവും,ഉപാധിരഹിതവും,തളംകെട്ടാത്തതുമായ പ്രണയങ്ങള്‍ക്ക് പകരം വെയ്ക്കുകയാണ്,
ഞാന്‍ ആ ഇരു പുഷ്പങ്ങളെയും.......  

ഇനി ആ ചിക്കന്‍കുണ്ടിന് തീ കൊളുത്തണം.......



.



Sunday, 22 June 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ (ഏഴ്)


തേന്‍കൂടുകള്‍ കായ്ച്ചുലഞ്ഞചീനിമരം.........

റിസര്‍വ്വ് വനത്തിനുനടുവിലെ പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്ത്,റബ്ബര്‍ കൃഷിയും

അനുബന്ധസൌകര്യങ്ങളുമായി മനുഷ്യ നിര്‍മ്മിതമായ ഒരു ആവാസവ്യവസ്ഥ.
മനുഷ്യബുദ്ധിയുടെ ഏകതാനതമായ ലോകം.പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക് അതിനെ മറികടക്കേണ്ടതുണ്ടായിരുന്നു.ആ ഏകതാനതയ്ക്കുള്ളിലും,പുറത്തുമായി ഒളിഞ്ഞ പ്രകൃതിയുടെ
വൈവിധ്യത്തെ,മുതിര്‍ന്നവര്‍ക്ക് മനസ്സിലാക്കാനാവാത്ത ഉള്‍ചോദനയാല്‍ തിരയുകയും.....അവയെ ഞങ്ങളുടേതായ ചിന്തകള്‍ക്കൊണ്ട് കണ്ടെടുക്കുകയും ചെയ്തു.
മഴ നനയരുത്...”  , നിറഞ്ഞൊഴുകുന്ന തോട്ടില്‍ കുളിക്കരുത്..”,  
കാട് കയറരുത്.... മുതിര്‍ന്നവര്‍ അവരുടേതായഭാഷയില്‍, ഭാവിയുടേതായ ലോകത്തില്‍,കാലത്തില്‍ ജീവിക്കുന്ന ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു….എന്നാല്‍.......
ക്വാര്‍ട്ടേഷ്സിന് മുകളിലെ കിളിക്കാട് മലയില്‍ തട്ടി ചിതറിവീണ മഴയെ ഞങ്ങള്
ശരീരത്തിലും,മനസ്സിലും ഏറ്റുവാങ്ങി.....നിറഞ്ഞ്പുഴയായൊഴുകുന്ന തോടിന്‍റെ ആഴങ്ങളിലെ
കൌതുകങ്ങള്‍ തേടി ഊളിയിട്ടു.... ആകാശങ്ങളില്‍ നിന്നും വന്ന മഞ്ഞയും,ചുവപ്പും കലര്‍ന്ന പോക്കുവെയിലിന്‍റെ  നിഗൂഡവഴികളിലൂടെ ജീനുകളിലെ  ജന്‍മ-ജന്‍മാന്തരങ്ങളുടെ തരിതരിപ്പറിഞ്ഞു...കാടുകളിലലഞ്ഞ്  ആദിമമായ തണുപ്പുകളുടെ  ഗര്‍ഭസ്ഥസുഖങ്ങളനുഭവിച്ചു....
അങ്ങനെയങ്ങനെ ഞങ്ങള്‍ അക്കാലത്തെ നാട്ടിന്‍ പുറത്തെ കുട്ടികളില്‍ നിന്നും വ്യത്യസ്ഥരായി...ആ അതികാല്‍പ്പനിക കാലത്തിന്‍റെ ഓര്‍മ്മകളിലെ മാന്ത്രികയാഥാര്‍ത്യമായി  ഒരു ചീനിമരമുണ്ട്......
ഞങ്ങളുടെ താമസസ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ നടന്നാല്‍  എരുമത്തടം എന്ന
സ്ഥലത്തെത്താം.മെറ്റല്‍ പാകിയ വഴിയിലൂടെയുള്ള യാത്രയ്ക്കിടയില്‍  അവിടെയെത്തും മുന്‍പ് തന്നെ നാലോളം ചെറിയ അരുവികളിലെ സ്നാനം കഴിഞ്ഞിരിക്കും.റബ്ബര്‍ എസ്റ്റേറ്റ് അവസാനിക്കുന്നിടത്ത് ഒരു വലിയ ചെരിഞ്ഞ പാറയുണ്ട്.അതിന്‍റെ ചരിവിലൂടെ വനത്തിനുള്ളിലേക്ക് നടന്ന് കയറാം...കയറി ചെല്ലുന്നിടത്ത്തന്നെ നിരനിരയായി നില്‍ക്കുന്ന ധാരാളം മുളങ്കൂട്ടങ്ങളാണ്.....
അവയ്ക്കിടയിലൂടെ നൂഴ്ന്ന്കയറി ചെന്നാല്‍ ഓടപ്പഴവള്ളികളുടെ ഒരു കൂടാരമാണ്.
ഇവ നിറയെ തുടുത്ത് മഞ്ഞിച്ച ഓടപ്പഴങ്ങള്‍ ഞാന്നു കിടക്കും...അവയുടെ രുചിയാസ്വദിച്ചാവും പിന്നത്തെ യാത്ര....
വീണ്ടും നുഴഞ്ഞ്ക്കയറിക്കയറി മുന്നോട്ട്      പോകുമ്പോഴാണ്     ഭൂമിയിലെ മഹാത്ഭുതമായി
ആ ചീനിമരം....അതിബലിഷ്ഠങ്ങളായ വേരുകള്‍ നീട്ടിപടര്‍ത്തി,പത്ത് പേര്‍ ചുറ്റും കൈകോര്‍ത്താല്‍ പിടികൊടുക്കാതെ.....ആകാശങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ട്...ഉന്നതിയിലേക്ക്നില്‍ക്കുന്നത്...മലര്‍ന്ന്കിടന്നാലെന്ന വണ്ണം തല ചെരിച്ച് ആകാശത്തേയ്ക്ക് പോകുന്ന ചീനിമരത്തെ  നോക്കിയാല്‍ ആ മാന്ത്രികക്കാഴ്ച്ച കാണാം...ശിഖരങ്ങളില്‍ നിറയെ കായ്ച്ചുലഞ്ഞ് കിടക്കുന്ന വന്‍കാട്ടുതേനീച്ചക്കൂടുകള്‍.....വേരുകളില്‍ തട്ടിവീഴാതെ ചുറ്റും നടന്ന്
ഞങ്ങള്‍ എണ്ണും...ഒന്ന്...രണ്ട്........മുപ്പത്തിരണ്ട്....ഇടയ്ക്ക് കാല്‍തട്ടി വീണ് എണ്ണം തെറ്റും..വീണ്ടും
ഒന്ന്...രണ്ട്....പക്ഷേ അത്യുന്നതികളിലേയ്ക്ക് കണ്ണെത്താതെ  കുഴഞ്ഞുപോകും...അന്‍പതിലധികം വരെ എണ്ണിയതോര്‍മ്മയുണ്ട്...
 എന്നാല്‍ സഹോദരജീവികള്‍ക്ക് സ്വയം ഭവനമാകുന്ന വലിയധര്‍മ്മം നിറവേറ്റുന്നു എന്ന
അറിവുപോലും ത്യജിച്ചുകൊണ്ട്... നിര്‍മമനും,നിര്‍ഗ്ഗുണനുമായി ധ്യാനത്തിലാണ്ട് നിലകൊണ്ടു ആ സസ്യബുദ്ധന്‍....ആ പിതാമഹന്‍റെ ധ്യാനധ്വനിയെന്നവണ്ണം,
തൊട്ടുമുകളിലായി ഏതുകാലത്തും പൊട്ടിയൊഴുകുന്ന ഒരു ജല പ്രവാഹവുമുണ്ട്.....
അക്കാലത്തെ എന്റെ നാട്ടിലെ നല്ലവരും,നിഷ്ക്കളങ്കരുമായ നാടന്‍വാറ്റുകാര്‍....അമൃതസമാനമായ നാടന്‍വാറ്റ് ഉണ്ടാക്കിയിരുന്നത് ഈ ജലത്തില്‍നിന്നുമാണ്.....
.നഗ്നനായി ഭൂമിയോട് നെഞ്ചൊട്ടി കിടക്കുന്ന തണുപ്പാണ് ആ ഓര്‍മ്മകള്‍ക്ക്..........


.


                                                                                                                                                            

Sunday, 8 June 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(ആറ്)




മനസ്സൊഴിയാതെ......
ശ്രീദേവിടീച്ചര്‍.




അക്കാലത്തെ സ്കൂള്‍ അധ്യാപകരെല്ലാംതന്നെ ഉത്തമ മാതൃകകളായിരുന്നു.രാമകൃഷ്ണന്‍ മാസ്റ്റര്‍‍,
സരസ്വതിടീച്ചര്‍,അജയന്‍മാഷ്,ഗോപിമാസ്റ്റര്‍,കൃഷ്ണന്‍മാഷ്..തുടങ്ങിയവര്‍...അവിടെ രൂപംകൊണ്ട് വരുന്ന  ഒരു പ്ലാന്‍റേഷന്‍പ്രോട്ടോടൈപ്പ് സമൂഹത്തോട്
വളരെ സര്ഗ്ഗാത്മകമായി സംവദിച്ചവര്‍.ബൌദ്ധികമായി വേറിട്ടും,ആത്മീയമായി അവരോടോപ്പവും ജീവിച്ചവര്‍...
വ്യക്തമായ രാഷ്ട്രീയദിശാബോധമുണ്ടായിരുന്നവര്‍.....

എന്നാല്‍ എന്‍റെ മനസ്സ് ഒരുമുള്ളുവേലിയില്‍ കുടുങ്ങി വിങ്ങി നോവുന്നത്
ശ്രീദേവിടീച്ചറുടെ ഓര്‍മ്മകളിലാണ്...ആറാംക്ലാസ്സിലെ അധ്യയനത്തിന്റെ
ഇടയിലെപ്പോഴോ ആണ് ടീച്ചര്‍ സ്കൂളിലെത്തുന്നത്.അന്ന് മുതല്‍ ഞങ്ങളുടെ ടീച്ചറുമായി....
ഞങ്ങളുടെ കുട്ടിക്കുറുമ്പുകളെ,പഠനവിമുഖതകളെ, ടീച്ചര്‍ കാവ്യാത്മകമായ
മാതൃഭാവത്താല്‍      നിര്മ‍ലമാക്കി....കാസ്സ്മുറി ആയിരം ഇതിഹാസകഥാപാത്രങ്ങള്‍ പൂത്തിറങ്ങിയ മറ്റൊരു സൌരപഥമായി....
ഓരോ കുട്ടിമനസ്സിലും,സിദ്ധാര്‍ത്ഥനും  ,ജീസ്സസും,കൃഷ്ണനും,മുഹമ്മദും
അവരവരുടേതുമാത്രമായ മൂല്യങ്ങളായി.....കണക്കും,ഇംഗ്ലീഷും,ഹിന്ദിയും മറ്റും  ഞങ്ങള്‍ക്ക് ബാലിയേറും  മലകളായി....
ചിലപ്പോള്‍ ടീച്ചര്‍ ഞങ്ങളെ പറയന്‍റെ കുന്നിന്‍റെ അങ്ങേച്ചരുവില്‍
അലയാന്‍ അനുവദിക്കുന്ന പൂതമായി.......ചിലപ്പോള്‍ ആഴമേറിയ മുലപ്പാല്‍ സമുദ്രം നീന്തി വന്ന് ഞങ്ങളെ വീണ്ടെടുക്കുന്ന വെറുമൊരമ്മയായി....
ഞങ്ങള്‍ നചികേതസ്സിനേയും,പ്രോമിത്യൂസിനേയും,അഥീനിയേയും സ്വപ്നം
കണ്ടുറങ്ങി....
പക്ഷേ ഒരു ദിവസം അന്നാദ്യമായി ചിരിയില്ലാത്ത മുഖവുമായി ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നു.....അലസമായി എങ്ങോട്ടോ നോക്കി ടീച്ചര്‍ പറഞ്ഞു...
എനിയ്ക്ക് സ്ഥലം മാറ്റമാണ്...,പതിനൊന്നരയുടെ ബസ്സിന് പോകണം....
ആരേയും നോക്കാതെ ടീച്ചര്‍ പെട്ടെന്നുതന്നെ ഇറങ്ങിപ്പോയി...
പതിനൊന്നരയുടെ ബസ്സിന് പോകാന്‍ തിരിഞ്ഞ്നോക്കാതെ നടന്നുപോകുന്ന ടീച്ചറെ സ്കൂള്‍ വരാന്തയില്‍,
 നിരന്ന് നിന്ന് ഞങ്ങള്‍ യാത്രയാക്കി...
"ടീച്ചര്‍ എന്തിനാണ് പോയത് ?"....."ടീച്ചര്‍ എങ്ങോട്ടാണ് പോയത്?..".
താഴത്തെ സ്കൂളിന്‍റെ വരാന്തയില്‍ തൂണില്‍ കൈതാങ്ങി ക്കൊണ്ട്   ഒരു ആറാം ക്ലാസ്സുകാരന്‍ ഇപ്പോഴും നില്‍പ്പാണ്......

തൂണില്‍ തീയുടെ ചൂട് പടര്‍ന്ന് തുടങ്ങുന്നു.......









Wednesday, 21 May 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ (അഞ്ച്)

കാ‍ല്‍പ്പനികതയുടെ  അന്ത്യം...

ഏതാണ്ട് പതിനായിരം ഹെക്ടറോളം സ്ഥലത്ത്  നിറഞ്ഞ് കിടന്നിരുന്ന ഒരു മഹാസ്ഥാപനമാണ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കാലടി ഗ്രൂപ്പ്.ദൂരെ നിന്നും ഉള്ള കുട്ടികളെ സ്കൂളിലെത്തിക്കാന്‍ അതിനാല്‍ തന്നെ കോര്‍പ്പറേഷന്‍ വക സ്കൂള്‍ ബസ്സ് ഉണ്ടായിരുന്നു.പ്ലാന്‍റേഷനോട് ചേര്‍ന്ന് കിടക്കുന്ന നാട്ടിന്‍പ്രദേശങ്ങളിലെ കുട്ടികളും, പ്ലാന്‍റേഷന്‍ സ്കൂളിലാണ് അന്ന് പഠിച്ചിരുന്നത്. അവരില്‍ പ്രധാനികളും,പ്രമാണികളും,പാണ്ടുപാറ
ദേശക്കാരായിരുന്നു.

ഞങ്ങളുടെ ക്വാര്‍ട്ടേഷ്സ് സ്കൂളിനടുത്തായിരുന്നതിനാല്‍ നടന്നുപോകാവുന്ന വഴി മാത്രം.
പാണ്ടുപാറ എന്ന  "മക്കൊണ്ട "യില്‍ നിന്നും വരുന്ന അവസാനട്രിപ്പ് സ്കൂള്‍ബസ്സും നോക്കി അക്ഷമയോടെ
ഞങ്ങള്‍ നില്‍ക്കും. പാണ്ടുപാറ ബസ്സില്‍ നിന്നും മക്കൊണ്ടയിലെ ജിപ്സിക്കുട്ടികള്‍ നിരനിരയായി ഇറങ്ങിവരും,അവര്‍ കൊണ്ടുവരുന്ന അമ്പഴങ്ങാപ്പഴവും,ബംബ്ലൂസ്നാരങ്ങയും,ജാതിക്കാതൊണ്ടും,
നീലനിറമാര്‍ന്ന വലിയ മഷിത്തണ്ടുകളും, വാങ്ങാനായി വീടുകളില്‍ നിന്ന് നാണയത്തുട്ടുകള്‍ കിട്ടിയ ഭാഗ്യവാന്‍
മാര്‍ മല്‍സരിച്ചാര്‍ക്കും....................
പിന്നെ ഉച്ചയുടെ ഇടവേളയില്‍ ഐസ്കാരന്‍റെ മണിയടിയൊച്ചകേള്‍ക്കാന്‍ പാണ്ടുപാറക്കാര്‍ കാത്തിരിക്കുമ്പോള്‍, അവരുടെ സൌഹൃദം നേടാനായി ഞങ്ങള്‍ മല്‍സരിക്കും....കോലയിസിന്‍റെ പങ്കിനായി......

സ്കൂള്‍ബസ്സില്‍ കയറാന്‍ കഴിയാത്ത ഞങ്ങള്‍ ബസ്സില്‍ വരുന്ന കുട്ടികളെ അസൂയയോടെ നോക്കിനിന്നു...
ബസ്സ് ഡ്രൈവര്‍മാരായ പരമേശ്വരന്‍നായരും,നാരായണന്‍നായരും,ഡ്രൈവിംഗ് അറിയാത്ത കിളി നാണുനമ്പ്യാരും,ഞങ്ങളുടെ ആരാധനാപാത്രങ്ങളായി.......ഉയരം കുറഞ്ഞ് വെളുത്ത് ചുവന്ന,പരമേശ്വരന്‍നായര്‍,
എന്ന സുന്ദരനായ ഡ്രൈവര്‍ അതിവേഗത്തില്‍ ബസ്സ് ഓടിച്ച്,ഞങ്ങള്‍ക്ക് വീരപുരുഷനായി......
വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന് സമീപത്തെ ബസ്സ് സ്റ്റാന്‍റിനോട് ചേര്‍ന്ന കൊടുസ്സു മുറിയില്‍ മൊബൈല്‍ റീ-ചാര്‍ജ്ജ്കൂപ്പണ്‍ വിറ്റ് ജീവിക്കുന്ന പരമേശ്വരന്‍നായരെ ഞാന്‍ കണ്ടു.
അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും,കാലടിപ്ലാന്‍റേഷന്‍ എന്ന് കേട്ടപ്പോള്‍ ആ കണ്ണുകളില്‍,വാര്‍ദ്ധക്യത്തെ മറികടക്കുന്ന തിളക്കവും,ആര്‍ദ്രതയും......
"ഞങ്ങളൊക്കെ പോരുമ്പോ പി.എഫ്.പെന്‍ഷന്‍ തൊടങ്ങീട്ടില്ല....അതോണ്ട് അതും കിട്ടണില്ല..പഞ്ചായത്തീന്നെങ്ങാനും ഒരു പെന്‍ഷന്‍ തര്വാക്കാന്‍ കഴിയോ" ......?
ബാല്യകാല ആരാധന വേദനയായി മനസ്സില്‍ നിറഞ്ഞു.....
എന്നാല്‍ പരമേശ്വരന്‍നായര്‍ ഒറ്റയ്ക്കായിരുന്നില്ല
പ്ലാന്‍റേഷന്‍കോര്‍പ്പറേഷനെന്ന പെരിയ പൊതുമേഖലാ സ്ഥാപനത്തെ കെട്ടിപ്പടുക്കുന്നതിനായി,കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ യുവത്വം.
മണ്ണെണ്ണപ്പാട്ട ഇരുവശവും തുളച്ച്,,കോലിട്ട് അടുപ്പത്തേറ്റി, കഞ്ഞിവെച്ച്....
ചാണകപ്പുളിയും,മുളക്ചുട്ടതും കൂട്ടി, പച്ചവെളിച്ചെണ്ണയില്‍ ചാലിച്ച്,കയിലിന്‍റെ കണകൊണ്ടിളക്കി കറിയാക്കി, ഒരേപാത്രത്തില്‍ നിന്ന് കഴിച്ചവരെന്ന് സാക്ഷൃം പറഞ്ഞവര്‍....തൊഴിലാളിയെന്നും,മേസ്തിരിയെന്നും,മാനേജരെന്നും,ഭേദമില്ലാതെ ജീവി ച്ചവര്‍....
അന്നൊരാള്‍ തൊപ്പിക്കുടവെച്ചാല്‍ ഒരായിരം തല ചോടെയെത്തുമായിരുന്നത്രേ....
പൊതുവായദാരിദ്രൃത്തിന്‍റേയും,ഭൂമിശാസ്ത്രപരമായ പരിമിതികളുടേയും,അതിന്‍റെ ഉപോള്‍പ്പന്നമെന്നവണ്ണം വന്ന തെളിമയാര്‍ന്ന ഇടതുപക്ഷസംഘബലത്തിന്‍റേയും,നൈതികതയില്‍ ജീവിച്ചവര്‍....ഒടുവില്‍ വന്നിടങ്ങളിലേയ്ക്ക് തന്നെയോ.....മറ്റെങ്ങോട്ടൊക്കെയോ...ചിതറി അവസാനിച്ച നിസ്വരും,നിരാലംബരുമായ ജനപഥമായി.......ആര്‍ക്കാണ് പിഴച്ചത്....എവിടെയാണ് പിഴച്ചത്.....അറിയില്ല.....
എങ്കിലും,അവര്‍ രൂപപ്പെടുത്തിയതും,അവരെ രൂപപ്പെടുത്തിയതുമായ ഒരു ആദ്യകാല പ്ലാന്‍റേഷന്‍
സമൂഹത്തിന്‍റെ  ചാറ്റല്‍മഴനനവുകള്‍ മനസ്സില്‍ കരുതുന്ന കാലത്തിന്‍റെ പുറമ്പോക്കിലായ പ്രിയ കാര്‍ണോന്‍മാരെ...ആത്മരക്തംപുരണ്ട കണ്ണീര്‍പ്രണാമം... വിട ..ഞാനിതാ കൊള്ളിവെയ്ക്കുന്നു....