Sunday, 15 March 2015
Sunday, 8 March 2015
കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(പത്ത്)
സ. എ.പി.കുരിയന്‍-നഷ്ടപ്പെട്ട ചെമ്പകമരം(രണ്ട്
രണ്ടായിരത്തിയാറ്,ജനുവരിയില്‍ പ്ലാന്‍റേറേഷനോട് വിട പറഞ്ഞ്,ഞാന്‍
മലയാറ്റൂരിനടുത്ത് നീലീശ്വരത്ത് താമസമാക്കി.വളരെ വിചിത്രമാണത്...പിന്നീട് ഇന്നേവരെ
പ്ലാന്‍റേഷന്‍ പശ്ചാത്തലത്തിലല്ലാത്ത ഒരൊറ്റ സ്വപ്നം പോലും ഞാന്‍ കണ്ടിട്ടില്ല.സംഭവം
നടക്കുന്നത് നീലീശ്വരത്തും,ജോലിയിടത്തും ഒക്കെയായിരിക്കും പക്ഷേ പശ്ചാത്തലം
തികച്ചും എന്‍റെ നാട്...
ഒരിക്കല്‍ അതിമനോഹരമായ ഒരു സ്വപ്നത്തിലേക്ക് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്‍റെ
നോബല്‍ പ്രഭാഷണത്തില്‍ നിന്നും അന്‍റോണിയോ ഫിഗാഫെറ്റയെന്ന ഇറ്റാലിയന്‍ സഞ്ചാരി
ഇറങ്ങി വന്നു.മാഗല്ലനോടൊപ്പം ലോകം ചുറ്റിയ ആ മുതുമുത്തശ്ശന്‍റെ ഹരിതവിരലുകളില്‍
തൂങ്ങി ഞാന്‍ യാത്രയാവുന്നു.നിലാവു് സമുദ്രത്തിലൂടെ ഊളിയിട്ട് ഞങ്ങള്‍ കാലടിപ്ലാന്‍റേഷന്‍
സ്കൂളിന് താഴെയായുള്ള വെണ്ണക്കല്‍ പാറയില്‍ അപ്പൂപ്പന്‍ താടികളായി
പറന്നിറങ്ങി...അവിടെ ഞങ്ങളെ കാത്തിരുന്നു മുഷിഞ്ഞ സുഹൃത്തുക്കള്‍...
രാമകൃഷ്ണേട്ടന്‍റെ മോഷ്ടിച്ചെടുത്ത ചാരായവും,അമ്മയറിയാതെ സോജന്‍ അടുക്കളയില്‍
നിന്നും പൊക്കിയ മീന്‍ചാറൊഴിച്ച ചോറിന്‍കലവും...ഗംഭീരമായ സ്വീകരണം..
നാടന്‍ വാറ്റിന്‍റെ പ്രാക്തനരുചിഭേദങ്ങള്‍....”എവിടെ ജോണ്‍”.....ചുള്ളിക്കാടിന്‍റെ
പരുക്കന്‍ ശബ്ദത്തിന് ശ്രീനിയുടെ പ്രണയോര്‍ജ്ജം നിറച്ച
മറുഭാഷ്യം...കല്ലാണിരാഗത്തില്‍ ജയപ്രകാശിന്‍റെ
പുല്ലാങ്കുഴല്‍... ചെഗുവേരയുടെ “മോട്ടോര്‍സൈക്കില്‍
ഡയറികളില്‍” വിന്‍സെന്‍ററ് വാന്‍ഘോഗിന്‍റെ ഭ്രാന്തന്‍
പ്രണയങ്ങളെ എഴുതിച്ചേര്‍ക്കണമെന്ന് ഉദയന്‍...നക്ഷത്രോന്‍മുഖമായി വെണ്ണപ്പാറയില്‍ കിടന്ന് തങ്കച്ചന്‍ പറഞ്ഞു “ഈ അപ്പന്‍മാരെയൊന്നും
കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യൊം ഇല്ല എന്തൊരു സുഖാ...”
“നാടന്‍ വാറ്റ് എവിടെയും അങ്ങനെയാണ്...അത് നമ്മെ
നമ്മുടെ വേരുകളിലേക്ക് ഒഴുക്കി വിടും..” എന്ന്
ഫിഗാഫെറ്റോ.....പക്ഷേ ഞാന്‍ വിരക്തമായ ഒരസ്വസ്ഥതയിലായിരുന്നു...ആരുമറിയാതെ
റോഡിലേക്കിറങ്ങി പോസ്റ്റാഫീസ് കവലയിലേക്ക് നടന്നു...പതിവുപോലെ കൂട്ടമായും,ചിതറിയും
നിന്നും,കിടന്നും പശുക്കള്‍.....എന്‍റെ സാന്നിധ്യം അവര്‍ കാര്യമാക്കിയില്ല....അപ്പുച്ചേട്ടന്‍റെ
ചായക്കടയും...രാമകൃഷ്ണപ്പണിക്കരുടെ ലൈബ്രറിയും,അടഞ്ഞു കിടന്നു...വൈകുന്നേരങ്ങളില്‍ ഞങ്ങള്‍
സൊറപറഞ്ഞിരിക്കാറുള്ള സ്റ്റേജ് ശൂന്യം...
സോജന്‍ നട്ട ആല്‍മരവും
നിശ്ചലമായിരുന്നു....എന്നാല്‍ ഞാന്‍ പോലും അറിയാതെ ഞാനെന്താണ് തേടുന്നത്..പെട്ടെന്നായിരുന്നു
ആ ശബ്ദം “നീ തേടുന്ന
ചെമ്പകപ്പൂമണങ്ങള്‍ ഈ കാറ്റിലിനി ഇല്ല...നിന്‍ മനസ്സിലെ നാട്ടിന്‍പുറതുണ്ടുകളും..ചെമ്പകമരങ്ങളും
മുറിച്ച് നീക്കി യൂണിയനാഫീസിന്‍റെ പറമ്പു നിറയെ അവര്‍ റബ്ബര്‍ നട്ടു, എ.പി.യുടെ
പിന്‍ മുറക്കാര്‍.....
എങ്കിലും,വര്‍ഗ്ഗത്തേയും,വര്‍ഗ്ഗസമരത്തേയും
അപ്രസക്തമാക്കുന്ന പുതുകാലത്തില്‍ ഇടതുപക്ഷനൈതികതയുടെ വെടിമരുന്ന് നിറച്ച
ചെമ്പകമണങ്ങള്‍ മനസ്സില്‍ നിറഞ്ഞ നിന്‍റെ തലമുറ പുണ്യം ചെയ്തിരിക്കുന്നു...”എന്‍റെ നെറ്റിയില്‍
ഫിഗാഫെറ്റയുടെ കൈപ്പടത്തിന്‍റെ പച്ചത്തണുപ്പ്...അദ്ദേഹം മാഞ്ഞുപോയിരുന്നു...
പശുക്കള്‍ അയവെട്ടാതെ നിശബ്ദരായി...
ആല്‍മരം ഏല്ലാമറിഞ്ഞിട്ടും,ഒന്നും
അറിയാത്തതുപോലെ, കുഞ്ഞോളങ്ങളായി....
അന്ന് ആഗസ്റ്റ് 30 സഖാവ് എ.പി.യുടെ ചരമദിനം....
Subscribe to:
Posts (Atom)