കാലവര്‍ഷത്തില്‍ പെയ്ത ഖസാക്ക്
കാലവര്‍ഷം........ആനമലയില്‍ നിന്നും മുകില്‍കുഞ്ഞൂങ്ങളെ
ഗര്‍ഭം ധരിച്ച ആകാശം,കിളിക്കാട് മലകളില്‍ തട്ടി വര്‍ഷണം ചെയ്തു.കാറ്റിന്‍റെ
വഴികളിലെ റബര്‍മരങ്ങള്‍ ഒടിഞ്ഞ് കൂടും.ഗതാഗതം നിലയ്ക്കും....വൈദ്യൂതി
ഇല്ലാതാകും...പൊട്ടിവീണ് ചതഞ്ഞ പച്ചറബര്‍ക്കായ്കളുടെ മണമായിരിക്കും എങ്ങും....രാപ്പകലുകള്‍ക്കിടയിലെ
സൂക്ഷ്മസ്ഥലങ്ങളിലെവിടെയോ,പ്രകൃതിയുമായി സംവദിക്കാനൊരിടമുണ്ടെന്ന് മനസ്സ്
വിങ്ങുന്നത് അത്തരം കാലവര്‍ഷ വേളകളിലായിരുന്നു...എന്തുകൊണ്ടോ ആ
സംവാദത്തിലേക്കെത്താനുള്ള വഴിതെളിയാതെ പറയാനാവാത്ത ഒരലച്ചിലായിരുന്നു കൌമാരത്തിന്‍റെ
അവസാന നാളുകള്‍....പോസ്റ്റാഫീസ് ജംഗ്ഷനിലെ
വായനശാല,കോട്ടയംപുഷ്പനാഥ്,അഗതാക്രിസ്റ്റി,വായന പക്ഷേ വാക്കുകള്‍ക്കപ്പുറം
പൂക്കുന്ന മഹാരണ്യകമാകാതെ മണ്ടി മണ്ടി നിന്നു...മഴ കനത്ത് പെയ്ത,റബര്‍ മരങ്ങള്‍
ഒടിഞ്ഞ് തൂങ്ങിയ, കാറ്റില്‍ പച്ച റബര്‍ക്കാ മണങ്ങള്‍ നിറഞ്ഞ,കിളിക്കാട്കുന്നിന്‍
മുകളില്‍ ഇന്ദ്രായുധം കണ്ട, ഒരു
സന്ധ്യയില്‍,ലൈബ്രറിയുടെ ഓഫീസ് മുറിയില്‍ വെച്ച്,എന്‍റെ കൈയില്‍ നിന്നും
കോട്ടയംപുഷ്പനാഥിനെ എടുത്ത്, ഖസാക്കിനെ വെച്ചത് ബാബുച്ചേട്ടനാണ്...ഇന്ന് ഞാന്‍
തിരിച്ചറിയുന്നു..എന്നെ മാറ്റിപ്പണിത ആ ഗുരുകൃപ... എന്‍റേതുമാത്രമായ ഒരു കഠോപനിഷത്ത് അന്തി വേള...
ബാബുച്ചേട്ടന്‍ പോലീസ് വകുപ്പില്‍നിന്നും ഈയിടെയാണ്
വിരമിച്ചത്.ഡോസ്റ്റോയ്വ്സ്കിയെന്നും,ഓ.വി.വിജയനെന്നും,സത്യജിത്റേയെന്നും,വാന്‍ഗോഗെന്നും
ഒക്കെ ഞാനാദ്യമായിക്കേട്ടത് അദ്ദേഹത്തില്‍
നിന്നുമാണ്.കൊണ്ടല്‍ക്കനം തൂങ്ങിയ ആ സന്ധ്യയില്‍ “ഖസാക്ക്”, ഒരു മേഘസ്ഫോടനമായി എന്നില്‍ ഉരുകി നിറഞ്ഞു...വാക്കുകള്‍ക്കും,ചിത്രങ്ങള്‍ക്കുമപ്പുറം
അറിഞ്ഞതിനേയും,അറിയാനുള്ളതിനേയും റദ്ദാക്കുന്ന തുടക്കവും ഒടുക്കവും ഇല്ലാത്ത
കലയുടെ മഹാശൂന്യതയിലേക്ക്
അതെന്നെ തിരികെ നടത്തി...വൈദ്യുതി നിലച്ച എന്‍റെ
നാടിന്‍റേതുമാത്രമായ സന്ധ്യകളില്‍,മണ്ണെണ്ണ വിളക്കിന്‍റെ
പ്രാചീനവെട്ടത്തിലാണ്,റസ്കല്‍ നിക്കഫിന്‍റെ പാപബോധം എന്നെയും വേട്ടയാടിയത്...,കസന്‍ദ്സാക്കീസിന്‍റെ
ക്രിസ്തു കരുണയായ് എന്നില്‍ കുത്തിയൊഴുകിയത്...മയോവ്സ്ക്കിയുടെ പ്രണയങ്ങള്‍ എന്‍റെ
പെണ്‍ബോധങ്ങളില്‍ കൈതപ്പൂമണങ്ങള്‍ നിറച്ചത്....കാഫ്കയുടെ അസ്ഥിത്വ നൊമ്പരങ്ങളില്‍
ചെഗുവേര സാന്ത്വനമായത്...ആ ഓര്‍മ്മകളുടെ ഇങ്ങേത്തലയ്ക്കല്‍ ഞാനിന്ന് ബാബുച്ചേട്ടന്
നേരെ കൈകള്‍ നീട്ടുന്നു...തലപ്പൂചൂടിയ നാഗത്താന്‍റെ പടമുള്ള കീറിയ
പുറംചട്ടയോടുകൂടിയ,മുഷിഞ്ഞപേജുകളുമായി അവിടെത്തന്നെ കാണുമോ “ഖസാക്കിന്‍റെ ഇതിഹാസം”…
അറിയില്ല...സര്‍പ്പദംശനത്തിന്‍റെ വിശുദ്ധിയില്‍,രവി
കുഞ്ഞുണ്ണിയായും...സിദ്ധാര്‍ത്ഥനായും...പിന്നെ ആല്‍മരമായും പരിണമിച്ചു..എന്‍റെ
പ്രിയപ്പെട്ട എഴുത്തുകാരന്‍ ഞാന്‍ 1991-ല്‍ എഴുതിയ കത്തിന് ഒരല്‍പ്പം വൈകി
പോസ്റ്റ്കാര്‍ഡില്‍ മറുപടി തന്ന് എന്നോട് പ്രിയം കാട്ടി...ഞാനത് ഹൃദയത്തില്‍
ചാലിച്ച് വെച്ചിട്ടുണ്ട്...
“പ്രിയപ്പെട്ട പ്രസാദ്,വൈകിയെത്തുന്ന ഈ മറുപടിയ്ക്ക് മാപ്പു
തരിക.താങ്കള്‍ എന്‍റെ ദര്‍ശന രേഖയെ മനസ്സിലാക്കിയത്
എന്നെ കൃതാര്‍ത്ഥനാക്കുന്നു.സ്നേഹത്തിന് നന്ദി” സ്വന്തം വിജയന്‍