ബ്ലാക്ക്ബോര്‍ഡില്‍ വിരിഞ്ഞ
കാക്കപ്പൂവുകള്‍
പോസ്റ്റാഫീസ് ജംഗ്ഷനടുത്ത് ഒന്‍പതാം ബ്ളോക്കില്‍ സ്ഥ്തിചെയ്തിരുന്ന, വിന്നേഴ്സ് കോളേജ്,കാലടിപ്ളാന്‍റേഷനെ
സംബന്ധിച്ച് വെറുമൊരു പാരലല്‍കോളേജായിരുന്നില്ല.ഒരു സര്‍വ്വകലാശാലയായിരുന്നു...ഇന്നും,എപ്പോഴും,പച്ചപ്പുല്‍മേടുകളില്‍
പോക്കുവെയില്‍ വീണ ഒരു ടിബറ്റന്‍ കാഴ്ചയായി,ആത്മാവില്‍ വീണ വിശദചന്ദ്രികയിലെ
നീഹാരികങ്ങളായി ഓര്‍മ്മകളുടെ ഖനനങ്ങളില്‍ അവിടുത്തെ ജീവിതം എന്നെ
വിമോഹിപ്പിക്കുന്നു....പാരസ്പര്യാധ്യയനത്തിന്‍റെ മികച്ച ദൃഷ്ടാന്തമായിരുന്നു
വിന്നേഴ്സിലേത്...പ്രതിഭയുള്ള അധ്യാപക-വിദ്യാര്‍ത്ഥി സംഗമത്തില്‍ രൂപംകൊണ്ട ബോധനരീതി...അതുകൊണ്ട്തന്നെ
ലോകംമുഴുവനുമുണ്ട്, ആ നന്മ നനവുമായി അവിടുത്തെ കുട്ടികള്‍.....വളരെ യാദൃശ്ചികമായി
അവിടെ അധ്യാപകനായി എത്തപ്പെട്ട എന്‍റെ ജീവിതത്തിലെ വലിയ സ്വാധീനമാണ് അവിടെ
ചിലവഴിച്ച കാലം..സഹ-അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും വലിയ സുഹൃദ് ശൃംഗലയാണ്
അവിടുന്ന് കിട്ടിയ വലിയ സ്വത്ത്....സംഗമകലുന്ന, അക്കാലത്തെ ചില സെന്‍ അനുഭവങ്ങള്‍ എന്‍റെ
കാഴ്ചപ്പാടുകളെ വല്ലാതെ മാറ്റിത്തീര്‍ത്തിട്ടുണ്ട്.. കാണുക...ഏറ്റവും,നൈസര്‍ഗ്ഗികമായ ജീവിതം,മനുഷ്യാര്‍ ജ്ജിതമായ അറിവുകളുടെ തിരസ്കരണം കൂടിയാണ്.. ഓര്‍മ്മകളുടെ ഒരു
പ്രഭാതത്തില്‍ ഞാന്‍ ചൂരലുമായി ആറാംക്ലാസ്സിലേയ്ക്ക് യാത്രചെയ്യുകയാണ്....
ക്ലാസ്സിലെത്തിയ ഞാന്‍കണ്ടത് ബ്ലാക്ക്ബോര്‍ഡിനടിയില്‍ നിരനിരയായി നിറയെ
കുത്തിനിറുത്തിയിരിക്കുന്ന കാക്കപ്പൂക്കളാണ്...”ആരാണിത് ചെയ്തത്...??”മറുപടിയായി ഉടന്‍ എഴുന്നേറ്റ് നിന്നത് ക്ലാസ്സിലെ ഏറ്റവും
പഠിക്കാത്തവന്‍ എന്ന് ഏവരും ഉപേക്ഷിച്ചവന്‍...നാട്ടുനടപ്പ് സൌന്ദര്യബോധത്തെ രസിപ്പിക്കാത്ത മൃഗമുഖന്‍ ... ഭയപ്പാടോടെ നിന്ന,അവന്‍റെ കണ്ണുകളിലെ ആദിമമായ ആഴങ്ങളിലൂടെ,പൊടുന്നനെയുള്ള സൂക്ഷ്മശരീരത്തിന്‍റെ
പ്രകാശനം......വാക്കും,നോക്കും,ചിത്രങ്ങളും,ഇല്ലാത്ത മനന സംവേദനം... എന്‍റെ ചൂരല്‍ ഡംഭം അറിയാതെ താഴുന്നു...അപ്പുക്കിളിയുടെ “ഠ” കാരങ്ങള്‍പ്പോലെ ,ശുദ്ധം,ശൂന്യം,
നിര്‍ഗ്ഗുണംബ്ളാക്ക്ബോര്‍ഢില്‍
നിറഞ്ഞ് ആ കാക്കപ്പൂവുകള്‍ വീണ്ടുമെന്‍റെ ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു...
ഒരു നിമിഷം അവന്‍,ഒരു കാട്ടുപൂവിന്‍റെ ഗന്ധമില്ലാ സുഗന്ധങ്ങളില്‍ ധ്യാനാത്മകനായ
ബുദ്ധനായി..ഞാനോ അധികാരത്തിന്‍റെ വ്യര്‍ത്ഥതയറിഞ്ഞ പ്രസേന്നജിത്ത്....ആരാണ് ഗുരു...ഇന്നും സ്നേഹ്നാന്ധഹൃദയം
അവന്‍ എന്നോട് മൃദുവായി പറയുന്നുണ്ട് “ഗുരോ, എന്താണ് പഠിപ്പ്...നേടിയ എല്ലാ പഠിപ്പും ചോര്‍ത്തിയൊഴുക്കി കളയലല്ലേയത്...നോക്കൂ നിറയെ പൂത്തും,കായ്ക്കുഞ്ഞുങ്ങളെ വിരിയിച്ചും, മുറ്റത്ത് ഒരു
പനസവൃക്ഷം.....”