Saturday, 9 May 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ-13

 പുളിയുറുമ്പുകളുടെ  സാത്വിക പാഠം

 ശിക്ഷയെ ശിക്ഷണമാക്കുന്നതിന് മഹാനായ ഒരധ്യാപകന് മാത്രമേ കഴിയൂ.
ഓര്‍മ്മയുടെ കണ്ണുനീരില്‍ മഴവില്ല് തെളിയുന്ന,അനുഭവം........റബ്ബര്‍ മരങ്ങളുടെ ഇടയില്‍ ജനിച്ചു വളര്‍ന്ന ഞങ്ങള്‍ പ്ലാന്‍റേഷന്‍കുട്ടികള്‍ക്ക്,നഷ്ടപ്പെട്ട ഋതുവര്‍ണ്ണങ്ങളെ എങ്ങനെയാണ് ബോധിപ്പിക്കാനാവുക....വാക്കുകള്‍ അപര്യാപ്തമാകുന്നു......അനാദിയായ കാലം വസന്തത്തില്‍ ചേമന്തിപ്പൂവും, ഗ്രീഷ്മത്തില്‍ വാകപ്പൂവും, വര്‍ഷത്തില്‍ കടമ്പിന്‍പൂവും,ശരത്കാലത്ത് താമരപ്പൂവും,ഹേമന്തത്തില്‍ മുല്ലപ്പൂവും,ശിശിരത്തില്‍ പാച്ചോറ്റിപ്പൂവും...വിരിയിച്ചുകൊണ്ടിരുന്നു...എന്നാല്‍ റബ്ബറിന്‍റെ ഏകത്വഭാവം,ഈ ഷഡ്കാലവ്യതിയാനങ്ങളെ അടയാളപ്പെടുത്തിയതേ ഇല്ല...പക്ഷേ ഞങ്ങളുടെ അകതാരിലെ,കാലവ്യതിയാനത്തിന്‍റെ വിളികളെ ആര്‍ക്കും മനസ്സിലായില്ല...
സ്കൂള്‍ അവധികളുടെ ഇടവേളകളില്‍ ഞങ്ങള്‍,അടുത്തുള്ള റിസര്‍വ്വ് വനങ്ങളിലേക്ക്കാട്ടുപഴരുചികള്‍ തേടി പലായനം ചെയ്തു. നാട്ടിന്‍പുറത്തിന്‍റെ തുണ്ടുകളായ, യൂണിയനാഫീസ്ന്‍റേയും,അധ്യാപകരുടെ സ്കൂളിനോട് ചേര്‍ന്ന ക്വാര്‍ട്ടേഷ്സിന്‍റെ കൃഷിയിടങ്ങളേയും, പടയോട്ടസമാനമായി ആക്രമിച്ചു....പരാതികളില്‍ മനം മടുത്ത്,ഞങ്ങളുടെ ഭാവിയില്‌ ഉല്‍ക്കണ്ടപൂണ്ട നിഷ്കളങ്കരായ മാതാ-പിതാക്കള്‍ ബല്‍റ്റും,തിരണ്ടിവാലും,ചൂരലും മറ്റുമായി ഇത്തരം കുറുമ്പുകളെ നേരിട്ടു പോന്നു.....എന്നാല്‍ ഒരു ശിക്ഷയും ശിക്ഷണമായതേ ഇല്ല....കൃഷ്ണന്‍മാഷിന്‍റെ ക്വാര്‍ട്ടേഷ്സിന് പുറകിലായി പടര്‍ന്ന് പന്തലിച്ച
ഒരു കശുമാവ് നിന്നിരുന്നു.തേന്‍രുചിയുമായി നല്ല നീളന്‍ കശുമാങ്ങപ്പഴങ്ങള്‍
വലിയകശുവണ്ടികളുമായി നിറഞ്ഞ് കിടക്കും.....അത് പൊട്ടിച്ചെടുക്കുക അതിസാഹസമാണ്.
മാഷിന്‍റെ കണ്ണ് വെട്ടിക്കുക ദുഷ്ക്കരം.മാത്രമല്ല കശുമാവിന്‍റെ ഇലകളെ ചുരുട്ടിയെടുത്ത്
സുന്ദരങ്ങളായ കൂടുകള്‍ നിര്‍മ്മിച്ച് പുളിയുറുമ്പുകളുടെ ഒരാവാസ സംസ്കൃതി....
ഒരിക്കല്‍ ഏറെ ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാഷ് ഒഴിഞ്ഞൂ നിന്ന,ഏതാനും മിനിറ്റുകള്‍...ഞാനും,സോജനും,സണ്ണിയും,പിന്നെ ഏത് മരവും കയറുന്ന വിദഗ്ദന്‍ രാജുവും..
പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉറുമ്പുകളെ കണ്ട് രാജു പിന്‍മാറുന്നു...കശുമാമ്പഴത്തിന്‍റെ, കശുവണ്ടി ചുട്ടതിന്‍റെ, രുചിയോര്‍ത്ത്,തോറ്റ് മാറാന്‍ തോന്നാതെ,ഞാന്‍ മരത്തില്‍ വലിഞ്ഞ് കയറി,മാവ് കുലുക്കിയതും,പഴങ്ങളും അതിലേറെ പുളിയുറുമ്പുകളും പൊഴിഞ്ഞ് ചാടി.
കടികൊണ്ട് പുളഞ്ഞ് ഒരുവിധം താഴെയിറങ്ങിയ എന്‍റെ ദേഹത്ത് നിന്ന് വളരെ പണിപ്പെട്ട്, കടിച്ചുതൂങ്ങുന്ന ഉറുമ്പിന്‍ കൂട്ടങ്ങളെ കൂട്ടുകാര്‍ നീക്കം ചെയ്തു. കൈയില്‍ കരുതിയിരുന്ന ചാക്കിലേക്ക് വേഗത്തില്‍ കശുമാമ്പഴങ്ങള്‍ നിറച്ചുകൊണ്ടിരുന്നപ്പോഴാണ് പുറകിലാരൊ,ഒരു കാല്‍ ശബ്ദം,നിര്‍വികാരമായ മുഖഭാവത്തില്‍,ഇത് ഞാന്‍ പണ്ടേ പ്രതീക്ഷിച്ചതാണ് എന്ന മട്ടില്‍.....കൃഷ്ണന്‍ മാഷ്...”നന്നായി,വളരെ നന്നായി ഇതെങ്ങനെ പറിച്ചെടുക്കുമെന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു.എന്തായാലും ആ പറിച്ചതെല്ലാം എടുത്ത് എന്‍റെ ഇറയത്തേയ്ക്ക് വെച്ചോളു ..എന്നിട്ട് സ്ഥലം വിട്ടോ...” അവസാനം വരെ ഒരു പിന്‍വിളി പ്രതീക്ഷിച്ചു..ഉണ്ടായില്ല....പിറ്റേന്ന് കൃഷ്ണന്‍ മാഷിന്‍റെ ക്ലാസ്സില്‍ തലകുമ്പിട്ടാണ് ഇരുന്നത്.ക്ലാസ്സില്‍ പരസ്യമായി പറഞ്ഞ് നാണേക്കടാവുമെന്ന് ഭയന്ന്.എന്നാല്‍ മാഷ് പതിവുപോലെ നിര്‍മമനായിരുന്നു...അന്ന് വൈകുന്നേരം സ്കൂള്‍ വിട്ട് ചെല്ലുമ്പോള്‍,ദൂരെ നിന്നുതന്നെ കശുവണ്ടി ചുടുന്ന മണം...ഇടമുറ്റത്ത് നിന്ന് അമ്മൂമ്മയാണ് കശുവണ്ടി ചുട്ടിരുന്നത്. “അമ്മൂമ്മെ,ഇതെവിടെ നിന്ന് കിട്ടി,” എന്ന് ഞാ‍ന്‍, “അതിന്നലെ കൃഷ്ണന്‍ മാഷ് അച്ചനാവഴി വന്നപ്പൊ കൊടുത്തതാ,ആ പുളിയുറുമ്പുള്ള മാവുമ്മേന്ന്,മാഷ് ആരാണ്ടെയൊ കേറ്റി പറപ്പിച്ചതാ”  ഇക്കഥ ഞാനിന്നും ഓര്‍ക്കുന്നത് വലിയ ആ അധ്യാപകനെ കാണുമ്പോഴല്ല. പുളിയുറുമ്പുകളെ കാണുമ്പോഴാണ്.....




Sunday, 12 April 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍(പ്ലാന്‍റേഷന്‍ ഓര്‍മ്മ-12)


 ഇട്ടിസാറും,ചാക്കോളവല്യപ്പനും..

..


ഉയര്‍ന്ന മാനവികതയുടെ ചില മികച്ച അടയാളങ്ങള്‍,സ്വാഭാവികമായി
പ്രകടമായിരുന്നു കാലടിപ്ലാന്‍റേഷന്‍ സമൂഹത്തില്‍.ഒന്നും നഷ്ടമാകാനില്ലാത്തവര്‍ മാത്രം, ഒത്ത് ചേര്‍ന്നുണ്ടായ ഒരു സമൂഹം,കേരളത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി സാമൂഹ്യവും,സാമ്പത്തികവുമായി ബഹിഷ്കൃതരായവര്‍,ഒറ്റയ്ക്ക് നിന്നാല്‍ പരാജയം ഉറപ്പായ ഭൂമിശാസ്ത്ര പരിമിതികള്‍, കൂടെ ഇടതുരാഷ്ട്രീയവും,ideal
എന്ന് നിസംശയം പറയാവുന്ന സ.എ.പി.കുരിയനെപ്പോലുള്ള നേതാക്കളും........
കനത്ത അടിത്തറയില്‍ ഉണ്ടായി വന്ന ഒരു സെക്കുലര്‍ സമൂഹം...അടുത്തകാലം വരെ അതവിടെ നിലനില്‍ക്കുകയും ചെയ്തിരുന്നു...
ഇടക്കാലത്ത് പള്ളികളും,അമ്പലങ്ങളും ഉണ്ടായി വന്നെങ്കിലും ഉല്‍സവങ്ങളും,പെരുന്നാളുകളും,എല്ലാവരും ചേര്‍ന്ന് നടത്തിപ്പോന്നു...നാട്ടിന്‍പുറത്ത് താമസം തുടങ്ങിയപ്പോഴാണ് ഞാനാ നാടിന്‍റെ മേന്‍മയറിയുന്നത്...ഇവിടെ ഞാന്‍പോലുമറിയാതെ മതപരവും,ജാതീയവുമായ ഐഡന്‍റിറ്റി എനിയ്ക്ക് ചാര്‍ത്തിത്തന്ന് പിരിവിന് വന്നവരോട് “ഞാന്‍ ഹിന്ദുവാണെന്ന് നിങ്ങളോട് ആര് പറഞ്ഞു ?” എന്ന് ചോദിക്കാന്‍ ചങ്കുറപ്പ് തന്നതും,ആ പ്ലാന്‍റേഷന്‍ ജീനുകളാണ്....
ഏതോരു രാഷ്ട്രീയദര്‍ശനവും,അധികാരത്തിന്‍റെ ഭാഗമാകുമ്പോള്‍,ദുഷിച്ച് ഹിംസാത്മകമാകുന്നതിന് ചരിത്രം സാക്ഷിയാണ്.സ.എ.പി.യുടെ പാര്‍ട്ടിയും അതിന്
ഭിന്നമല്ല...ഇനി ഒരു വ്യക്തിയുടെ നന്മയെ അത്ര തന്നെ അരാഷ്ട്രീയമെന്ന് വിളിക്കാമൊ...ഇല്ല എന്നാണ് എന്‍റെ പക്ഷം...കമ്യൂണിസ്റ്റല്ലാത്ത ഇട്ടിസാറിന്‍റെ നന്‍മയെ,കമ്യൂണിസ്റ്റായ ചാക്കോള വല്യപ്പന്‍റെ നിസ്വ-സ്വപ്നങ്ങളെ, കേട്ടും,നിരീക്ഷിച്ചും വളര്‍ന്നതു കൂടിയാണ്...എന്‍ തലമുറയുടെ കരുത്ത്...
കോട്ടയംകാരനായ ഇട്ടിസാര്‍,പുരാണിക് എന്‍സൈക്ക്ലോപീഡിയ എഴുതിയ വെട്ടം മാണിയുടെ സഹോദരനായിരുന്നു...അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടേയുള്ളു.കണ്ടിട്ടില്ല..
1966-ലെ പട്ടിണി സമരകാലം...ഇപ്പോള്‍ പോസ്റ്റാഫീസ് കവലയില്‍ കാണുന്ന റേഷന്‍കട അന്ന് 10-ാം ബ്ള്ലോക്കിലായിരുന്നു.നടത്തിപ്പ്കാരന്‍ ഇട്ടി സാറും. പട്ടിണി സമരകാലത്ത്,കൊടും ദാരിദ്യത്തിലായ തൊഴിലാളികളെ സൌജന്യറേഷന്‍ നല്‍കി സഹായിച്ച വലിയ നന്‍മയായിരുന്നു അദ്ദേഹം...മാര്‍ക്സിയന്‍ഡയലറ്റിക്സ് പഠിച്ച ചാക്കോള വല്യപ്പന്‍ സമൂഹത്തില്‍നിന്ന് സ്വയം തിരസ്കൃതനായി പോസ്റ്റാഫീസ് കവലയിലെ വായനശാലയുടെ തിണ്ണയില്‍ ഉറങ്ങുകയും, വാറ്റിന്‍റെ ലഹരിയില്‍ കവലയിലെ,ചെങ്കൊടി പാറുന്ന കൊടിമരത്തില്‍ പിടിച്ച് നിന്ന് വിലപിക്കുകയും ചെയ്തു...” ഏ.കെ.ജീ...എന്‍റെ ഏ.കെ.ജീ.. ഞാന്‍ കോണ്‍ഗ്രസാവൂല്ല...പശുഎറച്ചി കൂട്ടൂല്ലാ... ഏ.കെ.ജീ...എന്‍റെ ഏ.കെ.ജീ..” ഇത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്...അതെ മറ്റുള്ളവരുടെ കണ്ണുനീര്‍ നമ്മുടെ ആത്മാവില്‍ നിന്നും പ്രവഹിക്കുന്നതാണ് ശരിയായ രാഷ്ട്രീയ മാനവികത....കേള്‍വിയും,കാഴ്ചയും ഗുരുക്കന്‍മാരായ കൌമാരവും,യൌവ്വനവും...

Sunday, 15 March 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ-പതിനൊന്ന്


ഒറ്റ്







1975-ലെ അടിയന്തിരാവസ്ഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍,സ്കൂളിന്‍റെ ഏതോ ക്ലാസ്സ്മുറിയില്‍, സരസുടീച്ചര്‍ പഠിപ്പിക്കുന്നു....വലിയ ശബ്ദത്തില്‍
പടക്കം പൊട്ടുന്നപോലെ എന്തോ...സി.ഐ.ടി.യു-വിന്‍റെ കുത്തക തകര്‍ക്കാന്‍ ഐ.എന്‍.ടി.യു.സി ഉണ്ടാക്കുന്നതിനായി 
പോലീസ് സഹായത്തോടെ എത്തിയവരുമായുള്ള,ഏറ്റുമുട്ടലും...വെടിവെപ്പും...ബഹളവും....എന്തായാലുംസ്കൂള്‍ ഉടനെ വിടുകയും ചെയ്തു...പക്ഷേ അടിയന്തിരാവസ്ഥയെ ഇന്ന് ഞാന്‍, എന്‍റെ നാടിന്‍റെ രേഖപ്പെടുത്താത്ത ചരിത്രത്തില്‍ നിന്നും...സ്മൃതിയില്‍ നിന്നും...വീണ്ടെടുക്കുമ്പോള്‍...അന്തസ്സോടെ പറയാം...സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഭീകരമായ സ്ഥാപനഹിംസയ്ക്കെതിരെ...എന്‍റെ നാടിന്‍റെ വികേന്ദ്രീകൃതചെറുത്തു നില്‍പ്പിന്‍റെ കഥ....”കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ” വായിച്ച്  കമ്യൂണിസ്റ്റായ പലരും, പോലീസ് ജീപ്പുകളില്‍ സഹവേട്ടക്കാരായപ്പോള്‍... ....”കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ” വായിക്കാതെ, സ.എ.പി.കുരിയന്‍ എന്ന ഒറ്റ വികാരത്തിന്‍മേല്‍ കമ്യൂണിസ്റ്റായ,അച്ഛനും,പള്ളിയാന്‍ പൌലോസ്ചേട്ടനും,ചന്ദ്രന്‍ചേട്ടനുമൊക്കെ,കോണ്‍ഗ്രസ്സാവാന്‍ മടിച്ച്,പോലീസ് വേട്ട ഭയന്ന് ഇഞ്ചമുള്‍ക്കാടുകളില്‍ ഒളിഞ്ഞിരുന്നു...ഒരിക്കല്‍ എ.കെ.ജി.വന്നതായി മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു..അദ്ദേഹത്തിന്‍റെ കാറിലെ ചെങ്കൊടിയഴിക്കാന്‍ വന്ന പോലീസിനെ,അദ്ദേഹം നേരിട്ടതും...ആ വരവ് തൊഴിലാളികള്‍ക്ക് നല്‍കിയ ആത്മവിശ്വാസവും മറ്റും...

പക്ഷേ എന്‍റെ കാഴ്ചയിലെ ധീരനായ പോരാളി ബാര്‍ബര്‍ ഗംഗാധരേട്ടനാണ്...പോസ്റ്റാഫീസ് ജംഗ്ഷനില്‍ കാന്‍റീനോടുചേര്‍ന്നുള്ള തോട്ടത്തിലെ വലിയരണ്ട് റബ്ബര്‍ മരങ്ങള്‍ക്കിടയിലാണ്,അദ്ദേഹത്തിന്‍റെ ബാര്‍ബ്ബര്‍ ഷാപ്പ് പ്രവര്‍‍ത്തിച്ചിരുന്നത്.. വലിയ രണ്ട് വേരുകള്‍ക്ക് നടുവിലായി ഒരു സ്റ്റൂള്‍..കത്രികയും..മറ്റായുധങ്ങളും പൊതിഞ്ഞ് വേരുകള്‍ക്കിടയില്‍ തള്ളിവെയ്ക്കും..മുടിവെട്ടുന്നതിനിടയില്‍,ഇടംവലം നോക്കി,ആയുധം പൊതിഞ്ഞ കടലാസ് തുറക്കും...അതൊരു “ദേശാഭിമാനി”പത്രമായിരിക്കും..പിന്നെ മുടിവെട്ടിനൊപ്പം അല്‍പ്പം രാഷ്ട്രീയ ചര്‍ച്ചകൂടിയാവും...എന്നാല്‍ ഇതധികകാലം നിലനിന്നില്ല.ഒരുദിവസം .മുടിവെട്ടിക്കൊണ്ട് നിന്ന ഗംഗാധരേട്ടനെ പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ടുപോയി.ജീപ്പിലേക്കെറിയുന്നത്..കാന്‍റീനിന്‍റെ പനമ്പ്പാളികള്ക്കിടയിലൂടെ ഞങ്ങള്‍ ഭയത്തോടെ കണ്ടു നിന്നു...അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജയില്‍ വിട്ടുവന്ന ഗംഗാധരേട്ടന്‍,ജയിലിലെ മോശം ഭക്ഷണത്തിനെതിരെ പ്രതിഷേധിച്ചതും,ചമ്മന്തി ഭിത്തിയില്‍ എറിഞ്ഞ് പിടിപ്പിച്ചതും മറ്റും..പറഞ്ഞ്,ചുമച്ച്,പറഞ്ഞ്,ചുമച്ച്...ശോണിതമാര്‍ന്ന കഫം തുപ്പി...പയ്യെപയ്യെ ജനത്തിനും അദ്ദേഹം പഴഞ്ചന്‍ ബാര്‍ബറായി..അങ്ങനെ ഒരുദിവസം ആരോടും പറയാതെ ഗംഗാധരേട്ടന്‍
എങ്ങോട്ടോ പൊയ്ക്കളഞ്ഞു...അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നോ,ക്ഷയരോഗം സുഖപ്പെട്ടുവോ എന്നോ
എനിയ്ക്കറിയില്ല...എങ്കിലും സ.എ.കെ.ജി. ചരിത്രമായി,പാര്‍ലമെന്‍റെംഗണത്തില്‍ പ്രതിമയായി..സിലബസ്സായി....അടിയന്തരാവസ്ഥയുടെ കൊടും ഭീകരതയെ,വികേന്ദ്രീകൃതമായി ചെറുത്ത
ആയിരമായിരം..ഗംഗാധരന്‍മാരോട് കാലം എന്താണ് ചെയ്തത്...അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍,മാനിഫെസ്റ്റോ വായിക്കാതെ കമ്യൂണിസ്റ്റായ ഈ പാവങ്ങളുടെ വേദനയെ എങ്ങനെയാണ് അഭിസംബോധന ചെയ്തത്....എന്താണ് അവരില്‍ നിന്നും പിന്‍ ചരിത്രത്തിലേക്ക് പകര്‍ന്നെടുത്തത്....ഓര്‍ക്കുമ്പോള്‍ മനം തപിക്കുന്നു....മാപ്പാക്കുക പ്രിയ ഗംഗാധരേട്ടാ....കാരണം അമ്മ ഒരിക്കല്‍ പറഞ്ഞതിതാണ്...”അടിയന്തിരാവസ്ഥയിലെ ഒറ്റുകാരൊക്കെയാണ് ഇപ്പോള്‍ വലിയ സഖാക്കന്‍ മാരായി പിരിവിന് നടക്കണത്...”


Sunday, 8 March 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(പത്ത്)

സ. എ.പി.കുരിയന്‍-നഷ്ടപ്പെട്ട ചെമ്പകമരം(രണ്ട്




രണ്ടായിരത്തിയാറ്,ജനുവരിയില്‍ പ്ലാന്‍റേറേഷനോട് വിട പറഞ്ഞ്,ഞാന്‍ മലയാറ്റൂരിനടുത്ത് നീലീശ്വരത്ത് താമസമാക്കി.വളരെ വിചിത്രമാണത്...പിന്നീട് ഇന്നേവരെ പ്ലാന്‍റേഷന്‍ പശ്ചാത്തലത്തിലല്ലാത്ത ഒരൊറ്റ സ്വപ്നം പോലും ഞാന്‍ കണ്ടിട്ടില്ല.സംഭവം നടക്കുന്നത് നീലീശ്വരത്തും,ജോലിയിടത്തും ഒക്കെയായിരിക്കും പക്ഷേ പശ്ചാത്തലം തികച്ചും എന്‍റെ നാട്...
ഒരിക്കല്‍ അതിമനോഹരമായ ഒരു സ്വപ്നത്തിലേക്ക് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്‍റെ നോബല്‍ പ്രഭാഷണത്തില്‍ നിന്നും അന്‍റോണിയോ ഫിഗാഫെറ്റയെന്ന ഇറ്റാലിയന്‍ സഞ്ചാരി ഇറങ്ങി വന്നു.മാഗല്ലനോടൊപ്പം ലോകം ചുറ്റിയ ആ മുതുമുത്തശ്ശന്‍റെ ഹരിതവിരലുകളില്‍ തൂങ്ങി ഞാന്‍ യാത്രയാവുന്നു.നിലാവു് സമുദ്രത്തിലൂടെ ഊളിയിട്ട് ഞങ്ങള്‍ കാലടിപ്ലാന്‍റേഷന്‍ സ്കൂളിന് താഴെയായുള്ള വെണ്ണക്കല്‍ പാറയില്‍ അപ്പൂപ്പന്‍ താടികളായി പറന്നിറങ്ങി...അവിടെ ഞങ്ങളെ കാത്തിരുന്നു മുഷിഞ്ഞ സുഹൃത്തുക്കള്‍...
രാമകൃഷ്ണേട്ടന്‍റെ മോഷ്ടിച്ചെടുത്ത ചാരായവും,അമ്മയറിയാതെ സോജന്‍ അടുക്കളയില്‍ നിന്നും പൊക്കിയ മീന്‍ചാറൊഴിച്ച ചോറിന്‍കലവും...ഗംഭീരമായ സ്വീകരണം..
നാടന്‍ വാറ്റിന്‍റെ പ്രാക്തനരുചിഭേദങ്ങള്‍....”എവിടെ ജോണ്‍”.....ചുള്ളിക്കാടിന്‍റെ പരുക്കന്‍ ശബ്ദത്തിന് ശ്രീനിയുടെ പ്രണയോര്‍ജ്ജം നിറച്ച മറുഭാഷ്യം...കല്ലാണിരാഗത്തില്‍ ജയപ്രകാശിന്‍റെ
പുല്ലാങ്കുഴല്‍... ചെഗുവേരയുടെ “മോട്ടോര്‍സൈക്കില്‍ ഡയറികളില്‍”  വിന്‍സെന്‍ററ് വാന്‍‌‍ഘോഗിന്‍റെ ഭ്രാന്തന്‍ പ്രണയങ്ങളെ എഴുതിച്ചേര്‍ക്കണമെന്ന് ഉദയന്‍‍...നക്ഷത്രോന്‍മുഖമായി വെണ്ണപ്പാറയില്‍   കിടന്ന് തങ്കച്ചന്‍ പറഞ്ഞു “ഈ അപ്പന്‍മാരെയൊന്നും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യൊം ഇല്ല എന്തൊരു സുഖാ...”
“നാടന്‍ വാറ്റ് എവിടെയും അങ്ങനെയാണ്...അത് നമ്മെ നമ്മുടെ വേരുകളിലേക്ക് ഒഴുക്കി വിടും..”  എന്ന് ഫിഗാഫെറ്റോ.....പക്ഷേ ഞാന്‍ വിരക്തമായ ഒരസ്വസ്ഥതയിലായിരുന്നു...ആരുമറിയാതെ റോഡിലേക്കിറങ്ങി പോസ്റ്റാഫീസ് കവലയിലേക്ക് നടന്നു...പതിവുപോലെ കൂട്ടമായും,ചിതറിയും നിന്നും,കിടന്നും പശുക്കള്‍.....എന്‍റെ സാന്നിധ്യം അവര്‍ കാര്യമാക്കിയില്ല....അപ്പുച്ചേട്ടന്‍റെ ചായക്കടയും...രാമകൃഷ്ണപ്പണിക്കരുടെ ലൈബ്രറിയും,അടഞ്ഞു കിടന്നു...വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സൊറപറഞ്ഞിരിക്കാറുള്ള സ്റ്റേജ് ശൂന്യം...
സോജന്‍ നട്ട ആല്‍മരവും നിശ്ചലമായിരുന്നു....എന്നാല്‍ ഞാന്‍ പോലും അറിയാതെ ഞാനെന്താണ് തേടുന്നത്..പെട്ടെന്നായിരുന്നു ആ ശബ്ദം “നീ തേടുന്ന ചെമ്പകപ്പൂമണങ്ങള്‍ ഈ കാറ്റിലിനി ഇല്ല...നിന്‍ മനസ്സിലെ നാട്ടിന്‍പുറതുണ്ടുകളും..ചെമ്പകമരങ്ങളും മുറിച്ച് നീക്കി യൂണിയനാഫീസിന്‍റെ പറമ്പു നിറയെ അവര്‍ റബ്ബര്‍ നട്ടു, എ.പി.യുടെ പിന്‍ മുറക്കാര്‍.....
എങ്കിലും,വര്‍ഗ്ഗത്തേയും,വര്‍ഗ്ഗസമരത്തേയും അപ്രസക്തമാക്കുന്ന പുതുകാലത്തില്‍ ഇടതുപക്ഷനൈതികതയുടെ വെടിമരുന്ന് നിറച്ച ചെമ്പകമണങ്ങള്‍ മനസ്സില്‍ നിറഞ്ഞ നിന്‍റെ തലമുറ പുണ്യം ചെയ്തിരിക്കുന്നു...”എന്‍റെ നെറ്റിയില്‍ ഫിഗാഫെറ്റയുടെ കൈപ്പടത്തിന്‍റെ പച്ചത്തണുപ്പ്...അദ്ദേഹം മാഞ്ഞുപോയിരുന്നു... പശുക്കള്‍ അയവെട്ടാതെ നിശബ്ദരായി...
ആല്‍മരം ഏല്ലാമറിഞ്ഞിട്ടും,ഒന്നും അറിയാത്തതുപോലെ, കുഞ്ഞോളങ്ങളായി....
അന്ന് ആഗസ്റ്റ് 30 സഖാവ് എ.പി.യുടെ ചരമദിനം....

Thursday, 25 December 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍ (പ്ലാന്‍റേഷന്‍ ഓര്‍മ്മ-ഒന്‍പത്)

സ.എ.പി.കുരിയന്‍-നഷ്ടപ്പെട്ട ചെമ്പകമരം..(ഒന്ന്)


തൊട്ടടുത്ത ക്വാര്‍ട്ടേഷ്സിലെ എന്‍.ജെ.ജോര്‍ജ്ജ് ചേട്ടന്‍റെ ഇറയത്ത്, ഭിത്തിയില്‍ ഫ്രയിം ചെയ്ത് വെച്ചിരുന്ന വലിയ ഒരു ബ്ലാക്ക് & വൈറ്റ് ഫോട്ടോയില്‍ ആണ് സഖാവ് എ.പി.കുരിയനെ ഞാന്‍ ആദ്യമായി കാണുന്നത്.ദേവാലയങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രായം അന്ന് എന്‍റെ നാടിന് ഉണ്ടായിരുന്നില്ല,അതിനാല്‍ കുമ്മായം പൂശിയ ആ ഭിത്തിയില്‍
സ.എ.പി. ഒറ്റയ്ക്കായിരുന്നു.മുതിര്‍ന്നവരുടെ സംഭാഷണങ്ങളില്‍ നിന്ന് ഞങ്ങള്‍ കുട്ടികള്‍ എ.പി.യെ ക്കുറിച്ച് ധാരാളം
കേള്‍ക്കുന്നു. “ഇന്നത്തെ ജനറല്‍ബോഡിയില്‍ എ.പി. വരുന്നുണ്ട്”,  “ ഇന്ന് എ.പി. യൂണിയനാഫീസില്‍ ഉണ്ടാകും”
എന്നിങ്ങനെയൊക്കെ...കേട്ട് കേട്ട് അദ്ദേഹം ഞങ്ങള്‍ക്കും  ആരാധ്യനായി.കമ്യൂണിസ്റ്റ് ഐഡിയോളജിയുടെ സത്യസന്ധമായ പ്രയോഗത്തിലൂടെ പാവപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍,അദ്ദേഹം ഒരു വികാരമായി, ,ചുട്ട പപ്പടവും കഞ്ഞിയും കുടിച്ച്  അവരോടൊപ്പം തറയിലുറങ്ങി,  അവരുടെ,ദാരിദ്ര്യവും,വേദനകളും പകുത്ത് വാങ്ങി,അവരിലൊരാളായി, എന്നാല്‍ കൃത്യമായ ലക്ഷ്യ ബോധത്തോടെ എന്‍റെ നാട്ടില്‍ മാര്‍ക്സിസത്തിന്‍റെ വിത്തുകള്‍ പാകി...ആ നാടിന്‍റേതുമാത്രമായ
കാറ്റില്‍ ഇടതുപക്ഷനൈതികതയുടെ ചെമ്പകപ്പൂമണമായി നിറഞ്ഞു നിന്നു.....അദ്ദേഹം.
സ.എ.പി.യ്ക്കോപ്പം ഏതാണ്ട് അതേ നിലയിലുള്ള ഒരു കമ്യൂണിസ്റ്റ് കൂടി ഉണ്ടായിരുന്നു...സ.അനന്തന്‍ പിള്ള...
ഇവര്‍ കാലടിപ്ലാന്‍റേഷനിലേക്ക് എത്തിപ്പെട്ടതിനും,കമ്യൂണിസ്റ്റ് അനുഭാവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചതിനും പിന്നില്‍ ,ആ നാടിന്‍റ‍െ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട കടുത്ത പട്ടിണിയുടേയും,വേദനയുടേയും, ചതിയുടേയും  കഥകളുണ്ട്...1960-കളില്‍ തോട്ടത്തിന്‍റെ ആരംഭകാലത്ത് കോണ്‍ഗ്രസ്സ് അനുകൂല ട്രേഡ് യൂണിയന്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ സംഘടനാ നേതൃത്വത്തിന്‍റെ നിരന്തരമായ തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരാശരായ ഒരു കൂട്ടം തൊഴിലാളികളുടെ,ശ്രമഫലമായാണ് ഇരുവരും പ്ലാന്‍റേഷനിലെത്തുന്നത്.
1966-ല്‍ കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ ശമ്പളവും വെട്ടിക്കുറച്ച,കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ദനടപടിയില്‍
പ്രതിഷേധിച്ച് നടന്ന പട്ടിണി സമരം സി.ഐ.ടി.യു വിനെ,ആ നാടിന്‍റെ, വിശ്വാസ്യതയുള്ള  (credibility) ഒറ്റ സംഘടനയാക്കി.
ഒരു മതത്തെയെന്നവണ്ണം തൊഴിലാളികള്‍ സ്വീകരിച്ച  ഏക സംഘടനയാക്കി...തൊഴിലാളി ജീവിതത്തില്‍ ഏറെക്കുറെ സമസ്തവും,സമഗ്രവും,ക്രിയാത്മകവും ആയ സ്വാധീനമായി അങ്ങനെ സി.ഐ.ടി.യു. ആ മഹത്തായ കൂട്ടായ്മയുടെ സ്മാരകമായി പോസ്റ്റാഫീസ് ജംഗ്ഷന് സമീപം,കിളിക്കാട് മലയുടെ താഴ്വാരത്ത്സ്ഥിതി ചെയ്യുന്ന യൂണിയനാഫീസിനെ നമുക്ക് അടയാളപ്പെടുത്താം.ഇക്കാലത്താണെങ്കില്‍ അത്തരമൊരു കെട്ടിടം പണിയല്‍ അസാധ്യമായിരിക്കും.ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് പ്ലാന്‍റേഷനില്‍ ജനിച്ചതുകൊണ്ട് മാത്രം നഷ്ടപ്പെട്ട നാട്ടിന്‍പുറപ്രകൃതിയുടെ,വീണ്ടെടുക്കപ്പെട്ട ഒരു കുഞ്ഞ് തുണ്ടായി അഞ്ചേക്കറോളം വരുന്ന ആ പറമ്പ്,എല്ലാ ഇനങ്ങളിലുമുള്ള ധാരാളം നാടന്‍ മാവുകള്‍,പ്ലാവുകള്,കവുങ്,സമൃദ്ധമായ കരിക്കിന്‍ കുലകളുമായി സുന്ദരികളായ നാടന്‍ തെങ്ങുകള്‍ ,നിറഞ്ഞ്തൂങ്ങിയാടുന്ന കൈപ്പക്കായ്കളും,കോവലുകളുമായി കൊച്ചു കൊച്ചുപന്തലുകള്‍,...അങ്ങനെ... യങ്ങനെയുള്ള ആ പുരയിടം ഞങ്ങള്‍ക്ക്  ഗ്രാമാര്‍ദ്രമായ    കളിത്തൊട്ടിലായി.. രണ്ടുനിലകളിലായുള്ള യൂണിയനാഫീസ് കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ ,സ.എ.പി വരുമ്പോള്‍ മാത്രം തുറന്നിരുന്ന,പരിപാവനമായി കരുതപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ മുറി...അതിനും മുകളിലായി,ടറസ്സില്‍ ദൂരെയുള്ള ,വരാനിരിക്കുന്ന,മഹത്തായ ആ സമത്വ-സമൂഹത്തെ മാടി വിളിച്ചുകൊണ്ട് കാറ്റില്‍ ഇളകിനിന്ന ഒരു ചെങ്കൊടി. ആ കൊടിയ്ക്ക് ചുവടെ നിന്ന് ഞങ്ങള്‍ ദൂരെ മലയാറ്റൂര്‍ മലയും,ഒരു നിഴലായി മലയാറ്റൂര്‍ പള്ളിയുംകണ്ടു.മുറ്റത്തായി ഉയരം കുറഞ്ഞ് പടര്‍ന്ന് പന്തലിച്ച അശോകമരം...അതിനോട് ചേര്‍ന്നായിരുന്നു ആ വലിയ ചെമ്പകമരം...കീഴറ്റം മുതല്‍ ആകാശം വരെയുള്ള തടിക്കു ചുറ്റും,ആര്‍ക്കും കയറാവുന്ന തരത്തില്‍ സാത്വിക വഴക്കമുള്ള  ,സമാന്തര-ശാഖകളുമായി നിലകൊണ്ടിരുന്നത്...എന്‍റെ തലമുറയുടെ ഉണ്ണിക്കാലടികള്‍ പതിഞ്ഞ്....നിറയെ പൂത്തുലഞ്ഞങ്ങനെ...
രാത്രികാലങ്ങളില്‍, കാറ്റില്‍ കിലോമീറ്ററുകളോളം എത്തുന്ന ചെമ്പകപ്പൂമണം..ഞങ്ങളുടെ തലമുറയുടെ കൌമാര-യൌവ്വനങ്ങളുടെ, നിഗൂഡപ്രണയങ്ങളി ലും,വിരഹങ്ങളിലും, സുഖമുള്ള വേദനയായി...ചെഗുവേരയും,പാബ്ളോനെരൂദയും ,കൂടെയീ
ചെമ്പകമണവും,ഞങ്ങളുടെ യൌവ്വനങ്ങളെ ദീപ്ത-മോഹനമാക്കിയ നാളുകള്‍....


Monday, 15 September 2014

കൂളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(എട്ട്)







ചിക്കന്‍കുണ്ടും, കാക്കപ്പൂക്കളും..... 

ഓര്‍മ്മവെച്ച കാലം മുതല്‍ പനി എനിക്കൊരു വല്ലാത്ത അനുഭവമാണ്.
രണ്ടോ,മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പനി വരാറുള്ളത്.കുട്ടിക്കാലത്ത്         
ചിക്കന്‍പോക്സിനേയും,
കൊണ്ടു വന്ന പനിയുടെ അതേ അനുഭവം തന്നെയാണ് മുതിര്‍ന്നപ്പോഴും ആവര്‍ത്തിക്കാറുള്ളത്.
ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ഒരുദിവസം കടുത്ത പനിയുമായിട്ടാണ് ക്ളാസ്സ് വിട്ടു ചെന്നത്.
അമ്മ വയറ്റത്തും,നെറ്റിയിലും,തുണി നനച്ചിടുകയും,തുളസിക്കഷായം വെച്ചു തരികയും ചെയ്തു.
പക്ഷേ പനി കുറയാതെ വന്നപ്പോള്‍,അടുത്തുള്ള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ വക ആശുപത്രിയില്‍
കൊണ്ടു പോയി,ഇന്‍ജക്ഷന്‍ എടുക്കേണ്ടി വന്നു.ഇന്നും എന്റെ പനികള്‍ക്ക് അന്നെടുത്ത അതേ
ഇന്‍ജക്ഷന്‍റെ മണമാണ്. മുരിങ്ങയില ഞരടിയാല്‍ കിട്ടുന്ന മണം.പനിഭ്രമം ബാധിച്ച കിടപ്പില്‍
തല പതുക്കെ,പതുക്കെ വലുതായി, വലുതായി വന്ന് പൊട്ടിച്ചിതറും.പിന്നെ സാഗരകന്യകയുടെ 
വിരലില്‍ തൂങ്ങി നീല സമുദ്രത്തിനടിയിലൂടെ യാത്രയാണ്.

അന്നത്തെ പനി നേരം വെളുത്തിട്ടും ഒട്ടും കുറയാതെ 
വന്നപ്പോള്‍, അമ്മ വന്ന് ശരീരം മുഴുവന്‍ പരിശോധിക്കാന്‍ തുടങ്ങി.ഒടുവില്‍ പൊക്കിളിനോട് ചേര്‍ന്ന       
ഭാഗത്ത്പതുക്കെ കൈവെച്ച് പറഞ്ഞു.”എനിയ്ക്ക് തോന്നി ഇതുതന്നെയായിരിക്കുമെന്ന്”.

അവിടെ ചെറിയ ഒരു പോളന്‍ പൊങ്ങി നിന്നിരുന്നു.അത് ചിക്കന്‍പോക്സായിരുന്നു. അക്കാലത്ത്
ചിക്കന്‍പോക്സ് ബാധിക്കുന്നവരെ താമസിപ്പിക്കുന്നത് “ചിക്കന്‍കുണ്ട്” എന്ന മറ്റൊരു     
ഭൂഖണ്ഡത്തിലായിരുന്നു.
   

കോര്‍പ്പറേഷന്‍ വക ആശുപത്രിയുടെ സമീപത്തുനിന്നും,കുത്തനെ താഴോട്ടിറങ്ങി ഒരു കിലോമീറ്ററോളം
നടക്കണം ചിക്കന്‍ കുണ്ടിലെത്താന്‍.ഞാന്‍ ആദ്യമായി അങ്ങോട്ട് പോവുകയാണ്.പനിയുടെ ക്ഷീണത്തില്‍ അച്ഛനോടൊപ്പം പതുക്കെ നടന്നാണ് യാത്ര.കുത്തനെയുള്ല ഭാഗം കഴിഞ്ഞാല്‍ പിന്നെ നിരപ്പായ റബര്‍ തോട്ടമാണ്.
അതിനിടയിലൂടെ ചെറിയ നടവഴി. നടവഴിയുടെ ഇരുവശവും,കാക്കപ്പൂക്കളും,തൊട്ടാവടികളും,തിങ്ങി വളര്‍ന്ന് നിന്നിരുന്നു.പനിയുടെ വിഭ്രാത്മകതയില്‍ ആ യാത്ര,ഒരു സ്വപ്നാടനം പോലെ തോന്നിച്ചു.ആ യാത്രയിലെ  കാക്കപ്പുക്കളും,തൊട്ടാവാടികളും ഇന്നും എന്നെ വല്ലാതെ കൊതിപ്പിക്കുന്നു.പിന്നീടൊരിക്കലും അങ്ങോട്ട് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.യാത്രയുടെ അവസാനം ചെറിയ ഒരു അരുവി കടന്ന്,
കുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന “ഐസൊലേഷന്‍ വാര്‍ഡില്‍” എത്തുകയായി.
അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് വലിയ സ്റ്റാഫ് ക്വാര്‍ട്ടേഷ്സുകളായിരുന്നു ചിക്കന്‍ കുണ്ട്.
 ആണ്‍-പെണ്‍ രോഗികള്‍ക്ക് വെവ്വേറെ.അവിടെ പല പ്രായത്തിലുള്ല രോഗികള്‍ ഉണ്ടായിരുന്നു.ഡോക്ടര്‍ ദിവസത്തിലൊരിക്കല്‍ മാത്രം വരും.    
.രോഗികളെ പരിചരിക്കുന്നതിനായി കോര്‍പ്പറേഷന്‍ രണ്ട് തൊഴിലാളികളെയാണ് നിയോഗിച്ചിരുന്നത്.
രാമകൃഷ്ണന്‍ചേട്ടനും,തങ്കചേച്ചിയും.ഒരു കൂട്ടുകുടുംബത്തിലെ കാരണവരുടെ കാര്‍ക്കശ്യത്തോടെ രാമകൃഷ്ണന്‍ചേട്ടന്‍ രോഗികളെ പരിചരിച്ചു.തമിഴ് കലര്‍ന്ന പാലക്കാടന്‍ മലയാളത്തിന്‍റെ സംഗീതത്തില്‍ സ്വാന്തനം നല്‍കി,  തങ്കചേച്ചി അമ്മയുടെ കുറവ് നികത്തി..ദൂരെയുള്ല ആശുപത്രിക്ക് സമീപമുള്ല ക്യാന്‍റീനില്‍ നിന്ന്, നടന്നുപോയി തങ്കചേച്ചി മൂന്ന് നേരവും ഭക്ഷണം ചുമന്ന് കൊണ്ട് വന്നു.രോഗം കുറച്ചൊക്കെ ഭേദമായപ്പോള്‍ മോര് കറിയൊഴിച്ച് ഉച്ചയൂണ് കഴിക്കാനായി ഞാനും എന്‍റെ പ്രായക്കാരായ മറ്റ് കുട്ടികളും, തങ്കചേച്ചി വരുന്നതും കാത്ത് കൊതിയോടെ നോക്കിയിരുന്നു. രോഗം ഭേദമായിതുടങ്ങയാല്‍ പിന്നെ ശരീരം മുഴുവന്‍ ചൊറിച്ചിലാണ്.വെയിലുകൊണ്ടാല്‍ നല്ല സുഖമായിരുന്നു.വെയിലുകായാന്‍ പോയ ഞങ്ങള്‍ക്ക് പലപ്പോഴും രാമകൃഷ്ണേട്ടന്‍റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നു .കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ കുട്ടികളെ അരികില്‍ വിളിച്ച് രാമകൃഷ്ണേട്ടന്‍ സ്നേഹത്തോടെ പറയും.
“അസുഖം മാറേണ്ടേ,പഠിക്കാന്‍ പോണ്ടേ..പഠിച്ച് വല്യ ആളുകളാകണം...”
എന്നോടൊപ്പം അന്നവിടെയുണ്ടായിരുന്ന കുട്ടികളും,മുതിര്‍ന്നവരും ആരൊക്കെയെന്ന് ശരിയായ ഓര്‍മ്മയില്ല.
എന്തായാലും ചിക്കന്‍കുണ്ടിന്‍റെ ഓര്‍മ്മകളുടെ ഇപ്പോഴത്തെ ബാക്കിപത്രം അതിമനോഹരമാണ്
ആണ്‍രോഗികളുടെ ക്വാര്‍ട്ടേഷ്സിന്‍റെ അഴിയില്ലാത്ത ജനാലയിലിരുന്ന്,രാമകൃഷ്ണേട്ടന്‍ ഇല്ലാത്ത സമയങ്ങളില്‍ പെണ്‍ക്വാര്‍ട്ടേഷ്സിനെ നോക്കി കെ.ജി.സുഖുച്ചേട്ടന്‍ പാടുന്നു.”ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളെ നിന്നെ ഓര്‍മ്മവരും..ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളെ നിന്നെ ഓര്മ്മ വരും.... ശകുന്തളെ....,ശകുന്തളെ....”
പാട്ട് കേട്ട് പെണ്‍ക്വാര്‍ട്ടേഷ്സില്‍ നിന്നും ശകുന്തളമാര്‍ ആരും ഇറങ്ങി വന്നില്ല
പ്ലാന്‍റേഷനില്‍ ജനിച്ച് വളര്‍ന്നതിനാല്‍ ശംഖുപുഷ്പം കണ്ടിട്ടില്ലായിരുന്ന ഞാന്‍,രോഗം തന്ന ഭ്രമാത്മകതയില്‍
അതിനെ കാക്കപ്പൂവായി സങ്കല്‍പ്പിച്ചു.പ്രണയത്തിന്‍റെ പ്രതീകമായി കാക്കപ്പൂവ് മനസ്സില്‍ പതിഞ്ഞ് വീണു.
മുതിര്‍ന്നപ്പോള്‍ ശംഖുപുഷ്പ്പത്തെ കണ്ടെത്തിയെങ്കിലും,ചിക്കന്‍കുണ്ടിലെ എന്‍റെ കാക്കപ്പൂക്കളോട് ഞാനതിനെ ചേര്‍ത്ത് വെയ്ക്കുകയാണ് ചെയ്തത്. നിസ്വാര്‍ത്ഥവും,ഉപാധിരഹിതവും,തളംകെട്ടാത്തതുമായ പ്രണയങ്ങള്‍ക്ക്
പകരം വെയ്ക്കുകയാണ് ഞാന്‍ ആ ഇരു പുഷ്പങ്ങളേയും....,

ഇനി ആ ചിക്കന്‍കുണ്ടിന് തീ പിടിക്കട്ടെ......



.


Tuesday, 9 September 2014

കുളവാഴകള്‍ക്കിടയിലെ,കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(എട്ട്)





ചിക്കന്‍കുണ്ടും,

കാക്കപ്പൂക്കളും.......







ഓര്‍മ്മവെച്ച കാലം മുതല്‍ പനി എനിക്കൊരു വല്ലാത്ത അനുഭവമാണ്.
രണ്ടോ,മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പനി വരാറുള്ളത്.
കുട്ടിക്കാലത്ത് ചിക്കന്‍പോക്സിനേയും
കൊണ്ടു വന്ന പനിയുടെ അതേ അനുഭവം തന്നെയാണ് മുതിര്‍ന്നപ്പോഴും 
ആവര്‍ത്തിക്കാറുള്ളത്.
ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ഒരുദിവസം കടുത്ത പനിയുമായിട്ടാണ് ക്ളാസ്സ് 
വിട്ടു 
ചെന്നത്.
അമ്മ വയറ്റത്തും,നെറ്റിയിലും,തുണി നനച്ചിടുകയും,തുളസിക്കഷായം വെച്ചു തരികയും 
ചെയ്തു.
പക്ഷേ പനി കുറയാതെ വന്നപ്പോള്‍,അടുത്തുള്ള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ വക 
ആശുപത്രിയില്‍
കൊണ്ടു പോയി,ഇന്‍ജക്ഷന്‍ എടുക്കേണ്ടി വന്നു.ഇന്നും എന്റെ പനികള്‍ക്ക് 
അന്നെടുത്ത അതേ
ഇന്‍ജക്ഷന്‍റെ മണമാണ്. മുരിങ്ങയില ഞരടിയാല്‍ കിട്ടുന്ന മണം.പനിഭ്രമം ബാധിച്ച 
കിടപ്പില്‍
തല പതുക്കെ,പതുക്കെ വലുതായി, വലുതായി വന്ന് പൊട്ടിച്ചിതറും.
പിന്നെ സാഗരകന്യകയുടെ വിരലില്‍ തൂങ്ങി
നീല സമുദ്രത്തിനടിയിലൂടെ യാത്രയാണ്.
അന്നത്തെ പനി നേരം വെളുത്തിട്ടും ഒട്ടും കുറയാതെ വന്നപ്പോള്‍
അമ്മ വന്ന് ശരീരം മുഴുവന്‍ പരിശോധിക്കാന്‍ തുടങ്ങി.ഒടുവില്‍ പൊക്കിളിനോട് 
ചേര്‍ന്ന ഭാഗത്ത്
പതുക്കെ കൈവെച്ച് പറഞ്ഞു.”എനിയ്ക്ക് തോന്നി ഇതുതന്നെയായിരിക്കുമെന്ന്”.
അവിടെ ചെറിയ ഒരു പോളന്‍ പൊങ്ങി നിന്നിരുന്നു.അത് ചിക്കന്‍പോക്സായിരുന്നു. 
അക്കാലത്ത്
ചിക്കന്‍പോക്സ് ബാധിക്കുന്നവരെ താമസിപ്പിക്കുന്നത്,
“ചിക്കന്‍കുണ്ട്” എന്ന മറ്റൊരു ഭൂഖണ്ഡത്തിലായിരുന്നു.
കോര്‍പ്പറേഷന്‍ വക ആശുപത്രിയുടെ സമീപത്തുനിന്നും,കുത്തനെ താഴോട്ടിറങ്ങി 
ഒരു കിലോമീറ്ററോളം നടക്കണം ചിക്കന്‍ കുണ്ടിലെത്താന്‍.
ഞാന്‍ ആദ്യമായി അങ്ങോട്ട് പോവുകയാണ്.പനിയുടെ ക്ഷീണത്തില്‍ അച്ഛനോടൊപ്പം 
പതുക്കെ നടന്നാണ് യാത്ര.കുത്തനെയുള്ല ഭാഗം കഴിഞ്ഞാല്‍ പിന്നെ നിരപ്പായ റബര്‍ 
തോട്ടമാണ്.
അതിനിടയിലൂടെ ചെറിയ നടവഴി.നടവഴിയുടെ ഇരുവശവും,കാക്കപ്പൂക്കളും,തൊട്ടാവാടികളും,
തിങ്ങി വളര്‍ന്ന് നിന്നിരുന്നു.പനിയുടെ വിഭ്രാത്മകതയില്‍ ആ യാത്ര,ഒരു സ്വപ്നാടനം പോലെ തോന്നിച്ചു.ആ യാത്രയിലെ കാക്കപ്പുക്കളും,തൊട്ടാവാടികളും ഇന്നും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.പിന്നീടൊരിക്കലും അങ്ങോട്ട് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.യാത്രയുടെ അവസാനം ചെറിയ ഒരു അരുവി കടന്ന്
കുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന “ഐസൊലേഷന്‍ വാര്‍ഡില്‍” എത്തുകയായി.
അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് വലിയ സ്റ്റാഫ് ക്വാര്‍ട്ടേഷ്സുകളായിരുന്നു ചിക്കന്‍ കുണ്ട്.
ആണ്‍-പെണ്‍  രോഗികള്‍ക്ക് വെവ്വേറെ.അവിടെ പല പ്രായത്തിലുള്ല രോഗികള്‍ ഉണ്ടായിരുന്നു.ഡോക്ടര്‍ ദിവസത്തിലൊരിക്കല്‍ വരും. രോഗികളെ നോക്കാന്‍ കോര്‍പ്പറേഷന്‍ രണ്ട് തൊഴിലാളികളെയാണ് നിയോഗിച്ചിരുന്നത്.
രാമകൃഷ്ണന്‍ചേട്ടനും,തങ്കചേച്ചിയും.
ഒരു കൂട്ടുകുടുംബത്തിലെ കാരണവരുടെ കാര്‍ക്കശ്യത്തോടെ രാമകൃഷ്ണന്‍ചേട്ടന്‍ രോഗികളെ പരിചരിച്ചു.തമിഴ് കലര്‍ന്ന പാലക്കാടന്‍ മലയാളത്തിന്‍റെ സംഗീതത്തില്‍ സ്വാന്തനം    നല്‍കി, തങ്കചേച്ചി അമ്മയുടെ കുറവ് നികത്തി..ദൂരെയുള്ല ആശുപത്രിക്ക് സമീപമുള്ല ക്യാന്‍റീനില്‍ നിന്ന്,
നടന്നുപോയി തങ്കചേച്ചി മൂന്ന് നേരവും ഭക്ഷണം ചുമന്ന് കൊണ്ട് വന്നു.രോഗം കുറച്ചൊക്കെ ഭേദമായപ്പോള്‍ മോര് കറിയൊഴിച്ച് ഉച്ചയൂണ് കഴിക്കാനായി ഞങ്ങള്‍ തങ്കചേച്ചി വരുന്നതും കാത്ത് കൊതിയോടെ നോക്കിയിരുന്നു.രോഗം ഭേദമായിതുടങ്ങയാല്‍ പിന്നെ ശരീരം മുഴുവന്‍ ചൊറിച്ചിലാണ്.വെയിലുകൊണ്ടാല്‍ നല്ല സുഖമായിരുന്നു.വെയിലുകായാന്‍ പോയ ഞങ്ങള്‍ക്ക് പലപ്പോഴും രാമകൃഷ്ണേട്ടന്‍റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നു .കുറച്ച് കഴിഞ്ഞ് ഞങ്ങളെ അരികില്‍ വിളിച്ച് രാമകൃഷ്ണേട്ടന്‍ സ്നേഹത്തോടെ പറയും.
“അസുഖം മാറേണ്ടേ,പഠിക്കാന്‍ പോണ്ടേ..പഠിച്ച് വല്യ ആളുകളാകണം...”
എന്നോടൊപ്പം അന്നവിടെയുണ്ടായിരുന്നവര്‍ ആരൊക്കെയെന്ന് ഓര്‍മ്മയില്ല
എന്തായാലും ചിക്കന്‍കുണ്ടിന്‍റെ ഓര്‍മ്മകളുടെ ഇപ്പോഴത്തെ ബാക്കിപത്രം അതിമനോഹരമാണ്
ആണ്‍രോഗികളുടെ ക്വാര്‍ട്ടേഷ്സിന്‍റെ അഴിയില്ലാത്ത ജനാലയിലിരുന്ന്,രാമകൃഷ്ണേട്ടന്‍ ഇല്ലാത്ത സമയങ്ങളില്‍ പെണ്‍ക്വാര്‍ട്ടേഷ്സിനെ നോക്കി കെ.ജി.സുഖുച്ചേട്ടന്‍ പാടുന്നു.
”ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളെ നിന്നെ ഓര്‍മ്മവരും..ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളെ നിന്നെ ഓര്മ്മ വരും.... ശകുന്തളെ....,ശകുന്തളെ....”
പാട്ട് കേട്ട് പെണ്‍ക്വാര്‍ട്ടേഷ്സില്‍ നിന്നും ശകുന്തളമാര്‍ ആരും ഇറങ്ങി വന്നില്ല
പ്ലാന്‍റേഷനില്‍ ജനിച്ച് വളര്‍ന്നതിനാല്‍ ശംഖുപുഷ്പം കണ്ടിട്ടില്ലായിരുന്ന ഞാന്‍,
രോഗം തന്ന ഭ്രമാത്മകതയില്‍ അതിനെ കാക്കപ്പൂവായി സങ്കല്‍പ്പിച്ചു.പ്രണയത്തിന്‍റെ പ്രതീകമായി കാക്കപ്പൂവ് മനസ്സില്‍ പതിഞ്ഞ് വീണു.
മുതിര്‍ന്നപ്പോള്‍ ശംഖുപുഷ്പ്പത്തെ കണ്ടെത്തിയെങ്കിലും,ചിക്കന്‍കുണ്ടിലെ എന്‍റെ കാക്കപ്പൂക്കളോട് ഞാനതിനെ ചേര്‍ത്ത് വെയ്ക്കുകയാണ് ചെയ്തത്. നിസ്വാര്‍ത്ഥവും,ഉപാധിരഹിതവും,തളംകെട്ടാത്തതുമായ പ്രണയങ്ങള്‍ക്ക് പകരം വെയ്ക്കുകയാണ്,
ഞാന്‍ ആ ഇരു പുഷ്പങ്ങളെയും.......  

ഇനി ആ ചിക്കന്‍കുണ്ടിന് തീ കൊളുത്തണം.......



.