Sunday, 12 April 2015

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍(പ്ലാന്‍റേഷന്‍ ഓര്‍മ്മ-12)


 ഇട്ടിസാറും,ചാക്കോളവല്യപ്പനും..

..


ഉയര്‍ന്ന മാനവികതയുടെ ചില മികച്ച അടയാളങ്ങള്‍,സ്വാഭാവികമായി
പ്രകടമായിരുന്നു കാലടിപ്ലാന്‍റേഷന്‍ സമൂഹത്തില്‍.ഒന്നും നഷ്ടമാകാനില്ലാത്തവര്‍ മാത്രം, ഒത്ത് ചേര്‍ന്നുണ്ടായ ഒരു സമൂഹം,കേരളത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി സാമൂഹ്യവും,സാമ്പത്തികവുമായി ബഹിഷ്കൃതരായവര്‍,ഒറ്റയ്ക്ക് നിന്നാല്‍ പരാജയം ഉറപ്പായ ഭൂമിശാസ്ത്ര പരിമിതികള്‍, കൂടെ ഇടതുരാഷ്ട്രീയവും,ideal
എന്ന് നിസംശയം പറയാവുന്ന സ.എ.പി.കുരിയനെപ്പോലുള്ള നേതാക്കളും........
കനത്ത അടിത്തറയില്‍ ഉണ്ടായി വന്ന ഒരു സെക്കുലര്‍ സമൂഹം...അടുത്തകാലം വരെ അതവിടെ നിലനില്‍ക്കുകയും ചെയ്തിരുന്നു...
ഇടക്കാലത്ത് പള്ളികളും,അമ്പലങ്ങളും ഉണ്ടായി വന്നെങ്കിലും ഉല്‍സവങ്ങളും,പെരുന്നാളുകളും,എല്ലാവരും ചേര്‍ന്ന് നടത്തിപ്പോന്നു...നാട്ടിന്‍പുറത്ത് താമസം തുടങ്ങിയപ്പോഴാണ് ഞാനാ നാടിന്‍റെ മേന്‍മയറിയുന്നത്...ഇവിടെ ഞാന്‍പോലുമറിയാതെ മതപരവും,ജാതീയവുമായ ഐഡന്‍റിറ്റി എനിയ്ക്ക് ചാര്‍ത്തിത്തന്ന് പിരിവിന് വന്നവരോട് ഞാന്‍ ഹിന്ദുവാണെന്ന് നിങ്ങളോട് ആര് പറഞ്ഞു ?” എന്ന് ചോദിക്കാന്‍ ചങ്കുറപ്പ് തന്നതും,ആ പ്ലാന്‍റേഷന്‍ ജീനുകളാണ്....
ഏതോരു രാഷ്ട്രീയദര്‍ശനവും,അധികാരത്തിന്‍റെ ഭാഗമാകുമ്പോള്‍,ദുഷിച്ച് ഹിംസാത്മകമാകുന്നതിന് ചരിത്രം സാക്ഷിയാണ്.സ.എ.പി.യുടെ പാര്‍ട്ടിയും അതിന്
ഭിന്നമല്ല...ഇനി ഒരു വ്യക്തിയുടെ നന്മയെ അത്ര തന്നെ അരാഷ്ട്രീയമെന്ന് വിളിക്കാമൊ...ഇല്ല എന്നാണ് എന്‍റെ പക്ഷം...കമ്യൂണിസ്റ്റല്ലാത്ത ഇട്ടിസാറിന്‍റെ നന്‍മയെ,കമ്യൂണിസ്റ്റായ ചാക്കോള വല്യപ്പന്‍റെ നിസ്വ-സ്വപ്നങ്ങളെ, കേട്ടും,നിരീക്ഷിച്ചും വളര്‍ന്നതു കൂടിയാണ്...എന്‍ തലമുറയുടെ കരുത്ത്...
കോട്ടയംകാരനായ ഇട്ടിസാര്‍,പുരാണിക് എന്‍സൈക്ക്ലോപീഡിയ എഴുതിയ വെട്ടം മാണിയുടെ സഹോദരനായിരുന്നു...അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടേയുള്ളു.കണ്ടിട്ടില്ല..
1966-ലെ പട്ടിണി സമരകാലം...ഇപ്പോള്‍ പോസ്റ്റാഫീസ് കവലയില്‍ കാണുന്ന റേഷന്‍കട അന്ന് 10-ാം ബ്ള്ലോക്കിലായിരുന്നു.നടത്തിപ്പ്കാരന്‍ ഇട്ടി സാറും. പട്ടിണി സമരകാലത്ത്,കൊടും ദാരിദ്യത്തിലായ തൊഴിലാളികളെ സൌജന്യറേഷന്‍ നല്‍കി സഹായിച്ച വലിയ നന്‍മയായിരുന്നു അദ്ദേഹം...മാര്‍ക്സിയന്‍ഡയലറ്റിക്സ് പഠിച്ച ചാക്കോള വല്യപ്പന്‍ സമൂഹത്തില്‍നിന്ന് സ്വയം തിരസ്കൃതനായി പോസ്റ്റാഫീസ് കവലയിലെ വായനശാലയുടെ തിണ്ണയില്‍ ഉറങ്ങുകയും, വാറ്റിന്‍റെ ലഹരിയില്‍ കവലയിലെ,ചെങ്കൊടി പാറുന്ന കൊടിമരത്തില്‍ പിടിച്ച് നിന്ന് വിലപിക്കുകയും ചെയ്തു...ഏ.കെ.ജീ...എന്‍റെ ഏ.കെ.ജീ.. ഞാന്‍ കോണ്‍ഗ്രസാവൂല്ല...പശുഎറച്ചി കൂട്ടൂല്ലാ... ഏ.കെ.ജീ...എന്‍റെ ഏ.കെ.ജീ..ഇത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്...അതെ മറ്റുള്ളവരുടെ കണ്ണുനീര്‍ നമ്മുടെ ആത്മാവില്‍ നിന്നും പ്രവഹിക്കുന്നതാണ് ശരിയായ രാഷ്ട്രീയ മാനവികത....കേള്‍വിയും,കാഴ്ചയും ഗുരുക്കന്‍മാരായ കൌമാരവും,യൌവ്വനവും...