പുളിയുറുമ്പുകളുടെ സാത്വിക പാഠം
ശിക്ഷയെ
ശിക്ഷണമാക്കുന്നതിന് മഹാനായ ഒരധ്യാപകന് മാത്രമേ കഴിയൂ.
ഓര്‍മ്മയുടെ കണ്ണുനീരില്‍ മഴവില്ല് തെളിയുന്ന,അനുഭവം........റബ്ബര്‍ മരങ്ങളുടെ
ഇടയില്‍ ജനിച്ചു വളര്‍ന്ന ഞങ്ങള്‍ പ്ലാന്‍റേഷന്‍കുട്ടികള്‍ക്ക്,നഷ്ടപ്പെട്ട ഋതുവര്‍ണ്ണങ്ങളെ
എങ്ങനെയാണ് ബോധിപ്പിക്കാനാവുക....വാക്കുകള്‍ അപര്യാപ്തമാകുന്നു......അനാദിയായ കാലം
വസന്തത്തില്‍ ചേമന്തിപ്പൂവും, ഗ്രീഷ്മത്തില്‍ വാകപ്പൂവും, വര്‍ഷത്തില്‍ കടമ്പിന്‍പൂവും,ശരത്കാലത്ത്
താമരപ്പൂവും,ഹേമന്തത്തില്‍ മുല്ലപ്പൂവും,ശിശിരത്തില്‍ പാച്ചോറ്റിപ്പൂവും...വിരിയിച്ചുകൊണ്ടിരുന്നു...എന്നാല്‍
റബ്ബറിന്‍റെ ഏകത്വഭാവം,ഈ ഷഡ്കാലവ്യതിയാനങ്ങളെ അടയാളപ്പെടുത്തിയതേ ഇല്ല...പക്ഷേ
ഞങ്ങളുടെ അകതാരിലെ,കാലവ്യതിയാനത്തിന്‍റെ വിളികളെ ആര്‍ക്കും മനസ്സിലായില്ല...
സ്കൂള്‍ അവധികളുടെ ഇടവേളകളില്‍ ഞങ്ങള്‍,അടുത്തുള്ള റിസര്‍വ്വ്
വനങ്ങളിലേക്ക്കാട്ടുപഴരുചികള്‍ തേടി പലായനം ചെയ്തു. നാട്ടിന്‍പുറത്തിന്‍റെ
തുണ്ടുകളായ, യൂണിയനാഫീസ്ന്‍റേയും,അധ്യാപകരുടെ സ്കൂളിനോട് ചേര്‍ന്ന ക്വാര്‍ട്ടേഷ്സിന്‍റെ
കൃഷിയിടങ്ങളേയും, പടയോട്ടസമാനമായി ആക്രമിച്ചു....പരാതികളില്‍ മനം മടുത്ത്,ഞങ്ങളുടെ
ഭാവിയില് ഉല്‍ക്കണ്ടപൂണ്ട നിഷ്കളങ്കരായ മാതാ-പിതാക്കള്‍ ബല്‍റ്റും,തിരണ്ടിവാലും,ചൂരലും
മറ്റുമായി ഇത്തരം കുറുമ്പുകളെ നേരിട്ടു പോന്നു.....എന്നാല്‍ ഒരു ശിക്ഷയും
ശിക്ഷണമായതേ ഇല്ല....കൃഷ്ണന്‍മാഷിന്‍റെ ക്വാര്‍ട്ടേഷ്സിന് പുറകിലായി പടര്‍ന്ന്
പന്തലിച്ച
ഒരു കശുമാവ് നിന്നിരുന്നു.തേന്‍രുചിയുമായി നല്ല നീളന്‍ കശുമാങ്ങപ്പഴങ്ങള്‍
വലിയകശുവണ്ടികളുമായി നിറഞ്ഞ് കിടക്കും.....അത് പൊട്ടിച്ചെടുക്കുക അതിസാഹസമാണ്.
മാഷിന്‍റെ കണ്ണ് വെട്ടിക്കുക ദുഷ്ക്കരം.മാത്രമല്ല കശുമാവിന്‍റെ ഇലകളെ
ചുരുട്ടിയെടുത്ത്
സുന്ദരങ്ങളായ കൂടുകള്‍ നിര്‍മ്മിച്ച് പുളിയുറുമ്പുകളുടെ ഒരാവാസ സംസ്കൃതി....
ഒരിക്കല്‍ ഏറെ ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാഷ് ഒഴിഞ്ഞൂ നിന്ന,ഏതാനും
മിനിറ്റുകള്‍...ഞാനും,സോജനും,സണ്ണിയും,പിന്നെ ഏത് മരവും കയറുന്ന വിദഗ്ദന്‍
രാജുവും..
പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉറുമ്പുകളെ കണ്ട് രാജു പിന്‍മാറുന്നു...കശുമാമ്പഴത്തിന്‍റെ,
കശുവണ്ടി ചുട്ടതിന്‍റെ, രുചിയോര്‍ത്ത്,തോറ്റ് മാറാന്‍ തോന്നാതെ,ഞാന്‍ മരത്തില്‍
വലിഞ്ഞ് കയറി,മാവ് കുലുക്കിയതും,പഴങ്ങളും അതിലേറെ പുളിയുറുമ്പുകളും പൊഴിഞ്ഞ് ചാടി.
കടികൊണ്ട് പുളഞ്ഞ് ഒരുവിധം താഴെയിറങ്ങിയ എന്‍റെ ദേഹത്ത് നിന്ന് വളരെ
പണിപ്പെട്ട്, കടിച്ചുതൂങ്ങുന്ന ഉറുമ്പിന്‍ കൂട്ടങ്ങളെ കൂട്ടുകാര്‍ നീക്കം ചെയ്തു.
കൈയില്‍ കരുതിയിരുന്ന ചാക്കിലേക്ക് വേഗത്തില്‍ കശുമാമ്പഴങ്ങള്‍
നിറച്ചുകൊണ്ടിരുന്നപ്പോഴാണ് പുറകിലാരൊ,ഒരു കാല്‍ ശബ്ദം,നിര്‍വികാരമായ മുഖഭാവത്തില്‍,ഇത്
ഞാന്‍ പണ്ടേ പ്രതീക്ഷിച്ചതാണ് എന്ന മട്ടില്‍.....കൃഷ്ണന്‍ മാഷ്...”നന്നായി,വളരെ നന്നായി
ഇതെങ്ങനെ പറിച്ചെടുക്കുമെന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു.എന്തായാലും
ആ പറിച്ചതെല്ലാം എടുത്ത് എന്‍റെ ഇറയത്തേയ്ക്ക് വെച്ചോളു ..എന്നിട്ട് സ്ഥലം
വിട്ടോ...” അവസാനം വരെ ഒരു
പിന്‍വിളി പ്രതീക്ഷിച്ചു..ഉണ്ടായില്ല....പിറ്റേന്ന് കൃഷ്ണന്‍ മാഷിന്‍റെ ക്ലാസ്സില്‍
തലകുമ്പിട്ടാണ് ഇരുന്നത്.ക്ലാസ്സില്‍ പരസ്യമായി പറഞ്ഞ് നാണേക്കടാവുമെന്ന്
ഭയന്ന്.എന്നാല്‍ മാഷ് പതിവുപോലെ നിര്‍മമനായിരുന്നു...അന്ന് വൈകുന്നേരം സ്കൂള്‍
വിട്ട് ചെല്ലുമ്പോള്‍,ദൂരെ നിന്നുതന്നെ കശുവണ്ടി ചുടുന്ന മണം...ഇടമുറ്റത്ത് നിന്ന്
അമ്മൂമ്മയാണ് കശുവണ്ടി ചുട്ടിരുന്നത്. “അമ്മൂമ്മെ,ഇതെവിടെ നിന്ന് കിട്ടി,” എന്ന് ഞാന്‍, “അതിന്നലെ കൃഷ്ണന്‍ മാഷ്
അച്ചനാവഴി വന്നപ്പൊ കൊടുത്തതാ,ആ പുളിയുറുമ്പുള്ള മാവുമ്മേന്ന്,മാഷ് ആരാണ്ടെയൊ
കേറ്റി പറപ്പിച്ചതാ” ഇക്കഥ ഞാനിന്നും ഓര്‍ക്കുന്നത് വലിയ
ആ അധ്യാപകനെ കാണുമ്പോഴല്ല. പുളിയുറുമ്പുകളെ കാണുമ്പോഴാണ്.....