Saturday, 22 December 2018

"താവോയുടെ പുസ്തകം"-ഹൈക്കു പരമ്പര-അഞ്ച്



"താവോയുടെ പുസ്തകം"-ഹൈക്കു പരമ്പര-അഞ്ച്



കേന്ദ്രത്തില്‍ നിലനില്‍ക്കുക

സ്വര്‍ഗ്ഗത്തിനും ഭൂമിക്കും
പക്ഷഭേദമില്ല.
മനുഷ്യര്‍ക്ക് പക്ഷെ ഒന്നല്ലെങ്കില്‍,
മറ്റൊന്ന് തെരഞ്ഞെടുക്കാം.
വെയില്‍ പെയ്യുകയാണല്ലോ
മഴ ചൊരിയുകയാണല്ലൊ

നിലാവൊഴുകുകയാണല്ലൊ
എന്നിലും പുല്‍ക്കൊടിയിലും,,
പിന്നെ ഇലപ്പടര്‍പ്പിനുള്ളില്‍
ഒളിഞ്ഞിരിക്കുന്ന കുഞ്ഞ് കിളിയിലും.


"താവോയുടെ പുസ്തകം" -ഹൈക്കു പരമ്പര നാല്

"താവോയുടെ പുസ്തകം" -ഹൈക്കു പരമ്പര നാല്



പ്രകൃതം

താവോ ശൂന്യം,ഗുപ്തം.
അതാരുടെ കുഞ്ഞാണെന്ന് അറിയില്ല,,,
കണ്ടാല്‍ ദൈവത്തിന്‍റെ മുന്‍ഗാമിയെപ്പോലുണ്ട്.
വൃക്ഷം ഒരിക്കലും അറിഞ്ഞില്ല
തന്‍റെ തണല്‍ ചുവട്ടില്‍ ഒരുവന്‍
ഇരിപ്പുണ്ടെന്ന്.
അവനും അറിഞ്ഞില്ല
തനിക്ക് മീതെ
ഒരു മഹാസസ്യം 
കുളിര്‍ വിരിച്ച് നില്‍പ്പുണ്ടെന്ന്.

Sunday, 9 December 2018

"താവോയുടെ പുസ്തകം" ഹൈക്കു പരമ്പര-മൂന്ന്






 "താവോയുടെ പുസ്തകം" ഹൈക്കുപരമ്പരയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.


     "താവോയുടെ പുസ്തകം" ഹൈക്കു പരമ്പര-മൂന്ന് 

                                           കര്‍മ്മം


ഉയര്‍ന്നവന്‍ വിശ്രമത്തിലൂടെ പ്രവര്‍ത്തിക്കുന്നു,
പ്രവര്‍ത്തിയിലൂടെ വിശ്രമിക്കുന്നു.
തെങ്ങിന് തടംകോരുന്ന കൃഷിക്കാരന്‍,
തെങ്ങിന് തടംകോരുന്നു.
മീന്‍ വില്‍പ്പനക്കാരി,
മീന്‍ വില്‍ക്കുകമാത്രം ചെയ്യുന്നു.

Saturday, 8 December 2018

താവോ ഹൈക്കു പരമ്പര-രണ്ട്















"താവോയുടെ പുസ്തകം"
ഹൈക്കുപരമ്പരയിലൂടെ
അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു

താവോ ഹൈക്കു പരമ്പര-രണ്ട്

                        സമാധാനം


ഇടത്തെന്തെന്നും,വലത്തെന്തെന്നും അറിയാം.
പക്ഷെ നടുക്ക് ?
പഴുത്തകായ്കളെല്ലാം,
കൊഴിച്ചിടുന്നു ഞാവല്‍ മരം,
ഒന്നുംതന്നെ ബാക്കിവെയ്ക്കാതെ,,,

താവോ ഹൈക്കു പരമ്പര-ഒന്ന്


"താവോയുടെ പുസ്തകം" ഹൈക്കു പരമ്പരയിലൂടെ
അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു


താവോ ഹൈക്കു പരമ്പര-ഒന്ന് 









       ദ്വന്ദം


ഹായ്,മരക്കൊമ്പത്ത്

ഒരു മഴവില്‍വര്‍ണ്ണക്കിളി.

അഴകിനെ അഴകെന്നുരച്ച് അഴുക്കാക്കി.

പറന്ന്പോകുന്നു,

കിളിയതാ,,

Sunday, 25 November 2018

പനി,,,,,,,,,

പനി     

പനിയും ഒരു സ്വതന്ത്ര റിപ്പബ്ളിക്കാണ്,,
അനാദിയും, അനന്തവുമായ ഒന്ന്. 
സരസുടീച്ചറിന്‍റെ ഒന്നാംക്ളാസ്സില്‍ നിന്ന്,
അമ്മയുടെ കൈകളിലേക്ക് ഓടിപ്പോകുമ്പോള്‍,
ഇളം കൂമ്പില തിന്ന് പച്ചയായ ഒരു പുഴു,
ഒരമ്മയുടെ സ്വകീയ സ്നേഹം,
എങ്ങനെ അപനിക്ഷേപം ചെയ്യാമെന്ന് പഠിപ്പിക്കുന്നു.
ഗഗനത്തിന്‍റെ ആഴങ്ങളില്‍ നിന്ന്,കടലിന്‍റെ ഉയര്‍ന്ന ശിഖരങ്ങളിലേക്ക്,
ഒരു പ്രണയിനിയുടെ കൈവിരലില്‍ തൂങ്ങി  യാത്ര പോകും.
സാല്‍വദോര്‍ഡാലിയുടെ മുകളിലേക്ക് വളഞ്ഞ മീശയില്‍ ആടി   
ഉല്ലസിക്കും.
ചുമ്മാതെ,ചുമ്മാതങ്ങനെ ഒഴുകുമ്പോള്‍,,,
ഉറുമ്പ് കുത്തും പോലെ സിറിഞ്ച്കൊണ്ട് തളയ്ക്കാന്‍ 
 വെള്ളക്കുപ്പായക്കാരി  
നൂറ്റിരണ്ട് ഡിഗ്രി പനിയില്‍ ഒരു പുതപ്പിനുള്ളില്‍, 
വിറച്ച്,വിറച്ച് കിടക്കണം, 
അതെ പനിയും ഒരു സ്വതന്ത്ര റിപ്പബ്ളിക്കാണ്,,,,






Friday, 15 June 2018

 ഇരുവീടുകള്‍ക്കിടയില്‍ നട്ട മരങ്ങള്‍...


വീടുകള്‍ക്കിടയിലെ അതിരില്‍,
മതിലുവേണ്ട മരങ്ങള്‍ നടാമെന്ന് പറഞ്ഞത് അയല്‍ക്കാരനായ,
പോത്ത്നോട്ടക്കാരനാണ്.
അങ്ങനെ ഞങ്ങള്‍ക്കിടയില്‍,
മൂവാണ്ടന്‍മാവും,കിളിഞാവലും,ചാമ്പമരവും ഉണ്ടായി.
ഒരിക്കല്‍,എന്‍റെ കുളിമുറിയുടെ കിളിവാതിലിലൂടെ,
കായ്ച്ച് കിടന്ന ചെമ്പന്‍ ചാമ്പക്കായ്കള്‍ക്കിടയിലൂടെ,
അല്‍ഷിമേഴ്സ് ബാധിച്ച അമ്മയോട് അയാള്‍ പറയുന്നു,
കുളിപ്പിച്ച് സുന്ദരിയാക്കിട്ടോ,,,ഇനി ഇതങ്ങ് കഴിച്ചേ,എന്നിട്ട് വേണം
എനിക്ക് പോയി പോത്ത്കള്‍ക്ക് വെള്ളം കൊടുത്ത് വേഗം വരാന്‍…”
അങ്ങനെയാണ് ഷുന്‍റു സുസുകിയുടെ,
 സെന്‍ മൈന്‍ഡ്,ബിഗിനേഴ്സ്മൈന്‍ഡ്-ന്‍
തുടര്‍ വായന നിലച്ച് പോകുന്നത്,,,