പക്ഷിയോണം,
ഉറുമ്പിനോണം.......
2014-ലെ ഓണത്തിന്‍റെ തൊട്ടുമുന്‍പായി നൂറോളം വര്‍ഷം ജീവിച്ച് അമ്മൂമ്മ മടങ്ങി.
കുട്ടിക്കാലത്ത് എന്‍റേയും,അയല്‍പക്കത്തെ ഏല്ലാ
കുട്ടികളുടേയും വലിയ ശത്രുവായിരുന്നു അമ്മൂമ്മ.അവധിദിവസങ്ങളില്‍ പ്രത്യേകിച്ച്
മധ്യവേനലവധിയില്‍,
ജോലിക്ക് പോകുന്ന അച്ഛനമ്മമാര്‍ തിരികെ വരുമ്പോള്‍,അവര്‍
ഏര്‍പ്പെടുത്തിയിരിക്കുന്ന
വിലക്കുകളെ ഞങ്ങള്‍ ഏതെല്ലാം വിധത്തില്‍ ലംഘിക്കുന്നുവെന്ന്
എല്ലാ വീടുകളിലും
ബോധിപ്പിച്ച്,വയറു നിറയെ അടി വാങ്ങിത്തന്നിരുന്നത്
അമ്മൂമ്മയായിരുന്നു.
ഒരു മുത്തശ്ശിക്കഥപോലും പറഞ്ഞ്തരാതെ,ഒരു
താരാട്ട്പോലും പാടാതെ
നല്ല അടികള്‍ മാത്രം വാങ്ങിത്തന്ന്തന്ന്
അമ്മൂമ്മ.......
പക്ഷെ ഈ ഓണത്തിന് ഓണത്തപ്പന് നിവേദിച്ച
ഓണയടയിലേക്ക്,കുനിയനുറുമ്പുകള്‍
വരിയിടുന്നത് കാണുമ്പോല്‍ ഞാന്‍ അമ്മൂമ്മ എന്ന
വാക്കിന് മറ്റൊരര്‍ത്ഥമറിയുന്നു...
അമ്മൂമ്മ , ക്വാര്‍ട്ടേഷ്സിന്‍റെയും,റബര്‍ തോട്ടത്തിന്‍റേയും ഇടയിലെ ഇത്തിരിപ്പോന്ന സ്ഥലത്ത് കോവലവും,കൈപ്പയ്ക്കായും,വെണ്ടക്കയും ചാണകവും,ചാരവുംകൊടുത്ത് വിളയിച്ചടുത്തു.ഒന്നുമില്ലായ്മയില്‍,ഒരുപയര്‍വള്ളിക്കൂമ്പില്‍നിന്നോ,മത്തങ്ങാത്തൊണ്ടില്‍
നിന്നോ
മഹാസ്വാദുകളുണ്ടാക്കി വയറ്നിറയെ ചോറ് തന്നു.ഏതുവീട്ടിലേയും,പുതു-അതിഥിയായി
പിറക്കുന്നകുഞ്ഞുങ്ങളെ കേടുതീര്‍ത്ത് കുളിപ്പിച്ചു
നല്‍കി.അമ്മമാര്‍ക്ക്മുലപ്പാലുണ്ടാകുന്നതിനും,ദേഹരക്ഷയ്ക്കും,ലേഹ്യങ്ങള്‍ ഉണ്ടാക്കി
നല്‍കി.റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ചെടികളെടുത്ത് മരുന്നുണ്ടാക്കി
ഞങ്ങളുടെ രോഗങ്ങള്‍ ഭേദമാക്കി.മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ഡോക്ടര്‍മാര്‍ ഉപേക്ഷിച്ച
അച്ഛ്‍റെ സഹോദരിയെ മൈലാഞ്ചികൊണ്ട് മടക്കി വിളിച്ചു......
വിശന്നു വരുന്ന ഒരു നടന്ന് കച്ചവടക്കാരന്,ഒരു
ഭിക്ഷക്കാരന്,ഒരു പരിചയക്കാരന്,
അവര്‍ ചോദിക്കാതെ തന്നെ,കണ്ടറിഞ്ഞ്,വീട്ടിലുള്ളതിന്‍റെ
വിഹിതം ഭക്ഷണം നല്‍കി...
ഓണക്കളവും,ഓണക്കളികളും ഇല്ലാതിരുന്ന ഞങ്ങളുടെ
ഓണക്കാലങ്ങളില്‍,പായസ്സമുണ്ടാക്കാന്‍ കൊണ്ടുവന്ന ശര്ക്കരയുടെ വിഹിതം വാഴയിലക്കീറിലെടുത്ത്
മുറ്റത്ത് വെയ്ക്കാന്‍ തന്നു...ഉറുമ്പിനോണം...,എല്ലാക്കറികളും ചേര്‍ത്ത ചോറ്
കാക്കകള്‍ക്കും,മറ്റ്പക്ഷികള്‍ക്കും നല്‍കാന്‍ തന്നു...,.പക്ഷിയ്ക്കോണം......
കുട്ടിക്കാലത്ത് വളരെ അപൂര്‍വ്വമായി
അമ്മൂമ്മയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോള്‍,പേന്‍ തിരയുന്നതുപോലെ തലയില്‍ വിരലുകള്‍കൊണ്ട്
ഒരുപരതലുണ്ടായിരുന്നു,അമ്മൂമ്മയ്ക്ക്,ആയിരം താരാട്ടിനേക്കാള്‍
വാല്‍സല്യത്തില്‍
ഉറക്കുന്ന ഒരു വിരല്‍ സ്പര്‍ശം....
അമ്മൂമ്മ എന്ന വാക്കിന് സ്നേഹത്തിന്‍റെ, പ്രപഞ്ചമനസ്സോടടുത്തുനില്‍ക്കുന്ന ഒരര്‍ത്ഥം
വരുന്നുണ്ട്......ഉറുമ്പുകളുടെ നിര നേര്‍ത്തുനേര്‍ത്തു
വന്നുകൊണ്ടിരിക്കുന്നു....
നമ്മുടെയൊക്കെയുള്ളിലെ നന്‍മപോലെ....